നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ലീഗ് നേതൃത്വത്തില്‍ അഴിച്ചുപണിയാവശ്യപ്പെട്ട് ആരംഭിച്ച വിമര്‍ശനങ്ങള്‍ തുടരുന്നു. ഉന്നതാധികാര സമിതിയംഗങ്ങള്‍ പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വീതിച്ചെടുക്കുന്നത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അണികളും നേതാക്കളും രംഗത്തെത്തി. ജനപ്രതിനിധികളെ ഒഴിവാക്കി മുസ്ലീം ലീഗ് ഉന്നതാധികാര സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരെ നോക്കുകുത്തികളാക്കുന്ന സംവിധാനമാണ് ഇപ്പോള്‍ ഉള്ളതെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
മുസ്ലിം ലീഗ് ഉന്നതധികാരസമിതി ജനാധിപത്യപരമായി പുനസംഘടിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കെഎംസിസി നേതാവ് സമദ് നരിപ്പറ്റ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കത്തെഴുതി. അല്ലെങ്കില്‍ പാര്‍ട്ടി ഭരണഘടനയില്‍ പോലും ഇല്ലാത്ത ഹൈ പവര്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. സി എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെയുള്ള നേതാക്കളുടെ കാലത്ത് ഇല്ലാതിരുന്ന സമിതിയുടെ യഥാര്‍ത്ഥ പ്രസക്തിയെന്താണെന്നും ലീഗ് നേതാവ് ചോദിച്ചു.

1991ലെ കരുണാകരന് മന്ത്രിസഭയില്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി ആയതോട് കൂടി തുടങ്ങിയ മുസ്ലിം ലീഗിന്റെ കുഞ്ഞാലിക്കുട്ടി യുഗം ഇപ്പോള്‍ 2021ല്‍ മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ 15 വര്‍ഷം മന്ത്രിസഭയിലെ രണ്ടാം കക്ഷി ആയി മുസ്ലീം ലീഗ് ഭരണത്തില്‍ ഉണ്ടായിരുന്നു. വ്യവസായം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 15 വര്‍ഷങ്ങള്‍ വ്യവസായം ഉള്‍പ്പെടെ കൈകാര്യം ചെയ്ത ലീഗ് എന്തൊക്കെ പ്രൊജക്ടുകള്‍ കൊണ്ട് വന്നു? വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളില്‍ എന്തൊക്കെ സേവനങ്ങള്‍ ചെയ്തു. ആരോഗ്യ രംഗത്ത് മലബാറില്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയെങ്കിലും ചെയ്തോ? കഴിഞ്ഞ വര്‍ഷം മലപ്പുറത്തു എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് സീറ്റുകള്‍ക്കായി സമരം ചെയ്യേണ്ട അവസ്ഥ എന്ത് കൊണ്ട് വന്നു എന്നും കത്തില്‍ ചോദിക്കുന്നു.
മുസ്ലീം ലീഗിന്റെ അടിസ്ഥാന ജനവിഭാഗം ആയ ചുമട്ടുതൊഴിലാളികള്‍, തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍, ഇടത്തരം കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ എന്നീ ജനവിഭാഗത്തില്‍ പെട്ടവരെ ഒരു നിലക്കും പരിഗണിക്കാന്‍ ഈ കാലയളവില്‍ സാധിച്ചില്ല.
സമദ് നരിപ്പറ്റ
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളില്‍ രാജ്യസഭയില്‍ ഉണ്ടായിരുന്ന ലീഗ് എംപിമാര്‍ എന്തെല്ലാം ഇടപെടലുകള്‍ നടത്തി? എത്ര ബില്ലുകള്‍ അവതരിപ്പിച്ചു? എത്ര സമുദായ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിയെന്ന് പരിശോധിക്കണം. ലീഗിന്റെ സ്ഥാനാര്‍ഥി ലിസ്റ്റ് വന്നപ്പോള്‍ കഴിഞ്ഞ 6 വര്‍ഷത്തില്‍ ഒരു ബില്ല് പോലുംഅവതരിപ്പിക്കുകയോ പകുതി ഹാജര്‍ പോലും ഇല്ലാത്ത വ്യക്തിയുമായ വഹാബ് പാര്‍ലിമെന്റിലേക്ക് വീണ്ടും പോയി. ഒരു ഉന്നതാധികാരസമിതിയംഗം രാജ്യസഭയും, മറ്റൊരു അംഗം ലോക്സഭയും ശേഷിക്കുന്ന സമിതിയംഗങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ നിയമസഭയും വീതിച്ചെടുത്തു. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മുന്നോട്ട് വെച്ച രാഷ്ട്രീയ നിലപാടുപമായി ഇനിയും മുന്നോട്ട് പോകുക പ്രയാസകരമാണെന്നും പൂര്‍ണ ജനാധിപത്യം പാര്‍ട്ടിയില്‍ അനിവാര്യമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.