മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിട്ടും ലീഗ് വലിയ ക്ഷതം സംഭവിച്ചെന്ന തരത്തില്‍ അതിശയോക്തിപരമായ പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ ശേഷം വിളിച്ചുചേര്‍ത്താ വാര്‍ത്താ സമ്മേളനത്തിലാണ് ലീഗ് നേതാക്കളുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി ഇടതുമുന്നണി അധികാരത്തിലേറിയതുള്പ്പെടെയുളള രാഷ്ട്രീയ സാഹചര്യം ലീഗ് ഉന്നതാധികാര സമിതി അതിന്റെ ഗൗരവത്തോടെ വിലയിരുത്തിയെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കൂട്ടായ്മയോടുകൂടി ആത്മപരിശോധന നടത്തി യുഡിഎഫ് ശക്തമായി മുന്നോട്ടുപോകും. ഇടതുതരംഗത്തിനിടയിലും മുസ്ലീം ലീഗ് ചിട്ടയോടുകൂടി ശക്തമായി പിടിച്ചുനിന്നത് ഏറെ അഭിമാനകരമാണ്.
ഹൈദരലി ശിഹാബ് തങ്ങള്‍
പാര്‍ട്ടിക്ക് ക്ഷീണമേല്‍ക്കാതെ മെച്ചപ്പെട്ട വിജയം പ്രദാനം ചെയ്ത പ്രവര്‍ത്തകരേയും എല്ലാ ജനാധിപത്യ വിശ്വാസികളേയും അഭിവാദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്തും സംഘടനാ സംവിധാനം ഭദ്രമാക്കിയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയും മുന്നോട്ടുപോകുമെന്നും തങ്ങള്‍ പ്രതികരിച്ചു.
വലിയ തോതിലുള്ള തിരിച്ചടി യുഡിഎഫിനുണ്ടായപ്പോഴും മുസ്ലീം ലീഗ് ഏറെക്കുറെ സംതൃപ്തമായ സാഹചര്യമുണ്ടാക്കിയെന്ന് ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ലീഗിന്റെ കോട്ടകള്‍ ഭദ്രമായി നിലനിര്‍ത്തി. തെരഞ്ഞെടുപ്പിലെ ഓരോ പാര്‍ട്ടിയുടേയും ജയപരാജയങ്ങള്‍ മാധ്യമങ്ങളും ജനങ്ങളും സോഷ്യല്‍ മീഡിയയില്‍ അതിനേപ്പറ്റിയുള്ള സ്ക്രീനിങ്ങ് നടക്കുന്നുണ്ട്. മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനത്തേക്കുറിച്ചുള്ള വസ്തുതകള്‍ കൃത്യമായി കാണാതെ, അതിശയോക്തിപരമായ ചില പരാമര്‍ശങ്ങള്‍ നടക്കുന്നു. ഞങ്ങള്‍ക്ക് അതിലൊന്നും പരാതിയില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. നേതൃത്വം നയപരിപാടികളില്‍ തിരുത്തല്‍ വരുത്തണമെന്നാവശ്യപ്പെട്ട് ലീഗ് പ്രവര്‍ത്തകരും ഒരു വിഭാഗം നേതാക്കളും സൈബര്‍ ക്യാംപെയ്ന് നടത്തുന്നതിനിടെയാണ് മുതിര്‍ന്ന നേതാവിന്റെ പ്രതികരണം.
ഞങ്ങളൊരു ജനാധിപത്യ പ്രസ്ഥാനമാണ്. ഞങ്ങള്‍ക്കെതിരായി വിമര്‍ശനം വരുന്നതിനെ ഞങ്ങള്‍ ആക്ഷേപിക്കുന്നില്ല. അത് അവരുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. പക്ഷെ, സത്യസന്ധമായി വിലയിരുത്തുകയാണെങ്കില്‍ മുസ്ലീം ലീഗ് വളരെ മികവാര്‍ന്ന ഒരു പ്രകടനം കാഴ്ച്ച വെച്ചു എന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. മുസ്ലീം ലീഗ് ഈ പ്രതിസന്ധിയിലും കോട്ടകള്‍ കാത്തു സൂക്ഷിച്ച് ഭദ്രമായ പാര്‍ട്ടിയെന്ന് ഞങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് അഭിമാനപുരസരം പങ്കുവെയ്ക്കുന്നു.
ഇ ടി മുഹമ്മദ് ബഷീര്‍
സംസാരിക്കുന്ന ഒരുപാട് കണക്കുകളുണ്ട്. ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ ഏറ്റവും മോശമായ പ്രകടനം ഇവിടെയുണ്ടായി. അക്കൗണ്ട് തുറന്നു എന്ന് അഭിമാനിച്ച ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു. അത് മാത്രമല്ല ബിജെപിയുടെ ശക്തമായ താഴോട്ടുപോക്കിന് ആക്കം കൂട്ടുന്ന തരത്തില്‍ ബലപ്പെട്ട സംഭാവന നല്കി.
മഞ്ചേശ്വരത്തേയും പാലക്കാട്ടേയും കാര്യത്തില്‍ കേരളമാകെ മുള്‍മുനയിലായി. മഞ്ചേശ്വരത്ത് ജയിക്കുമെന്ന് കാലേകൂട്ടി പ്രഖ്യാപിച്ച പാര്‍ട്ടിയാണ് ബിജെപി. വിമാനത്തിലിറങ്ങി വന്ന് വോട്ട് ചോദിച്ചു. അവരുടെ മന്ത്രിമാര്‍ ഇവിടെ ക്യാംപ് ചെയ്ത് കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രാതിനിധ്യം കൊടുത്തു. എന്നിട്ട് പോലും അവരെ തോല്പിച്ച് ബിജെപിയുടെ കേരളത്തിലേക്കുള്ള എന്‍ട്രി തടഞ്ഞത് മുസ്ലീം ലീഗിന്റെ ശക്തമായ പ്രാതിനിധ്യമാണ്. ഞങ്ങള്‍ക്ക് അതില്‍ അഭിമാനമുണ്ട്.

പാലക്കാട് മെട്രോ ശ്രീധരന് എംഎല്‍എ ഓഫീസ് തുറന്നു. ഇ ശ്രീധരന്റെ പരാജയത്തില്‍ വലിയ തോതിലുള്ള പങ്ക് വഹിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പക്ഷെ, ബിജെപിയുടെ വോട്ടുകളില്‍ നല്ലൊരു ശതമാനം സിപിഐഎമ്മിന് പോയിട്ടുണ്ട്. എല്ലാ പാര്‍ട്ടിക്കും ഒരു മാസ് ബേസ്, ശക്തി കേന്ദ്രമുണ്ടാകും. ഞങ്ങളുടെ ഏറ്റവും നല്ല മാസ് ബേസ് ആണ് മലപ്പുറം ജില്ല. ഇവിടുത്തെ ഞങ്ങളുടെ പ്രകടനം വലിയൊരു സംതൃപ്തി ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഞങ്ങളുടെ രാഷ്ട്രീയ യാത്രയില്‍ ഈ ജില്ല ചെയ്തതിനോടുള്ള നന്ദിയും കടപ്പാടും സന്തോഷ പൂര്‍വ്വം ഏറ്റെടുക്കുകയാണ്.
മലപ്പുറത്തെ ഏഴ് മണ്ഡലങ്ങളില്‍ ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. കഴിഞ്ഞ പ്രാവശ്യത്തേക്കാളും ഭൂരിപക്ഷം കൂടി. വള്ളിക്കുന്ന്, തിരൂരങ്ങാടി, ഏറനാട്, തിരൂര്‍, മങ്കട, കൊണ്ടോട്ടി, കോട്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ സിപിഐഎം വോട്ടുവിഹിതം കുറയുകയും ലീഗിന്റേത് കൂടുകയും ചെയ്തു. വേങ്ങരയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷമുണ്ട്. കാസര്‍കോട് അയ്യായിരം വോട്ട് കൂടി.
മുസ്ലീം ലീഗിന് ക്ഷതമേറ്റിരിക്കുന്നു, വലിയ തോതിലുള്ള പരാജയത്തിലേക്ക് പോകുന്നു എന്ന പ്രചരണങ്ങള്‍ അതിശയോക്തിപരമാണ്. എന്തെല്ലാം തിരുത്തുകള്‍ വേണമെന്ന് ആലോചിക്കുകയാണ്. അത് തീര്‍ച്ചയായും ചെയ്യും.
ഇ ടി മുഹമ്മദ് ബഷീര്‍
ജനാധിപത്യ പ്രസ്ഥാനമെന്ന നിലയില്‍ വിമര്‍ശനങ്ങളിലെ പോസീറ്റീവായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് വേണ്ട തിരുത്തല്‍ നടത്തും. ഇത്തരം കാര്യങ്ങളില്‍ ഗൗരവതരമായ ചിന്തകള്‍ ആവശ്യമാണ്. ഈ കൊടുങ്കാറ്റില്‍ പോലും ശക്തമായി ഉലയാതെ നിന്നിട്ടുള്ള ഒരു പ്രസ്ഥാനത്തിന് നേരെ നടത്തുന്ന വിമര്‍ശനങ്ങളോട് അസഹിഷ്ണുതയില്ല. വസ്തുതാപരമായി പരിശോധിച്ചാല്‍ മികച്ച പ്രകടനം നടത്തിയെന്ന് കാണാം.

ഞങ്ങള്‍ക്ക് പരാജയമുണ്ടായെന്ന് കൊട്ടിഘോഷിക്കുന്ന സിപിഐഎമ്മിന് ജയത്തിന്റെ നടുലിലും പതനമുണ്ടായി. തവനൂര്‍, താനൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ അവര്‍ കുത്തനെ താഴോട്ട് വന്നു. തവനൂരില്‍ 17,000 വോട്ടിന് ജയിച്ചവര്‍ 3,000 ഭൂരിപക്ഷത്തിലെത്തി. താനൂരില്‍ 5,000ല്‍ നിന്ന് ആയിരമായി. നിലമ്പൂരില്‍ 8,000ല്‍ നിന്ന് 2,500 ആയി. ലീഗ് മൂന്ന് സിറ്റിങ്ങ് മണ്ഡലങ്ങളില്‍ തോറ്റു. എങ്കിലും കൊടുവള്ളി ഞങ്ങള്‍ക്ക് തിരിച്ചുപിടിക്കാന്‍ പറ്റി. കുറ്റ്യാടിയില്‍ തോറ്റത് വളരെ ചെറിയ വോട്ടിനാണ്. ലീഗ് ലീഗിന്റെ കാര്യം പറയുമ്പോഴും യുഡിഎഫിന്റെ ഭാഗമാണ്. ഞങ്ങളുടേയും കോണ്‍ഗ്രസിന്റേയും മുന്നണിയുടെ ആകേയും പ്രകടനത്തില്‍ വന്നിട്ടുള്ള ചെറിയ ക്ഷതം എന്താണെന്ന് മനസിലാക്കി പരിഹാര നടപടികളെടുക്കാന്‍ തീരുമാനമായി.
പി കെ കുഞ്ഞാലിക്കുട്ടിയെ ഉന്നമിട്ടുള്ള വിമര്‍ശനങ്ങള്‍ ആസൂത്രിതമാണ്. ചിലരുടെ ക്രിയേഷനാണത്.
ഇ ടി മുഹമ്മദ് ബഷീര്‍
സിപിഐഎം കോട്ടകള്‍ തകര്‍ത്താണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ ഫലങ്ങള്‍ മാറി മാറി വരും. പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷമാണ് ഡിഎംകെയും എംകെ സ്റ്റാലിനും തമിഴ്നാട്ടില്‍ തിരിച്ചുവന്നത്. ഹെലികോപ്ടറില്‍ പറന്നു നടന്ന കെ സുരേന്ദ്രനെ നിലം തൊടീക്കാതിരുന്നത് ചെറുപ്പക്കാരനായ സാധാരണക്കാരനായ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന എകെഎം അഷ്റഫാണ്. പാലക്കാട് ഇ ശ്രീധരന് തുറന്ന ഓഫീസ് പൂട്ടിച്ചയാളാണ് ഷാഫി പറമ്പില്‍. ചെറുപ്പക്കാര്‍ മോശക്കാര് അത്ര മോശക്കാരല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.