പിടികിട്ടാതെ പണ്ഡിതർ: ഇന്ത്യൻ മുസ്‌ലിംങ്ങൾ 2016ന് ശേഷം മതത്തിൽനിന്നും അകലുന്നതായി സിഎസ്ഡിഎസ് സർവേ

മുസ്‌ലിം യുവാക്കളിൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ മതനിഷ്ഠയും ആചാരങ്ങളിലെ പങ്കാളിത്തവും ഗണ്യമായി കുറഞ്ഞെന്ന് പഠനം. മുസ്‌ലിം ചെറുപ്പക്കാർ പ്രാർത്ഥനയിൽ പങ്കെടുക്കുകയും, നോമ്പെടുക്കുകയും, പള്ളികളിൽ പോവുകയും ചെയ്യുന്ന പ്രവണത 2016ന് മുൻപുള്ളതിനേക്കാൾ കുറഞ്ഞുവെന്നാണ് സെന്റർ ഫോർ ഡെവലപ്പിംഗ് സൊസൈറ്റീസ്‌ നടത്തിയ പഠനത്തിൽ വ്യക്തമായത്. എന്നാൽ ഈ കാലയളവിൽ അവർ നേരിടുന്ന മതത്തിന്റെ പേരിലുള്ള വിവേചനം വലിയ അളവിൽ വർധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2016ലെ സർവേ പ്രകാരം മറ്റെല്ലാ മതവിഭാഗങ്ങളിലെ യുവാക്കളെക്കാളും കൂടുതൽ മതചര്യകൾ പിന്തുടർന്നിരുന്നത് മുസ്‌ലിം വിഭാഗമായിരുന്നു.

സിഖ്-ക്രിസ്‌ത്യൻ വിഭാഗക്കാർക്കിടയിലും സർവ്വേ നടന്നിരുന്നു. രാജ്യത്തെ മോശം മതസൗഹാർദ്ദ അന്തരീക്ഷത്തെ സംബന്ധിച്ച് ഇരുവിഭാഗത്തിലെയും യുവാക്കൾ മുസ്‌ലിംകളെപ്പോലെ തന്നെ ആകുലരാണെങ്കിലും അവരിലെ ചെറിയ വിഭാഗം മാത്രമാണ് നേരിട്ടോ അല്ലാതെയോ മതവിവേചനം അനുഭവിക്കുന്നത്.

‘ഇന്ത്യൻ യുവത: അഭിലാഷങ്ങൾ, കാഴ്ച്ചപ്പാടുകൾ, ഭാവി’ എന്ന തലക്കെട്ടിൽ തയാറാക്കിയ പഠനറിപ്പോർട്ടിൽ 18 സംസ്ഥാങ്ങളിൽ നിന്നായി 18 മുതൽ 34 വരെ പ്രായമുള്ള 6277 യുവാക്കളെയാണ് പഠനവിധേയമാക്കിയത്. സി.എസ്.ഡി.എസ്സിന് കീഴിലുള്ള ഗവേഷണ വിഭാഗം ലോക്‌നീതിയും ജർമൻ ഗവേഷക സ്ഥാപനം കോൺറാഡ് അഡനോവെർ സ്റ്റിഫ്റ്റൻഗും ചേർന്നാണ് സർവേ നടത്തിയത്. 2021 ജൂലായ്-ആഗസ്റ്റ് മാസത്തിലായിരുന്നു പഠനം.

2016ൽ 97 ശതമാനം മുസ്‌ലിം യുവാക്കളും പ്രാർത്ഥനകളിലും മതകാര്യങ്ങളിലും സജീവമായിരുന്നെങ്കിൽ 2021 ആയപ്പോൾ 11 ശതമാനം കുറഞ്ഞ് 86 ശതമാനത്തിലേക്കെത്തി. അതേസമയം മറ്റ് രണ്ട് പ്രധാന ന്യൂനപക്ഷങ്ങളായ ക്രിസ്താനികളിലും സിഖ് വിഭാഗക്കാരിലും മതപരത വർധിക്കുന്നതായാണ് പഠനം. ഹിന്ദു യുവാക്കളിലെ ചെറിയൊരു വിഭാഗവും മതകാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതായി സർവേ വ്യക്തമാകുന്നുണ്ട്.

മുസ്‌ലിം ഹിന്ദു ക്രിസ്ത്യൻ സിഖ്
97 929192
202186889396
മതനിഷ്ഠകൾ പാലിക്കുന്നവരുടെ ശതമാനം – 2016 -2021

പള്ളികളിൽ പ്രാർത്ഥനക്കായി പോകുന്ന മുസ്‌ലിം യുവാക്കൾ 2016ൽ 85 ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ 79 ശതമാനം മാത്രമാണ്. ആറ് ശതമാനത്തിന്റെ വ്യത്യാസമാണ് രേഖപ്പെടുത്തിയത്. എന്നാൽ ക്രിസ്‌ത്യൻ-സിഖ് വിഭാഗക്കാർക്കിടയിൽ ആരാധനാലയങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നവരുടെ കണക്ക് യഥാക്രമം രണ്ട് ശതമാനവും ഒരു ശതമാനവും മാത്രമാണ്.

മതാധിഷ്ടിത വിവേചനം

ഏകദേശം 44 ശതമാനം മുസ്‌ലിം യുവാക്കളാണ് മതത്തിന്റെ പേരിൽ വിവേചനം അനുഭവിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. അവരിൽ 13 ശതമാനം ആളുകൾ പതിവായി വിവേചനം നേരിടുമ്പോൾ 31 ശതമാനം ആളുകൾക്ക് ഇത് വല്ലപ്പോഴുമുള്ള അനുഭവമാണെന്നും സർവേ പറയുന്നു. 18 ശതമാനം ക്രിസ്ത്യാനികൾ പൊതുവായും അവരിൽ നാല് ശതമാനം സ്ഥിരമായും വിവേചനത്തിനിരയാകുന്നു. സിഖ് സമുദായത്തിൽ എട്ട് ശതമാനാമാണ് വിവേചനം നേരിടുന്നവരുടെ കണക്ക്. ഇതിൽ മൂന്ന് ശതമാനം ആളുകളാണ് സ്ഥിരമായി വിവേചനം നേരിടുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളിലെ 70 ശതമാനം ആളുകൾ അതേസമയം തങ്ങൾ മതത്തിന്റെ പേരിൽ വിവേചനം അനുഭവിച്ചിട്ടില്ല എന്ന് രേഖപ്പെടുത്തുമ്പോൾ ഇത് മുസ്‌ലിം യുവാക്കളിൽ 49 ശതമാനം മാത്രമാണ്. വിദ്വേഷവും വിവേചനവും നേരിടുന്ന ജനവിഭാഗങ്ങളിൽ മതകീയത ശക്തിപ്പെടുകയാണ് പൊതു സാഹചര്യമെന്നും ഇന്ത്യയിൽ വിപരീതമായത് ആശ്ചര്യജനകമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

എന്നാൽ കണക്കുകളെ അതേപടി അംഗീകരിക്കാൻ മുസ്‌ലിം പണ്ഡിതർ തയാറാകുന്നില്ല. നഗരകേന്ദ്രീകൃതമായ സർവേയിൽ സാമ്പിൾ പിഴവുകൾ ഉണ്ടായേക്കാമെന്നും യഥാർത്ഥ ചിത്രമെല്ലെന്നാണ് ലഖ്‌നൗ കേന്ദ്രമായ ഇസ്‌ലാമിക് സെന്റർ ചെയർമാൻ ഖാലിദ് ഫിരംഗി മഹാലി അഭിപ്രായപ്പെടുന്നത്. വ്യവസ്ഥാപിത മതങ്ങളിലെ പങ്കാളിത്തം മാത്രമാകാം കുറവെന്നും മതകീയത വ്യക്തിനിഷ്ഠമാണെന്നും പ്രമുഖ പണ്ഡിതർ ഹിലാൽ അഹമ്മദ് നിരീക്ഷിക്കുന്നു. പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം തങ്ങളുടെ മത ഇടപെടലുകൾ മുസ്‌ലിം യുവാക്കൾ പുറത്തുപറയാത്തതും കണക്കുകളിൽ കുറവുണ്ടാകാൻ കാരണമായേക്കുമെന്നും അഭിപ്രായമുണ്ട്.