മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ആംആദ്മി പാര്‍ട്ടി പഞ്ചാബ് ഘടകത്തില്‍ പോര്?; ആഗ്രഹം പ്രകടിപ്പിച്ച് ഭഗവന്ത് മന്‍, നോക്കി നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തി ആംആദ്മി പാര്‍ട്ടി കേന്ദ്ര നേതൃത്വവും പഞ്ചാബ് ഘടകം അധ്യക്ഷനുമായ ഭഗവന്ത് മന്നും നിശബ്ദമായ ഉള്‍പ്പോരിലാണെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണുന്നതെന്ന് തുടര്‍ച്ചയായി പറഞ്ഞിട്ടും ആപ് നേതൃത്വം പ്രഖ്യാപിക്കാതെ മാറി നില്‍ക്കുകയാണ്.

സങ്കൂരില്‍ നിന്നുള്ള എംപിയായ ഭഗവന്ത് മന്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വവസതിയില്‍ പ്രവര്‍ത്തകരുടെ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവ് താന്‍ തന്നെയാണെന്ന് കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണിതെന്നാണ് കരുതുന്നത്.

താഴെത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങള്‍ പാര്‍ട്ടി മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം നേതൃത്വം ഉള്‍ക്കൊള്ളണമെന്നും ഭഗവന്ത് മന്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ പറഞ്ഞിരുന്നു. വലിയ വിഭാഗം പ്രവര്‍ത്തകര്‍ താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം എംഎല്‍എമാരും ഭഗവന്ത് മന്നിനെ തന്നെ പിന്തുണക്കുന്നു. ഒരു വിഭാഗം അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ക്കുന്നു. കേന്ദ്ര നേതൃത്വത്തിന് ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. പൊതുസ്വീകാര്യത, സ്വഭാവം എന്നിവയെ മുന്‍നിര്‍ത്തിയുള്ള ആശങ്കളാണ് അതിന് കാരണമെന്നും പറയുന്നു.

സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള നേതാവും ഡല്‍ഹി എംഎല്‍എയുമായ രാഘവ് ചദ്ദയാണ് ഭഗവന്ത് മന്നിനെതിരെയുള്ള നീക്കത്തിന് പിന്നിലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. രാഘവ് ചദ്ദക്ക് പഞ്ചാബിന് മേലുള്ള രാഷ്ട്രീയ താല്‍പര്യത്താലാണ് ഭഗവന്ത് മന്നിനെ ഒതുക്കുന്നത് എന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഘവ് ചദ്ദ നിഷേധിച്ചു. തനിക്ക് പഞ്ചാബില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ആംആദ്മി പാര്‍ട്ടി മാറുമെന്ന് എ.ബി.പി-സീ വോട്ടര്‍ സര്‍വ്വേ ഫലം വന്നിരുന്നു. ഇതും പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോര് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.