തിരുവനന്തപുരം: വയനാട്ടിലെ വനംകൊള്ളയില്‍ മോഷണക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. മരങ്ങള്‍ മുറിച്ചുകടത്തിയത് മോഷണത്തിന് തുല്യമെന്നാണ് അന്വേഷണ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കുന്നത്. വനംവകുപ്പ് അന്വേഷണത്തിന് സമാന്തരമായി ക്രൈംബ്രാഞ്ച് അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പട്ടയഭൂമിയില്‍നിന്ന് ചന്ദനം ഒഴികെയുള്ള മരം മുറിക്കാനുള്ള റവന്യൂ ഉത്തരവിന്റെ മറവില്‍ മരം കൊള്ള നടത്തിയതിലാണ് കേസെടുത്തിരിക്കുന്നത്. എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ വയനാട്ടിലെത്തി സ്ഥലം സന്ദര്‍ശിക്കും. മൂന്ന് ക്രൈംബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷം നടക്കുക. വയനാട്ടിലെ അന്വേഷണ ചുമതല എസ്പി കെവി സന്തോഷ് കുമാറിനാണ്. വിജിലന്‍സ് ഡിവൈഎസ്പി വി ബാലകൃഷ്ണനും സംഘത്തിലുണ്ട്. തൃശൂരിലെ മരം കടത്ത് എസ്പി സുദര്‍ശനും എറണാകുളം, ഇടുക്കി ജില്ലകളിലേക് എസ്പി സാബു മാത്യുവും അന്വേഷിക്കും.
വയനാട്ടിലെ വനംകൊള്ളയില്‍ പ്രതികളായ ആന്റോ അഗസ്റ്റിന്, റോജി അഗസ്റ്റിന് എന്നിവരുടെ ജാമ്യ ഹരജി കോടതി വ്യാഴാഴ്ചയ്ക്കകം പരിഗണിഗണിക്കും. അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തിരമായി ഹരജി പരിഗണിക്കണമെന്നാണ് പ്രതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.