വനം കൊള്ള ആയുധമാക്കാന്‍ കേന്ദ്രം; അന്വേഷണത്തിന് ഇഡി, മറുപടി നല്‍കാതെ വനംവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വനം കൊള്ളയില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇഡി വനം വകുപ്പിന് കത്ത് നല്‍കി. എന്നാല്‍ ജൂണ്‍ മൂന്നിന് ലഭിച്ച കത്തിന് സര്‍ക്കാരോ ഡവനം വകുപ്പോ മറുപടി നല്‍കിയിട്ടില്ല.

മരംമുറിക്കലുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികള്‍, എഫ്‌ഐആര്‍, മഹ്‌സര്‍ എന്നിവയുടെ പകര്‍പ്പും ശേഖരിച്ച തെളിവുകളുടെ വിശദാംശങ്ങളുമാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. മരംമുറിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് തങ്ങളുടെ അന്വേഷണമെന്നാണ് ഇഡി വ്യക്തമാക്കിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇത് കള്ളപ്പണമാണോ എന്നാണ് ഇഡിയുടെ സംശയം.

Also Read: ‘മാംഗോ ഉടമകള്‍ അറസ്റ്റിലാകുമ്പോള്‍ ഞാന്‍ മുഖ്യമന്ത്രിയേ അല്ല’, ആരായിരുന്നു മുഖ്യമന്ത്രിയെന്ന് എന്നെക്കൊണ്ട് പറയിക്കാന്‍ പിടി തോമസിന് പ്രത്യേക സന്തോഷമുണ്ടോ?’; പിണറായി വിജയന്‍

വിഷയത്തില്‍ രാഷ്ട്രീയ തീരുമാനമുണ്ടായ ശേഷം കേന്ദ്ര ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറാനാണ് വനം വകുപ്പിന്റെ തീരുമാനം. സര്‍ക്കാരിന്റെ തീരുമാനമുണ്ടായ ശേഷമാവും വിവരങ്ങള്‍ നല്‍കുക. എന്നാല്‍ വനംവകുപ്പിന്റെ മറുപടി വൈകുകയാണെങ്കില്‍ നിയമപരമായി നീങ്ങാനും ഇഡി ആലോചിക്കുന്നുണ്ട്.