വയനാട് വനംകൊള്ള: റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് മന്ത്രി; ‘റവന്യൂ വകുപ്പിന് മാത്രമായി വീഴ്ച സംഭവിച്ചിട്ടില്ല’

തിരുവനന്തപുരം: മുട്ടില്‍ വനംകൊളളയില്‍ റവന്യൂവകുപ്പിനെ ന്യായീകരിച്ചും വകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് വിശദീകരിച്ചും മന്ത്രി കെ രാജന്‍. റവന്യൂവകുപ്പിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. സമഗ്രമായ അവന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വമാണ് ഉളളത്. റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറങ്ങിയത്. ആ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത പ്രശ്നമാണ് ചര്‍ച്ച ചെയ്യുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂട്ടായി ആലോചിച്ച് കൃത്യമായ തീരുമാനം എടുക്കും’

മന്ത്രി പറഞ്ഞു.

മരംമുറി സംബന്ധിച്ച് സമഗ്രമായ പരിശോധന നടക്കുകയാണ്. ഉത്തരവ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ കര്‍ശനമായി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. പേടിക്കാന്‍ ഒന്നുമില്ല. റവന്യൂ വകുപ്പ് മാത്രമായി മുള്‍മുനയില്‍ നില്‍ക്കുന്ന സാഹചര്യം നിലവില്‍ ഇല്ലെന്നും മന്ത്രി പറയുന്നു.

കൊള്ളയടിക്ക് കൂട്ടുനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരണം. പട്ടയഭൂമിയിലെ മരംമുറിയെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിക്കും കൊള്ള നടത്താതിരിക്കാന്‍ പഴുതുകളടക്കുമെന്നുമാണ് പ്രതികരണം. വനം, റവന്യൂ വകുപ്പുകള്‍ തമ്മില്‍ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Also Read: 50 വര്‍ഷത്തിന് ശേഷം കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയിലേക്ക്; തിരുവനന്തപുരത്തെ വീട് വിടുന്നു

മന്ത്രിമാരോ വകുപ്പുകളോ തമ്മിലുളള തര്‍ക്കമായിട്ട് ഇതിനെ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല. ഉത്തരവിനെ മറയാക്കി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണത്തില്‍ അത് പുറത്തുകൊണ്ടുവരും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പേടിക്കാന്‍ ഒന്നുമില്ല. വിവാദം നിയമസഭയിലെത്തിയപ്പോള്‍ തന്നെ റവന്യൂമന്ത്രി വയനാട് ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. വനസമ്പത്തിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. മരംകൊളളയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ് ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തയുണ്ടാകുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

സിപിഐ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടി നിലപാട് താന്‍ വിശദീകരിക്കില്ല. അത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.