‘എന്ത് സംഭവിച്ചാലും ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും എന്ന് പറയാന്‍ കീ കൊടുത്ത പാവയാണോ മുഖ്യമന്ത്രി?’; ഷിബു ബേബി ജോണ്‍

കൊല്ലം: മുട്ടില്‍ വനം കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആര്‍എസ്പി നേതാവ് ഷിബുബേബി ജോണ്‍. മുട്ടില്‍ മരംമുറിയെ പറ്റി സര്‍ക്കാരിന്റെ ന്യായീകരണങ്ങള്‍ കേട്ടാല്‍ തോന്നുക കഴിഞ്ഞ സര്‍ക്കാര്‍ മറ്റേതോ മുന്നണിയുടെത് ആയിരുന്നെന്നാണ്. എന്ത് സംഭവിച്ചാലും ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും എന്ന് മാത്രം പറയാന്‍ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.

‘കാട്ടിലെ തടി, തേവരുടെ ആന. വലിയെടാ വലി. മുട്ടില്‍ മരംമുറിയെ പറ്റി ഗവണ്‍മെന്റിന്റെ ന്യായീകരണങ്ങള്‍ കേട്ടാല്‍ തോന്നുക കഴിഞ്ഞ സര്‍ക്കാര്‍ മറ്റേതോ മുന്നണിയുടെത് ആയിരുന്നെന്നാണ്. ആ പ്രദേശത്തെ ഈട്ടിയും തേക്കുമൊക്കെ ഒരെണ്ണം പോലും ബാക്കി വയ്ക്കാതെ മുറിച്ചുമാറ്റിക്കഴിഞ്ഞു. എന്നിട്ടും റവന്യൂവും വനവും ഭരിച്ച സിപിഐയ്ക്ക് മിണ്ടാട്ടമില്ല. ഇത്രയുംവലിയ മരംകൊള്ള നടന്നിട്ടും നാട്ടിലെ പരിസ്ഥിതി സ്‌നേഹികളും ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളും മയക്കത്തിലാണ്’, ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: ബിജെപിയിലെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് ആനന്ദബോസ്; അതിന് ആര് ചുമതലപ്പെടുത്തിയെന്ന് വി മുരളീധരന്‍

സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ‘ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും’ എന്ന് മാത്രം പറയാന്‍ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ കുറേക്കാലമായി കുറച്ചുപേര്‍ സ്ഥിരമായി ഉപ്പ് തിന്നുകയും വെള്ളം കുടിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ട്. അവരെല്ലാം ഈ സര്‍ക്കാരിന്റെ സ്വന്തക്കാരുമായിരുന്നു. ഇതിനുംമാത്രം ഉപ്പ് തയ്യാറാക്കി വച്ചിരിക്കുന്നവര്‍ ആരെന്ന് കണ്ടുപിടിക്കണം. മുട്ടില്‍ മരംമുറി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.