‘മാംഗോ ഉടമകള്‍ അറസ്റ്റിലാകുമ്പോള്‍ ഞാന്‍ മുഖ്യമന്ത്രിയേ അല്ല’, ആരായിരുന്നു മുഖ്യമന്ത്രിയെന്ന് എന്നെക്കൊണ്ട് പറയിക്കാന്‍ പിടി തോമസിന് പ്രത്യേക സന്തോഷമുണ്ടോ?’; പിണറായി വിജയന്‍

തിരുവനന്തപുരം: മുട്ടില്‍ മരം മുറികേസുമായി ബന്ധപ്പെട്ട് സഭയില്‍ പിടി തോമസ് നടത്തിയ ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനം കൊള്ളയില്‍ പ്രതികളുടെ മാംഗോ മൊബൈല്‍ ഫോണിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യാനിരുന്നത് മുഖ്യമന്ത്രിയായിരുന്നെന്നും ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് മാംഗോ മൊബൈല്‍ ഉടമ അറസ്റ്റിലാവുകയായിരുന്നെന്നുമുള്ള പിടി തോമസിന്റെ ആരോപണത്തിനെതിരെയാണ് മുഖ്യമന്ത്രി സഭയില്‍ പ്രതികരിച്ചത്.

‘മാംഗോ ഫോണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും മുമ്പ് അതിന്റെ പിന്നിലുള്ള പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു എന്ന് പിടി തോമസ് പരാമര്‍ശം കഴിഞ്ഞ ദിവസം സഭയില്‍ നടത്തി. എന്റെ മേല്‍ വന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നെങ്കില്‍ കരുതിക്കോട്ടെ. മുഖ്യമന്ത്രി ആരാണ് എന്നു പറയാതെയാണ് പിടി തോമസ് ഇതു പറഞ്ഞത്. 2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. ഞാന്‍ അന്നു മുഖ്യമന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാന്‍ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതില്‍ പിടി തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല’ മുഖ്യമന്ത്രി പറഞ്ഞു.

തട്ടിപ്പുകാരുടെ സ്വാധീനത്തില്‍ നില്‍ക്കുന്നത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പിടി തോമസ് കണ്ടുപിടിക്കട്ടെ. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പിടി തോമസ് മാപ്പ് പറയുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: ‘വനംകൊള്ളക്കാര്‍ മാംഗോഫോണ്‍ ഉദ്ഘാടനത്തിന് വിളിച്ചത് മുഖ്യമന്ത്രിയെ’, ‘ലോക്ഡൗണില്‍ ഈട്ടിത്തടി വയനാട്ടില്‍നിന്ന് എറണാകുളത്തേക്ക് നടന്നെത്തിയോ?’ ആഞ്ഞടിച്ച് പ്രതിപക്ഷം

കഴിഞ്ഞ ദിവസമാണ് പിടി തോമസ് സഭയില്‍ ഇതിന് ആസ്പദമായ പരാമര്‍ശം നടത്തിയത്. വനം കൊള്ളക്കാര്‍ നിസാരരൊന്നുമല്ല. നേരത്തെതന്നെ നിരവധിത്തട്ടിപ്പുകേസുകളില്‍ പ്രതികളായിരുന്നവരാണ് ഇവര്‍. ഇക്കാര്യം വകുപ്പ് മന്ത്രിക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ അറിയാമായിരുന്നോ? മാംഗോ മൊബൈലുമായി ബന്ധപ്പെട്ട് എറണാകുളത്ത് സംഘടിപ്പിച്ച ഇവരുടെ വെബ്സൈറ്റ് ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയെയായിരുന്നു. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പ്രതികളെ വേദിയില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തതായി കേട്ടിരുന്നു. അതിനാല്‍ മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടി വന്നില്ല. മുട്ടില്‍ വനം കൊള്ളക്കാരുടെ തട്ടിപ്പിന്റെ ആഴവും പരപ്പും ഇതില്‍നിന്നും വ്യക്തമല്ലേ എന്നുമായിരുന്നു പിടി തോമസിന്റെ ചോദ്യം.

ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്കിടെയായിരുന്നു മുഖ്യമന്ത്രി ആരോപണങ്ങളോട് പ്രതികരിച്ചത്. വനം കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന ആദ്യ പ്രതികരണമാണിത്.