‘ഗവര്‍ണര്‍ ഇടപെടുന്നത് അധികാരമില്ലാത്ത കാര്യങ്ങളില്‍’; തെറ്റായ പ്രവണത നടപ്പിലാക്കാന്‍ ശ്രമിക്കുന്നെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: തെറ്റായ പ്രവണത നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത കാര്യത്തിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറുടെ അന്തസിനെ ഇകഴ്ത്തിക്കാട്ടിയാണ് മന്ത്രിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് അദ്ദേഹം ഇടപെട്ടുകൊണ്ടിരിക്കുന്നത്. സര്‍വകലാശാലയിലെ അമിതാധികാര സ്വഭാവത്തോടുകൂടിയുള്ള ഇടപെടലുകള്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാക്കുന്നുണ്ട്. തെറ്റായ പ്രവണതയാണ് ഇവിടെ അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനോട് ഒരുതരത്തിലും യോജിക്കാന്‍ ഇടതുപക്ഷ ശക്തികള്‍ക്ക് സാധിക്കില്ല. ഭരണഘടനാ വിരുദ്ധമായ ഇത്തരം നിലപാടുകളെയും നയങ്ങളെയും ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുതന്നെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്’, എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍ ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് സിപിഐഎം പി.ബിയും ചൂണ്ടിക്കാട്ടി. മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരം ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കിയിട്ടില്ല. ഗവര്‍ണര്‍ നേരത്തെ നടത്തിയിട്ടുള്ള പ്രസ്താവനകളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പരാമര്‍ശവും. പദവിക്ക് നിരക്കാത്ത പ്രവണതയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നത്. ഗവര്‍ണറുടെ ഇത്തരം പ്രസ്താവനകളില്‍ രാഷ്ട്രപതി ഇടപെടണമെന്നും പി.ബി ആവശ്യപ്പെട്ടു.

അന്തസിന് ഇടിവുണ്ടാകുന്ന പരാമര്‍ശങ്ങള്‍ മന്ത്രിമാരില്‍നിന്നുണ്ടായാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുവരെയുള്ള നടപടികളേക്ക് കടക്കുമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. ‘മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. എന്നാല്‍ വ്യക്തികളെന്ന നിലയില്‍ മന്ത്രിമാര്‍ ഗവര്‍ണറുടെ പദവിയെ ഇകഴ്ത്തിക്കാട്ടുന്ന പ്രസ്ഥാനവനകള്‍ മന്ത്രിമാരുടെ മേലുള്ള അഭീഷ്ടം പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ ക്ഷണിച്ചുവരുത്തും’, എന്നാണ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.