സത്യപ്രതിജ്ഞാ ചടങ്ങ് പരമാവധി ചുരുക്കി നടത്തണമെന്ന് എംവി ജയരാജന്‍; 500 പേരുണ്ടാകില്ലെന്ന് സിപിഐഎം നേതൃത്വം

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തണമെന്ന് സിപിഐഎമ്മിലും ആവശ്യം. അധികാരമേല്‍ക്കല്‍ ചടങ്ങ് പരമാവധി ചുരുക്കി നടത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍ദ്ദേശിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുതിര്‍ന്ന നേതാവിന്റെ അഭിപ്രായ പ്രകടനം. ചടങ്ങില്‍ 500 പേരുണ്ടാകില്ലെന്ന് നേതൃത്വം മറുപടി നല്‍കി.

500 പേരെ വിളിക്കാനുള്ള തീരുമാനമെടുത്തെങ്കിലും അത്രയും പേര്‍ എന്തായാലും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പാണ്. യുഡിഎഫ് ബഹിഷ്‌കരിക്കുന്നതോടെ തന്നെ 41 സീറ്റുകളുടെ കുറവ് വരും. എല്ലാ കസേരകളും നിറയണമെന്ന് നിര്‍ബന്ധമില്ലെന്നും സംസ്ഥാന നേതൃത്വം എം വി ജയരാജനോട് പറഞ്ഞു. കൊവിഡ് ബാധിച്ച് ഗുരുതര അവസ്ഥയിലായിരുന്ന എംവി ജയരാജന്‍ കഴിഞ്ഞ മാസമാണ് രോഗമുക്തനായത്.

സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഇത്തരം ചടങ്ങുകള്‍ക്ക് 500 വലിയ സംഖ്യയല്ലെന്നും വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. നാളെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എതിരായി കോടതി ഇടപെടലുണ്ടായാല്‍ സര്‍ക്കാരിന് തിരിച്ചടിയാകും.

സത്യപ്രതിജ്ഞ നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തൊഴിലാളികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ ജീവനക്കാരനേയും ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് തൊഴിലാളികളേയും വേദിയുടെ ജോലികളില്‍ നിന്നൊഴിവാക്കി.