‘കഫെയില്‍ വെയ്റ്ററായിരുന്നു, ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിങ് ചെയ്തിട്ടുണ്ട്’; ആ അനുഭവസമ്പത്ത് സിനിമയില്‍ മുതല്‍ക്കൂട്ടായെന്ന് വിനയ് ഫോര്‍ട്ട്

സീരിയസ്-ക്യാരക്ടര്‍ റോളുകളിലൂടെ രംഗപ്രവേശം നടത്തി ഹാസ്യവേഷങ്ങള്‍ കൂടി ചെയ്ത് ഏത് ഷേഡുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചയാളാണ് വിനയ് ഫോര്‍ട്ട്. ജിസ് ജോയിയുടെ മോഹന്‍കുമാര്‍ ഫാന്‍സില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ആഘോഷ് മേനോന്‍/കൃപേഷ് എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആക്ടിങ്ങ് കോഴ്‌സ് കഴിഞ്ഞെത്തി മലയാള സിനിമയില്‍ തന്റേതായ ഇടമുറപ്പിച്ച നടന്‍ താന്‍ വന്ന വഴിയേക്കുറിച്ച് ക്ലബ്ബ് ഹൗസിലെ ഒരു ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയുണ്ടായി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന്റെ മൂന്ന് മക്കളില്‍ ഇളയവനായിരുന്നു താനെന്ന് വിനയ് പറഞ്ഞു. പത്താം ക്ലാസിന് ശേഷം ചേട്ടനോ ചേച്ചിയോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അച്ഛനമ്മമാരെ ആശ്രയിച്ചില്ല. പാര്‍ട് ടൈം ജോലികള്‍ ചെയ്താണ് പഠനം പൂര്‍ത്തിയാക്കിയും പിന്നീട് പിടിച്ചുനിന്നതെന്നും വിനയ് പറഞ്ഞു.

മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്ത് കൊടുക്കാന്‍ നിന്നിട്ടുണ്ട്. ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിങ് ചെയ്തിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ കഫെയില്‍ വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്. അന്നത്തെ അനുഭവ സമ്പത്താണ് ഇന്ന് ഞാന്‍ സിനിമയില്‍ നിന്നും തിരികെ നേടുന്നത്.

വിനയ് ഫോര്‍ട്ട്

നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനിടെ ജീവിക്കാന്‍ മറന്നുപോകരുതെന്നും വിനയ് ഫോര്‍ട്ട് ക്ലബ്ബ് ഹൗസ് ചാറ്റ് റൂമിലെ ശ്രോതാക്കളോട് പറഞ്ഞു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ കനകം കാമിനി കലഹം എന്നിവയാണ് വിനയ് ഫോര്‍ട്ടിന്റെ അടുത്ത റിലീസുകള്‍. ബര്‍മുഡയില്‍ ഷെയ്ന്‍ നിഗത്തിന് തുല്യമായ റോളിലാണ് വിനയ് ഫോര്‍ട്ട് എത്തുന്നതെന്ന് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ ഈയിടെ പറഞ്ഞിരുന്നു. ജനമൈത്രി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ജോഷ്വയെയാണ് വിനയ് അവതരിപ്പിക്കുക.