‘നമ്പി നാരായണന്‍ ഒരു കള്ളനാണ്’; കൂട്ടുപ്രതിയായിരുന്ന ഡി ശശികുമാരന്‍ പറയുന്നു; ചാരക്കേസ് അന്വേഷണ റിപ്പോര്‍ട്ട് രണ്ടാം ഭാഗം

1994ൽ, ചാരവൃത്തിക്കേസിലേക്ക് കേരളാ പൊലീസ് എത്തുന്നത് അപ്രതീക്ഷിതമായാണെന്ന് തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന എസ് വിജയൻ പറയുന്നു. അന്വേഷണസംഘത്തിൽ നിന്ന് മാലിദ്വീപ് സ്വദേശിനിമാരോട് ആദ്യമായി ഇടപെട്ട ഉദ്യോഗസ്ഥനാണ് എസ് വിജയൻ. പാകിസ്താനുമായി എന്തെങ്കിലും ബന്ധമുള്ളവരും മാലിദ്വീപ് പാസ്പോർട്ടുള്ളവരുമായ വിദേശികളിൽ ഒരു കണ്ണ് വേണമെന്ന് പൊലീസിന് ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് ഒരു അറിയിപ്പ് ലഭിച്ചു. മാലിദ്വീപ് പൗരന്മാരിൽ മിക്കവരും മികച്ച ചികിത്സയ്ക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വേണ്ടിയാണ് ഇന്ത്യയെ ആശ്രയിച്ചിരുന്നത്. മാലി ദ്വീപിൽ നിന്ന് വരുന്നവർക്ക് വിസയില്ലാതെ 90 ദിവസം രാജ്യത്ത് നിൽക്കാൻ അനുമതിയുണ്ടായിരുന്നു. മാലിദ്വീപിന്റെ വ്യാജ പാസ്പോർട്ടിലൂടെ ഈ വിസ ഇളവ് ഉപയോഗിച്ച് പാക് പൗരന്മാർ തിരുവനന്തപുരം വഴി ഇന്ത്യയിൽ പ്രവേശിക്കുന്നതായി ഐബിയ്ക്ക് രഹസ്യവിവരം ലഭിച്ചു.

ഐബിയുടെ സർക്കുലർ കിട്ടിയതോടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ വി ആർ രാജീവനും ഡെപ്യൂട്ടി കമ്മീഷണർ ഋഷിരാജ് സിങ്ങും കർമ്മനിരതരായി. നഗരത്തിലെ എല്ലാ മാലിദ്വീപ് പൗരന്മാരുടേയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഇരുവരും എസ് വിജയന് നിർദ്ദേശം നൽകി.

നഗരത്തിൽ ഏറ്റവും കൂടുതൽ ഹോട്ടലുകളുള്ള പ്രദേശങ്ങൾ അരിച്ചുപെറുക്കാൻ വിജയൻ സബ് ഇൻസ്പെക്ടർമാരോട് ആവശ്യപ്പെട്ടു. കിഴക്കേക്കോട്ടയുടെ ഭാഗങ്ങളിൽ പരിശോധന നടത്തിയ സബ് ഇൻസ്പെക്ടർ, ഹോട്ടൽ സാമ്രാട്ടിലെ രജിസ്റ്ററിൽ രണ്ട് മാലിദ്വീപ് പൗരന്മാരുടെ പേര് കണ്ടു – മറിയം റഷീദയും ഫൗസിയ ഹസനും. ഉദ്യോഗസ്ഥൻ എത്തുമ്പോൾ ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നില്ല. പാസ്പോർട്ടുകളുമായി വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചതായി ഇരുവരേയും അറിയിക്കണമെന്ന് ഉദ്യോഗസ്ഥൻ ഹോട്ടൽ മാനേജ്മെന്റിനെ ചട്ടം കെട്ടി.

ഒക്ടോബർ 13ന് രണ്ട് പേരും പൊലീസ് സ്റ്റേഷനിലെത്തിയെന്ന് വിജയൻ ഓർത്തെടുക്കുന്നു. ഫൗസിയ ഹസനാണ് വിജയന്റെ ഓഫീസിലേക്ക് ആദ്യം പ്രവേശിച്ചത്. അന്ന് ഏകദേശം 40 വയസായിരുന്നു അവരുടെ പ്രായം. തന്റെ മകളുടെ പഠനത്തിന് വേണ്ടിയാണ് വന്നിരിക്കുന്നതെന്ന് ഫൗസിയ, വിജയനോട് പറഞ്ഞു. ഫൗസിയ ഹസനേക്കാൾ പത്ത് വയസ് ഇളപ്പമുണ്ടായിരുന്ന മറിയം റഷീദയാണ് രണ്ടാമതെത്തിയത്. മറിയം റഷീദയുടെ വിസ കാലാവധി തീരാറായിരുന്നു.

ഫൗസിയ ഹസന്‍ / കടപ്പാട്: മലയാള മനോരമ

“തിരുവനന്തപുരത്ത് എന്തിന് വന്നു എന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം നൽകാൻ മറിയം റഷീദക്ക് കഴിഞ്ഞിരുന്നില്ല.” കമ്മീഷണറായിരുന്ന വി ആർ രാജീവൻ പിന്നീട് കേസിന്റെ തുടക്കത്തേക്കുറിച്ചുള്ള ഒരു രഹസ്യനോട്ടിൽ ഇങ്ങനെ എഴുതി. ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്ക് വേണ്ടി മുൻപ് മൂന്ന് വട്ടം ഇന്ത്യയിൽ വന്നിട്ടുണ്ടെന്നാണ് മറിയം റഷീദ പൊലീസിനോട് പറഞ്ഞത്. “മറിയം റഷീദയ്ക്ക് ഒരു വിധത്തിലുള്ള ഹൃദ്രോഗവും ഉണ്ടായിരുന്നില്ലെന്നാണ് രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായത്,” രാജീവൻ കൂട്ടിച്ചേർക്കുന്നു.

(മാലിദ്വീപ് സ്വദേശിനികളും പൊലീസും തമ്മിൽ കണ്ടുമുട്ടുന്നതിനേക്കുറിച്ച് കേരള പൊലീസ് പറയുന്നതും സിബിഐ റിപ്പോർട്ടിലുള്ളതും തമ്മിൽ വ്യത്യാസമുണ്ട്. “മറിയം റഷീദയുടെ വിസ നീട്ടിക്കിട്ടുന്നതിന് വേണ്ടി, നല്ല ഉദ്ദേശത്തോടെ, ഇരുവരും സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി” എന്നാണ് സിബിഐ റിപ്പോർട്ടിൽ.)

ഇതിന് പിന്നാലെ മറിയം റഷീദ താമസിച്ചിരുന്ന വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഹോട്ടൽ സാമ്രാട്ടിൽ നിന്ന് നഗരത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മറിയം റഷീദ താമസം മാറ്റിയിരുന്നു. അവരുടെ ഡയറി എസ് പി പിടിച്ചെടുത്തു. മാലിദ്വീവിയൻ ഭാഷയായ ദ്വിവേഹിയിലാണ് ഡയറി എഴുതിയിരുന്നത്. ഡയറി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി. മറിയം റഷീദ മാലിദ്വീപ് നാഷണൽ സെക്യൂരിറ്റ് സർവ്വീസിൽ അംഗമാണെന്ന് ഡയറിയിലെ വിവരങ്ങൾ സൂചിപ്പിച്ചു. വിജയൻ പറയുന്നതനുസരിച്ച്, ഇനി മാലിദ്വീപ് പൗരന്മാരിൽ നിന്ന് രഹസ്യവിവരം ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ, ഒരു ഓഫീസറായാണ് മറിയം റഷീദ വന്നതെങ്കിൽ പോലും കൃത്യമായ നിയമവഴികളിലൂടെയല്ല അവരെത്തിയത്. “അവർ ഇന്ത്യൻ ഭരണകൂടത്തെ അക്കാര്യം അറിയിക്കേണ്ടതായിരുന്നു,” വിജയൻ ചൂണ്ടിക്കാണിക്കുന്നു.

മറിയം റഷീദ

മറിയം റഷീദയും ഫൗസിയ ഹസനും തമ്മിൽ ശരിക്കുമുള്ള ബന്ധം പൊലീസിന് അവ്യക്തമായിരുന്നു. “ഫൗസിയ ഹസനൊപ്പം സ്റ്റേഷനിലെത്തിയ മറിയം റഷീദ, തന്റെ കസിനായാണ് ഫൗസിയയെ ആദ്യം പരിചയപ്പെടുത്തിയത്,” വിജയൻ പറഞ്ഞു. “തങ്ങൾ സുഹൃത്തുക്കളാണെന്ന് പിന്നീട് ഇരുവരും മാറ്റിപ്പറഞ്ഞു.” താൻ “അലി നാസിറിന്റെ സുഹൃദ് വലയത്തിന്റെ ഭാഗമാണ്” എന്ന് ഫൗസിയ ഹൗസൻ പൊലീസ് സംഘത്തോട് പറയുകയുണ്ടായി. മുൻ മാലിദ്വീപിയൻ പ്രസിഡന്റ് ഇബ്രാഹിം നാസിറിന്റെ മകനായിരുന്നു അലി നാസിർ. തന്റെ പിൻഗാമിയായി ചുമതലയേറ്റ പ്രസിഡന്റ് എം അബ്ദുൾ ഗായൂനെ അട്ടിമറിച്ച് അധികാരം തിരിച്ചുപിടിക്കാൻ ഇബ്രാഹിം നാസിർ ശ്രമങ്ങൾ നടത്തുന്ന സമയമായിരുന്നു അത്. ഈ അട്ടിമറിശ്രമങ്ങളിൽ അലി നാസിർ പിതാവിനെ സഹായിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇന്ത്യൻ ഗവൺമെന്റിന്റെ അനുമതിയോടെ അലി നാസിർ ബാംഗ്ലൂരിൽ താമസിക്കുകയായിരുന്നെന്ന് അന്വേഷണത്തിന്റെ ഭാഗമായിരുന്ന രണ്ട് ഐബി ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു. അലി നാസിറിനെ നിരീക്ഷിച്ചുതുടങ്ങിയ സമയം മുതൽക്കേ തന്നെ ഫൗസിയ ഹസനേക്കുറിച്ചുള്ള രേഖകൾ ഐബിയുടെ പക്കലുണ്ടായിരുന്നു. പക്ഷെ, മറിയം റഷീദയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് ഐബി താൽപര്യപ്പെട്ടത്.

വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത പ്രാഥമികാന്വേഷണ റിപ്പോർട്ട് ( ഒക്ടോബർ 20 – 1994, ക്രൈം നമ്പർ 225/94) പ്രകാരം, രണ്ട് ടെലിഫോൺ നമ്പറുകളിലേക്ക് മറിയം റഷീദ വിളിച്ചിരുന്നതായി ഹോട്ടൽ രേഖകളിൽ നിന്ന് വ്യക്തമാണ്. ഐഎസ്ആർഒയുടെ വിക്രം സാരാഭായ് സ്പേസ് സെന്ററായിരുന്നു ആദ്യത്തെ നമ്പർ. കോൾ പോയിക്കൊണ്ടിരുന്ന രണ്ടാമത്തെ നമ്പർ ഡി ശശികുമാരന്റെ വീട്ടിലേതും. ആ സമയത്ത് ശശികുമാരൻ ഐസ്ആർഒയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ (എൽപിഎസ് സി) പ്രോട്ടോ ഫാബ്രിക്കേഷൻ ആൻഡ് ടെക്നോളജി വിഭാഗം ജനറൽ മാനേജരായിരുന്നു. ശശികുമാരൻ രണ്ട് തവണ മറിയം റഷീദയെ ഹോട്ടലിലെത്തി കണ്ടെന്നും പൊലീസ് മനസിലാക്കി. “മേൽ പറഞ്ഞ സാഹചര്യങ്ങളിൽ ശ്രീമതി മറിയം റഷീദയുടെ പ്രവർത്തനങ്ങൾ സംശയാസ്പദമായിരുന്നു. അവരുടെ പ്രവർത്തനങ്ങളേക്കുറിച്ച് കൂടുതൽ അന്വേഷണിക്കണമെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്,” രാജീവൻ എഴുതി.

സിബി മാത്യൂസ്‌

“ഞങ്ങളുടെ ഒരു സോഴ്സ് മാലിദ്വീപിലേക്ക് പോയി മറിയം റഷീദയേക്കുറിച്ചും ഫൗസിയ ഹസനേക്കുറിച്ചും അന്വേഷിച്ചു. ഇരുവരും മാലിദ്വീപിലെ പാകിസ്താൻ എംബസിയിൽ സ്ഥിരം സന്ദർശകരാണെന്ന റിപ്പോർട്ടാണ് ലഭിച്ചത്,” ഒരു ഐബി ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു. “സ്വാഭാവികമായും ഇന്റലിജൻസ് ബ്യൂറോ ആശങ്കയിലായി, ഈ സ്ത്രീയെ വിശദമായി ചോദ്യം ചെയ്യണമെന്ന് ഐബി ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് നിർദ്ദേശം ലഭിച്ചു, ഇക്കാര്യം കേരള പൊലീസിനെ അറിയിച്ചു.”

റിസേർച്ച് ആൻഡ് അനാലിസിസ് ഓഫീസർമാർ വൈകാതെ തന്നെ രംഗത്ത് വന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 25 ഐബി ഉദ്യോഗസ്ഥരും പത്തോളം റോ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘം അന്വേഷണത്തിന്റെ ഭാഗമായി. ടീമിലുണ്ടായിരുന്ന, വിരമിച്ച ഒരു ഐബി ഉദ്യോഗസ്ഥനാണ് എന്നോട് ഈ കാര്യം പറഞ്ഞത്. ഒക്ടോബർ 16 മുതൽ ലോക്കൽ പൊലീസിന്റെ സാന്നിധ്യത്തിൽ ഐബി, മറിയം റഷീദയേയും ഫൗസിയ ഹസനേയും ചോദ്യം ചെയ്യാൻ ആരംഭിച്ചു. “രാത്രിയും പകലും ഷിഫ്റ്റുകളെടുത്താണ് ഞങ്ങൾ ചോദ്യം ചെയ്തിരുന്നത്, പതുക്കെ അവരുടെ പ്രതിരോധ സംവിധാനം ദുർബലമായിത്തുടങ്ങി, അവർ സംസാരിക്കാൻ ആരംഭിച്ചു,” മുൻ ഐബി ഉദ്യോഗസ്ഥൻ പറഞ്ഞു. ഒക്ടോബർ 20ന് മറിയം റഷീദയെ അറസ്റ്റ് ചെയ്തു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിച്ചതിന് ഫോറിനേഴ്സ് ആക്ട് ചുമത്തിയായിരുന്നു അറസ്റ്റ്. തുടർന്ന് മറിയം റഷീദയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നവംബർ 14ന് ഒഫീഷ്യൽ സീക്രട്സ് ആക്ട് ചുമത്തി മറിയം റഷീദയെ വീണ്ടും അറസ്റ്റ് ചെയ്തു. ഒരു ദിവസം മുൻപ് നവംബർ 13നായിരുന്നു ഫൗസിയ ഹസന്റെ അറസ്റ്റ്.

നവംബർ 15ന് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സിബി മാത്യൂസിന് കീഴിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

കേരളത്തിലേക്കുള്ള വിമാനയാത്രയിൽ വിജയ രാമ റാവുവിന്റെ സ്വഭാവമാറ്റത്തിന് ദൃക്സാക്ഷിയായ ഐബി ജോയിന്റ് ഡയറക്ടർ ധർ, കേസിന്റെ പ്രത്യാഘ്യാതങ്ങളും ഉണ്ടായേക്കാവുന്ന രാഷ്ട്രീയ-മാധ്യമ ഇടപെടലുകളും മുൻകൂട്ടി കണ്ടിരുന്നു. “ആവശ്യമായ വീഡിയോ-ഓഡിയോ ഉപകരണങ്ങൾ സ്ഥാപിച്ച് ചോദ്യം ചെയ്യൽ നടപടികൾ മുഴുവൻ പൂർണ രഹസ്യമായി പകർത്തണമെന്ന് ഞാൻ ടെക് ഇന്റിനോട് (ഐബിയിലെ ടെക്നിക്കൽ ഇന്റലിജൻസ് വിഭാഗം) അഭ്യർത്ഥിച്ചു, ഒരു മുൻ കരുതലായി.” ധർ തന്റെ ഓർമ്മക്കുറിപ്പിലെഴുതി. ആകെ 72 കാസറ്റുകളിലായി വീഡിയോകൾ റെക്കോ‍ർഡ് ചെയ്യപ്പെട്ടു. സംശയിക്കപ്പെടുന്നവരിൽ പ്രധാനികളെ ചോദ്യം ചെയ്യുന്നത് മുഴുവനായും ഈ കാസറ്റുകളിൽ പകർത്തി. ഐബിക്കും കേരള പൊലീസിനും മുൻപാകെ പ്രതികൾ നടത്തിയ കുറ്റസമ്മതം ബലപ്രയോഗത്തിലൂടെ നേടിയതല്ലെന്ന് വാദിക്കാൻ ഈ ടേപ്പുകൾ പിന്നീട് കേരള ഹൈക്കോടതിയിൽ ഉപയോഗിക്കപ്പെട്ടു.

മറിയം റഷീദയും ഫൗസിയ ഹസനും വെളിപ്പെടുത്തിയ വിവരങ്ങളെ ആസ്പദമാക്കി പ്രത്യേക അന്വേഷണ സംഘം നവംബർ 22ന് ശശികുമാരനെ അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ദിവസം, കെ ചന്ദ്രശേഖർ എന്നയാളും പിടിയിലായി. ഗ്ലാവ്കോസ്മോസ് എന്ന റഷ്യൻ കമ്പനിയുടെ റെപ്രസന്റേറ്റീവായിരുന്നു കെ ചന്ദ്രശേഖർ. റഷ്യൻ ഭരണകൂടത്തിന്റെ ബഹിരാകാശ സ്ഥാപനമായ റോസ്കോസ്മോസിന്റെ അനുബന്ധ സ്ഥാപനമായിരുന്നു ചന്ദ്രശേഖർ ജോലി ചെയ്തിരുന്ന ഗ്ലാവ്കോസ്മോസ്.

നമ്പി നാരായണന്റെ പേരാണ് അടുത്തതായി പൊങ്ങിവന്നത്. “ശശികുമാരനേക്കാൾ സുമുഖനായ, പ്രായം കൂടിയ, ഉയരമുള്ള” ഒരു മനുഷ്യൻ ശശികുമാരനൊപ്പം ഹോട്ടൽ സാമ്രാട്ടിലെത്തിയിരുന്നു എന്ന് ഫൗസിയ ഹസൻ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ രണ്ട് പേരും നമ്പി നാരായണന്റെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും, ആളേക്കുറിച്ചുള്ള വിവരണം ശാസ്ത്രജ്ഞന്റെ രൂപത്തോട് യോജിക്കുന്നതായിരുന്നു.

നമ്പി നാരായണന്‍, ഡി ശശികുമാരന്‍

“നിങ്ങൾ നമ്പിയെ കണ്ടോ?” ഫെബ്രുവരിയിൽ (2020) ഞാൻ ശശികുമാരനുമായി അഭിമുഖം നടത്തിയപ്പോൾ അദ്ദേഹം ചോദിച്ചു. “നമ്പിയെ ഇപ്പോൾ കണ്ടാൽ ഒരു യൂറോപ്യനേപ്പോലെയുണ്ട്, നീണ്ട താടിയുമൊക്കെയായി ഐൻസ്റ്റീനേപോലെ തോന്നും.” ശശികുമാരൻ ഉടൻ കൂട്ടിച്ചേർത്തു, “അയാൾ പക്ഷെ ഒരു കള്ളനാണ്.”

മാലിദ്വീപ് സ്വദേശിനിമാരുടെ വാക്കുകളിൽ നിന്ന് നമ്പി നാരായണനെ തിരിച്ചറിയുന്നതിൽ സംശയത്തിന്റെ ഇടമുണ്ടായിരുന്നെങ്കിൽ, ശശികുമാരന്റേയും ചന്ദ്രശേഖറിന്റേയും ചോദ്യം ചെയ്യലിൽ ഉയർന്നുവന്നത് നേരിട്ടുള്ള ഒരു ബന്ധമാണ്. ഇരുവരും നമ്പി നാരായണന്റെ പേര് പറഞ്ഞു.

നമ്പി നാരായണനാണ് ഒരു ഹോട്ടലിൽ വെച്ച് ഫൗസിയ ഹസനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് ചന്ദ്രശേഖർ ഐബിയോട് പറഞ്ഞു. “ഞങ്ങൾ തമ്മിൽ ബിസിനസ് ചർച്ച ചെയ്യുകയായിരുന്നു എന്നാണ് നമ്പി പറഞ്ഞത്”, ഐബി റിപ്പോർട്ടിലാണ് ചന്ദ്രശേഖറുടേതായി ഈ പ്രസ്താവനയുള്ളത്. എല്ലാവരും അറസ്റ്റ് ചെയ്യപ്പെടുന്നതിന് ശേഷമല്ലാതെ, അതിന് മുമ്പ് മറിയം റഷീദയേയും ഫൗസിയ ഹസനേയും താൻ കണ്ടിട്ടേയില്ലെന്നാണ് നമ്പി നാരായണൻ ഇപ്പോഴും ആവർത്തിക്കുന്നത്.

ചോദ്യം ചെയ്യൽ മുന്നോട്ടുപോകുന്നതിനിടെ കുറ്റാരോപിതരായ മൂന്ന് പേരുടെ മൊഴികളിൽ നിന്ന് സുധീർ കുമാർ ശർമ്മ എന്നയാളുടെ പേരുകൂടി ഉയർന്നുവന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ലേബർ കോൺട്രാക്ടർ ആയിരുന്നു സുധീർ കുമാർ ശർമ്മ.

കെ കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരോടൊപ്പം

ഈ ഘട്ടത്തിൽ കേരളത്തിലെ മാധ്യമങ്ങൾ മത്സരിച്ച് കേസ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറ്റാരോപിതർ നൽകുന്ന മൊഴിയുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ദിവസേന ചോർന്നുകിട്ടി. കേരളത്തിൽ അങ്ങോളമിങ്ങോളം കോളിളക്കം സൃഷ്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് അടുത്തതായി വരാനിരുന്നത്. തന്റെ ഭരണകാലം പകുതി മാത്രം പിന്നിടവെ, രാജിവെച്ചൊഴിയാൻ ആ വെളിപ്പെടുത്തൽ കേരള മുഖ്യമന്ത്രിയെ നിർബന്ധിതനാക്കി.

“കോട്ട് വാല” എന്നും “ബ്രിഗേഡിയർ” എന്നും തങ്ങൾ വിശേഷിപ്പിച്ചിരുന്ന ഒരാളുടെ സാന്നിധ്യം ചില ബിസിനസ് ഇടപാടുകളിൽ ഉണ്ടായിരുന്നെന്ന് മറിയം റഷീദയും ഫൗസിയ ഹസനും പറഞ്ഞിരുന്നു. ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരിക്കുന്ന ഐബി രേഖകൾ പ്രകാരം, അന്ന് ദക്ഷിണമേഖലാ ഐജിയായിരുന്ന രമൺ ശ്രീവാസ്തവ “ബ്രിഗേഡിയർ, കോട്ട് വാല (ശ്രീവാസ്തവ എല്ലായ്പ്പോഴും കോട്ട് ധരിച്ചിരുന്നതുകൊണ്ട്) എന്നീ പേരുകളിൽ കൂടി അറിയപ്പെട്ടിരുന്നു.” ശ്രീവാസ്തവയെ മാലിദ്വീപ് സ്വദേശിനിമാർ ഫോട്ടോകളിൽ നിന്ന് തിരിച്ചറിഞ്ഞു. ഈ തിരിച്ചറിയൽ തെറ്റായി സംഭവിച്ചതാണ് എന്നാണ് സിബിഐ റിപ്പോർട്ടിലെ വാദം. പിന്നീട് സിബിഐ ഉദ്യോഗസ്ഥർ കെ എൽ ഭാസിൻ എന്ന മറ്റൊരു വ്യക്തിയുടെ ചിത്രം ഇരുവരേയും കാണിച്ചു എന്നും, അയാളെ ശ്രീവാസ്തവയായിട്ടാണ് മാലിദ്വീപ് സ്വദേശിനിമാർ തിരിച്ചറിഞ്ഞത് എന്നുമാണ് ഈ വാദത്തിന് കാരണമായി റിപ്പോർട്ടിലുണ്ടായിരുന്നത്. ഈ വ്യക്തതയില്ലായ്മ തുടർന്നുള്ള കോടതിവ്യവഹാരങ്ങളുടെ അവസാനം വരെ കളിച്ചുകൊണ്ടിരുന്നു.

“രാഷ്ട്രീയ മേഖലയിൽ ശ്രീവാസ്തവയ്ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു,” സിബി മാത്യൂസ് തന്റെ പൊലീസ് ജീവിതത്തേക്കുറിച്ചുള്ള ഓർമ്മക്കുറിപ്പിലെഴുതി. “അദ്ദേഹത്തിന്റെ സഹോദരൻ വിക്രം ശ്രീവാസ്തവ ഐജിയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സുരക്ഷാച്ചുമതലയുടെ മേധാവിയുമാണ്. അദ്ദേഹത്തിന്റെ പിതാവ് കെ കെ ശ്രീവാസ്തവ ഉത്തർപ്രദേശിൽ ഐജിയായിരുന്നു.” പല ഇടപാടുകളുടേയും കേന്ദ്രമായിരുന്നു ശ്രീവാസ്തവയെന്ന് കേസിൽ കുറ്റാരോപിതരായ ചന്ദ്രശേഖറും ശശികുമാരനും നേരിട്ട്, പേരെടുത്ത് പറഞ്ഞതായി ഐബി റിപ്പോർട്ടിലുണ്ട്.

രമൺ ശ്രീവാസ്തവ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം

Also Read: ‘ചാരക്കേസ് അന്വേഷിച്ച സിബിഐ ഡിഐജിക്കും രമൺ ശ്രീവാസ്തവയുടെ ഭാര്യക്കും നമ്പി നാരായണൻ ഭൂമി കൈമാറി’; ഹൈക്കോടതിയിൽ രേഖകളുമായി മുൻ പൊലീസ് ഉദ്യോ​ഗസ്ഥർ

ശശികുമാരനുമായി ഞാൻ സംസാരിച്ചപ്പോൾ അദ്ദേഹമിത് നിഷേധിച്ചു. ഐജിയുടേതായി താൻ പറഞ്ഞ പേര്, ചന്ദ്രൻ എന്ന മറ്റൊരു ഉദ്യോഗസ്ഥന്റേതായിരുന്നു എന്നാണ് ശശികുമാരൻ പറയുന്നത്. ശ്രീവാസ്തവയെ കുറ്റക്കാരനാക്കാൻ കേരളാ പൊലീസും ഐബിയും ചേർന്ന് റിപ്പോർട്ടുകളിലെ പേര് മാറ്റിയതാണ് എന്നാണ് ശശികുമാരൻ ഇപ്പോൾ ആരോപിക്കുന്നത്. ഐബി ഉദ്യോഗസ്ഥരേയും കേരളാ പൊലീസിനേയും സംബന്ധിച്ചിടത്തോളം, ശശികുമാരൻ ശ്രീവാസ്തവയുടെ പേര് പറയുന്നതടക്കമുള്ള ഈ കുറ്റസമ്മതങ്ങൾ റെക്കോഡ് ചെയ്യപ്പെട്ട ടേപ്പുകളുടെ ഭാഗമാണ്. (രമൺ ശ്രീവാസ്തവ ഒരിക്കലും അറസ്റ്റ് ചെയ്യപ്പെട്ടില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടാവായിരുന്ന ശ്രീവാസ്തവ 2021 മാർച്ച് ഒന്നിനാണ് സേവനം അവസാനിപ്പിച്ചത്.)

ചാരവൃത്തിയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ശൃംഖലയുടെ രൂപരേഖകൾ ചോദ്യംചെയ്യലുകളിൽ നിന്ന് ഉയർന്നുവരാൻ തുടങ്ങി. ശശികുമാരൻ തങ്ങളുടെ പദ്ധതിയേക്കുറിച്ച് ഐബിയോട് ഇങ്ങനെ പറഞ്ഞതായി ആരോപിത വിവരമുണ്ട്, “രേഖകൾ ശേഖരിക്കുന്നതിലും ബന്ധപ്പെട്ട കാര്യങ്ങളിലും നമ്പി നാരായണനെ സഹായിക്കലായിരുന്നു” തന്റെ ചുമതല, അതേ സമയം ചന്ദ്രശേഖർ “അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഏകോപനം, പണം ശേഖരിക്കൽ/ഇന്ത്യൻ കറൻസിയിലേക്ക് മാറ്റൽ അതിന്റെ വിതരണം” എന്നീ കാര്യങ്ങൾ ചെയ്യും, രമൺ ശ്രീവാസ്തവ “അനിവാര്യമായ സംരക്ഷണം നൽകലും രേഖകളുടെ കടത്തിക്കൊണ്ടുപോകലും” നിർവ്വഹിക്കും. ശശികുമാരനെ ഉദ്ധരിച്ചുകൊണ്ടുള്ള ഐബി റിപ്പോർട്ടിൽ, ശ്രീവാസ്തവ അലക്സി വാസ്സീവ് എന്ന റഷ്യൻ പൗരന് രേഖകൾ നൽകിയിരുന്നതായി പറയുന്നുണ്ട്. റഷ്യൻ ഉടമസ്ഥതയിലുള്ള യൂറൽ ഏവിയേഷൻ മുഖേന ഗ്ലാവ്കോസ്മോസിൽ ജോലി ചെയ്തിരുന്നയാളാണ് അലക്സി വാസ്സിവ്.

കൊളംബോയിലെ പാക് ഹൈക്കമ്മീഷൻ

ശശികുമാരന്റെ മൊഴി പ്രകാരം അലക്സി വാസ്സിവിന് ആ സമയത്ത് നമ്പി നാരായണനുമായി “അടുത്ത ബന്ധമുണ്ടായിരുന്നു”, ഐഎസ്ആർഒ ഉപയോഗിച്ചിരുന്ന വൈക്കിങ്ങ് റോക്കറ്റ് എഞ്ചിന്റെ രേഖാച്ചിത്രങ്ങൾ കൈമാറ്റം ചെയ്യുന്നതിന് വാസ്സിവ് നമ്പി നാരായണനുമായി വിലപേശൽ നടത്തിയെന്ന് ശശികുമാരൻ ഐബിക്ക് മൊഴി നൽകി. ചന്ദ്രശേഖറുടെ മൊഴിയനുസരിച്ച് 1989-90 കാലയളവിൽ ഈ രേഖകൾ ബ്രസീലിന് വിൽപന നടത്തുകയും അലക്സി വാസ്സീവിനും നമ്പി നാരായണനും പ്രതിഫലം ലഭിക്കുകയും ചെയ്തു. വൈക്കിങ്ങ് സാങ്കേതികവിദ്യ ഇന്തൊനേഷ്യ, തായ്വാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്ക് കൂടി വിൽക്കാനുള്ള സാധ്യതകൾ വാസ്സീവ് അന്വേഷിച്ചുകൊണ്ടേയിരുന്നെന്നും ആരോപണമുണ്ട്.

പാകിസ്താനി ശാസ്ത്രജ്ഞൻ മൊഹമ്മദ് പാഷ, കൊളംബോ സ്വദേശിനിയായ സുഹെയ്റ എന്നിവരുടെ പേരുകൂടി, ഈ കച്ചവടങ്ങളിൽ നിർണായക പങ്കുണ്ടായിരുന്നവരുടേതായി ഉയർന്നുവന്നു. പാകിസ്താന്റെ ഇന്റർ സർവ്വീസസ് ഇന്റലിജൻസ് (ഐഎസ് ഐ) ചാരന്മാരായി സംശയിക്കപ്പെടുന്നവരാണ് മൊഹമ്മദ് പാഷയും സുഹെയ്റയുമെന്ന് ധർ തന്റെ പുസ്തകത്തിലെഴുതിയിട്ടുണ്ട്. 1993 ജനുവരിയിൽ, കൊളംബോയിലെ പാകിസ്താനി ഹൈ കമ്മീഷനിൽ ജോലി ചെയ്തിരുന്ന മാഷർ ഖാൻ എന്ന വ്യക്തിയെ തനിക്ക് പരിചയപ്പെടുത്തിയത് സുഹെയ്റയാണെന്ന് ഫൗസിയ ഹസൻ ഐബിയോട് പറഞ്ഞു. തനിക്ക് വേണ്ടി ജോലി ചെയ്യണമെന്ന് മാഷർ ഖാൻ ഫൗസിയയോട് ആവശ്യപ്പെട്ടു, “കൃത്യത്തിന് ഉപയോഗിക്കാവുന്ന വിധം അനുയോജ്യരായ പെൺകുട്ടികളെ/സ്ത്രീകളെ കണ്ടെത്തി പ്രാപ്തരാക്കിയെടുക്കണം,” എന്നും.

എൽപിഎസ് സി വലിയമല

നവംബർ 30ന് നമ്പി നാരായണനെ അറസ്റ്റ് ചെയ്തു. (മറിയം റഷീദയെ അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷം, നവംബർ ഒന്നിന് നമ്പി നാരായണൻ “വ്യക്തിപരമായ കാരണങ്ങൾ” ചൂണ്ടിക്കാട്ടി ഐഎസ്ആർഒ ഡയറക്ടർ മുൻപാകെ സ്വമേധയാ വിരമിക്കലിന് അപേക്ഷ നൽ‌കിയിരുന്നു, നവംബർ 11നകം തന്നെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് നമ്പി അഭ്യർത്ഥിച്ചു.) നമ്പി നാരായണനെ അറസ്റ്റ് ചെയ്ത അതേ ദിവസം തന്നെ ശശികുമാരന്റെ വീട്ടിൽ പരിശോധന നടന്നു, “വലിയമല എൽപിഎസ് സി കേന്ദ്രത്തേക്കുറിച്ചുള്ള അതീവരഹസ്യ രേഖകൾ കണ്ടെത്തി,” എന്ന് സിബി മാത്യൂസ് പിന്നീടൊരു റിപ്പോർട്ടിലെഴുതി. റോക്കറ്റ് ഭാഗങ്ങളുടെ സംവിധാനത്തിന്റേയും വിവിധതരം എഞ്ചിനുകളുടേയും ഫോട്ടോകൾ, രേഖകൾ, പല റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടെയായിരുന്നു ഇത്.

എൽപിഎസ് സിയിൽ നടന്നുകൊണ്ടിരുന്ന ചില പ്രത്യേക ഗവേഷണവുമായി ബന്ധപ്പെട്ട മർമ്മപ്രധാന വിവരങ്ങൾ മൊഹിയുദ്ദീൻ എന്ന വ്യക്തിക്ക് കൈമാറ്റം ചെയ്തു എന്ന സംശയത്തിലേക്കാണ് ചോദ്യം ചെയ്യലും പിടിച്ചെടുത്ത രേഖകളും കൊണ്ടുചെന്നെത്തിച്ചത്. ഐബി റിപ്പോർട്ട് പറയുന്നതനുസരിച്ച് മൊഹിയുദ്ദീൻ ഒരു ചാരനാണ്, മാലിയിലെ ഹബീബ് ബാങ്കിലെ ജീവനക്കാരനായിരുന്ന മൊഹിയുദ്ദീൻ, ചാരപ്രവർത്തനങ്ങൾക്ക് വേണ്ടി ബാങ്ക് ജോലി ഒരു “മറ” (കവർ) ആയി ഉപയോഗിക്കുകയായിരുന്നു. മാലിദ്വീപ് സ്വദേശിനിമാർ ഐബിയ്ക്ക് നൽകിയ മൊഴികൾ പ്രകാരം, അവർ ഇരുവരേയും ഫൗസിയ ഹസന്റെ മകൾ നാസിഹയേയും, തന്റെ രഹസ്യ ദൗത്യങ്ങൾക്ക് വേണ്ട സന്ദേശവാഹകരായി (കാരിയേഴ്സ്) ഉപയോഗിച്ചുകൊണ്ടിരുന്ന ചാരൻ മൊഹിയുദ്ദീൻ ആണ്. 1994 ജനുവരിയിൽ മദ്രാസിലും അതേ വർഷം സെപ്റ്റംബറിൽ ബാംഗ്ലൂരിലുമായി നടത്തിയ രണ്ട് യോഗങ്ങൾക്കിടെ കൈമാറ്റ ഇടപാടുകൾ സംഭവിച്ചു. “രണ്ടു തവണയായി 25,000 യുഎസ് ഡോളർ ചന്ദ്രശേഖറും ശശികുമാരനും കൈപ്പറ്റി,” തന്റെ പുസ്തകത്തിൽ ചാരക്കേസ് പ്രതിപാദിക്കുന്ന ഭാഗത്ത് സിബി മാത്യൂസ് കുറിച്ചിരിക്കുന്നു.

മുൻ ഡിജിപി ടി വി മധുസൂദനൻ

നമ്പി നാരായണനെ അറസ്റ്റ് ചെയ്ത അതേ ദിവസം, സിബി മാത്യൂസ് കേരള ഡിജിപി ടി വി മധുസൂദനന് രഹസ്യമായി ഒരു കത്തെഴുതി നൽകി. പ്രത്യേക സംഘത്തിന് അന്വേഷണത്തോട് നീതി പുലർത്താനാകില്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറുന്നതാണ് നല്ലതെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. ശ്രീവാസ്തവ പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരേക്കാൾ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. കേസിൽ ശ്രീവാസ്തവയുടെ പങ്കാളിത്തം സംശയിക്കപ്പെട്ടതാണ് അന്വേഷണം സിബിഐക്ക് കൈമാറുന്നതിലേക്ക് എത്തിച്ച പ്രധാന ഘടകങ്ങളിലൊന്ന്. കേരളം, തമിഴ്നാട്, കർണാടക എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലും വിദേശ സ്ഥലങ്ങളായ കൊളംബോ, മാലി എന്നിവിടങ്ങളിലുമായാണ് കേസിലെ സംഭവങ്ങൾ പരന്ന് കിടക്കുന്നതെന്ന് സിബി മാത്യൂസ് ചൂണ്ടിക്കാട്ടി. “ഇന്ത്യൻ എയർഫോഴ്സ്/സായുധ സേനകളുമായി (റിസേർച്ച് & ഡെവലപ്മെന്റ് വിങ്) ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ ചാരശൃംഖല വഴി ശത്രുരാജ്യങ്ങൾക്ക് കൈമാറിയെന്ന് വിശ്വസിക്കാൻ കാരണമുണ്ട്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ പങ്കിന് സാധ്യതയേറെയാണ്,” സിബി മാത്യൂസ് എഴുതി. “ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തേക്കുറിച്ച് പൂർണമായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.”

സിബി മാത്യൂസ്

ഈ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ, കൂടിയാലോചന നടത്താതെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതിനോട് ഡിജിപി മധുസൂദനൻ എങ്ങനെയാകും പ്രതികരിക്കുകയെന്ന് സിബി മാത്യൂസിന് തീർച്ചയില്ലായിരുന്നു. തൊട്ടടുത്ത ദിവസം മധുസൂദനൻ അദ്ദേഹത്തെ വിളിച്ചു. ഡിജിപിയുടെ വാക്കുകളിൽ അസാധാരണത്വമുള്ളതായി സിബി മാത്യൂസിന് തോന്നി. “നിങ്ങൾ റിപ്പോർട്ട് തന്നത് നന്നായി,” മധുസൂദനൻ സിബി മാത്യൂസിനോട് പറഞ്ഞു, ആഭ്യന്തരവകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയും താങ്കളുടെ നിർദ്ദേശം “ഇന്നലെത്തന്നെ സ്വീകരിച്ചു” എന്ന് ഡിജിപി കൂട്ടിച്ചേർത്തു. സംസ്ഥാന പൊലീസിൽ നിന്ന് സിബിഐയിലേക്ക് ഒരു കേസ് കൈമാറുന്നതിന് നിരവധി നടപടിക്രമങ്ങളുണ്ടായിരിക്കെ, അവയെല്ലാം റെക്കോഡ് സമയത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. “ഒരു പ്രധാന സംഗതി അദ്ദേഹം പറയുകയുണ്ടായി,” സിബി മാത്യൂസ് പറയുന്നു. “അവർ ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു” ഇതാണ് മധുസൂദനൻ സിബി മാത്യൂസിനോട് പറഞ്ഞത്. “ഇതിൽ എനിക്ക് ഒരു അറിവുമില്ലാത്ത, വ്യത്യസ്തമായ തലങ്ങൾ വേറെയുണ്ടെന്ന്”അപ്പോഴാണ് താൻ തിരിച്ചറിഞ്ഞതെന്ന് സിബി മാത്യൂസ് ഓർക്കുന്നു. തന്റെ പുസ്തകത്തിൽ സിബി മാത്യൂസ്, ഇങ്ങനെ മധുസൂദനൻ പറഞ്ഞതായി ഉദ്ധരിക്കുന്നുണ്ട്, “കേസ് സിബിഐക്ക് നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.”

മലോയ് കൃഷ്ണ ധർ, 2012 മെയ് 19ന് അന്തരിച്ചു

ഇതേ സമയം, തീക്കട്ടയാണ് താൻ കൈകാര്യം ചെയ്യുന്നതെന്ന് ഐബി ജോയിന്റ് ഡയറക്ടർ എംകെ ധറിനും മനസിലായിരുന്നു. സിബിഐയുടെ ഇടപെടൽ നിരീക്ഷിക്കാൻ താൻ തീരുമാനമെടുത്തെന്ന് അദ്ദേഹം ‘ഓപ്പൺ സീക്രട്ട്സ്’ൽ എഴുതിയിട്ടുണ്ട്. “സംശയിക്കപ്പെടുന്ന ചാരവൃത്തിയേക്കുറിച്ച്” വ്യക്തമായ ഒരു ചിത്രമുണ്ടാക്കിയെടുക്കാൻ റിപ്പോർട്ടുകൾ പരിശോധിക്കുകയായിരുന്നു ഐബി ഓഫീസർമാർ. കൗണ്ടർ ഇന്റലിജൻസ് സെൽ ഈ പ്രയത്നം തുടരുന്നതിനിടെ, അന്നത്തെ ഐബി ഡയറക്ടറായ ഡി സി പതക്, ദിവസേന പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ആഭ്യന്തര മന്ത്രാലയത്തിലേക്കും ഡെയ്ലി റിപ്പോർട്ടുകൾ അയക്കുന്നുന്നുണ്ടായിരുന്നു, ചോദ്യം ചെയ്യൽ റിപ്പോർട്ടുകൾ കൃത്യമായി പരിശോധിക്കുക പോലും ചെയ്യുന്നതിന് മുൻപായിരുന്നു ഇതെന്ന് ധർ കൂട്ടിച്ചേർത്തു. “ചോദ്യംചെയ്യലിനിടെ വെളിപ്പെട്ട മിക്ക വിവരങ്ങളും സ്ഥാപിച്ചെടുക്കാൻ പറ്റുന്ന ഘട്ടത്തിലേക്ക് ഞങ്ങൾ എത്തിയിരുന്നില്ല, ചോദ്യംചെയ്യലിന് വിധേയരായ കുറ്റാരോപിതർ വെളിപ്പെടുത്തിയ വസ്തുതകളുടേയും സംഭവങ്ങളുടേയും നേരിട്ടുള്ള സ്ഥിരീകരണ പരിശോധനയിലേക്ക് ഞങ്ങൾ എത്തുന്നതേയുണ്ടായിരുന്നുള്ളൂ,” ധർ എഴുതി.

ഒരു സമയത്ത്, തിരുവനന്തപുരം യൂണിറ്റിൽ നിന്ന് ലഭിച്ച ചോദ്യം ചെയ്യൽ റിപ്പോർട്ടുകളുടെ ചുരുക്കരൂപം അയക്കുന്നതിന് പകരം ഡി സി പതക്, “സാമാന്യം ദൈർഘ്യമേറിയ ഒരു റിപ്പോർട്ട്” ആണ് ഒരു “ഇൻ ഹൗസ് വർക്കിങ്ങ് ഷീറ്റിനൊപ്പം” അയച്ചുകൊടുത്തത്. ആ വർക്കിങ്ങ് ഷീറ്റിൽ പ്രഭാകർ റാവുവിന്റെ പേരുണ്ടായിരുന്നു. ഹൈദരാബാദ് ആസ്ഥാനമാക്കി ബിസിനസ് ചെയ്തിരുന്ന രവീന്ദ്ര റെഡ്ഡി എന്ന വ്യക്തിക്ക് റഷ്യക്കാരുമായുള്ള ഇടപാടുകളിൽ പങ്കുണ്ടെന്ന് ചന്ദ്രശേഖർ ഐബിയോട് പറഞ്ഞിരുന്നു. രവീന്ദ്ര റെഡ്ഡിക്ക് ഐസ്ആർഒയുമായി ബന്ധപ്പെട്ട് ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ മകൻ പ്രഭാകർ റാവുവിന്റെ ഒരു ബിസിനസ് പങ്കാളിയാണ് റെഡ്ഡിയെന്ന ആരോപണങ്ങളും നിലനിന്നിരുന്നു.

ഡി സി പതക്

“രവീന്ദ്ര റെഡ്ഡി പഴയ ചെയർമാന്റെ ആളായിരുന്നു,” 1984 മുതൽ‌ 1994 വരെ ഐഎസ്ആർഒ ചെയർമാനായിരുന്ന യുആർ റാവുവിനെ പരാമർശിച്ചുകൊണ്ട് ശശികുമാരൻ എന്നോട് പറഞ്ഞു. ഒരിക്കലും അന്വേഷിക്കപ്പെടാത്തതുകൊണ്ട്, പ്രഭാകർ റാവുവും രവീന്ദ്ര റെഡ്ഡിയും തമ്മിലുള്ള ഇടപാടുകളേക്കുറിച്ച് വ്യക്തത വന്നില്ല. പക്ഷെ, ധർ പറയുന്നതനുസരിച്ച് ഐഎസ്ആർഒ ചാരക്കേസിൽ പ്രധാനമന്ത്രിയുടെ മകന്റെ പേര് വരുന്നത് തന്നെ വലിയ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമിടാൻ പര്യാപ്തമായിരുന്നു.

ധറിന്റെ എതിർപ്പ് വകവെയ്ക്കാതെ, “പ്രഭാകർ റാവുവിന്റെ പേരുൾപ്പെട്ട ‘ഡെഡ്ലി’ വർക്കിങ്ങ് ഷീറ്റ് പ്രധാന റിപ്പോർട്ടിനൊപ്പം അയക്കപ്പെട്ടു.” കേസ് അന്വേഷണം സ്വതന്ത്രമായി മുന്നോട്ടുപോകുന്നതിനെ അട്ടിമറിച്ച, അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾക്ക് കാരണമായത് ഈ പേര് അയക്കലാണെന്ന് ഐബി ഉദ്യോഗസ്ഥരും കേരളാ പൊലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.

പി വി നരസിംഹ റാവു കെ കരുണാകരനൊപ്പം

ഇവിടം മുതൽ കാര്യങ്ങളുടെ നീക്കം പെട്ടെന്നായിരുന്നു. നവംബറിന്റെ അവസാന ദിവസങ്ങളിൽ നരസിംഹറാവു കേരളത്തിലേക്ക് യാത്ര ചെയ്തു, ഡിസംബർ നാലിന് അന്വേഷണം സിബിഐ ഏറ്റെടുത്തു, കേസ് കൈമാറ്റത്തിന് വിജയ രാമ റാവു നേരിട്ട് മേൽനോട്ടം വഹിച്ചു.

നരസിംഹ റാവുവുമായി അടുപ്പമുള്ള ആളായാണ് സിബിഐ മേധാവി അറിയപ്പെട്ടിരുന്നത്. വിജയ രാമ റാവു പ്രധാനമന്ത്രിക്ക് വേണ്ടി അന്വേഷണങ്ങളുടെ ഗതിമാറ്റിവിട്ടതായി ആരോപണങ്ങളുണ്ട്. 1990കളിൽ പ്രധാനമന്ത്രിയും മകനും മറ്റ് അഴിമതിയാരോപണങ്ങളിൽ മുങ്ങിക്കിടക്കുകയുമായിരുന്നു. കുപ്രസിദ്ധമായ ജയിൻ ഹവാല കേസ് സിബിഐ അന്വേഷിച്ചു തുടങ്ങിയത് 1991ലാണ്. ഉന്നതരായ രാഷ്ട്രീയക്കാൾ ഉൾപ്പെട്ടെ ഒരു വമ്പൻ കോഴ ആരോപണമായിരുന്നു അത്. കുറ്റാരോപിതരിലെ ഒരു പ്രധാനിയും ബ്രോക്കറുമായിരുന്ന എസ് കെ ജെയിൻ തന്റെ മൊഴിയിൽ നരസിംഹ റാവുവിന്റെ പേര് പറഞ്ഞു. ഈ കേസിൽ നിന്ന് പ്രധാനമന്ത്രിയെ രക്ഷിച്ചത് സിബിഐ മേധാവിയാണെന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ കാലയളവിൽ നരസിംഹ റാവു പതിവായി സിബിഐ മേധാവിയെ സന്ദർശിക്കാറുണ്ടായിരുന്നെന്ന് മുൻ പ്രധാനമന്ത്രിയുടെ ജീവചരിത്രമെഴുതിയ വിനയ് സീതാപതി പറയുന്നു. “നരസിംഹ റാവു അന്വേഷണം നിരീക്ഷിക്കുക മാത്രമായിരുന്നില്ല, അദ്ദേഹം റെയ്ഡുകൾക്കും സംശയിക്കപ്പെടുന്നവരെ ചോദ്യംചെയ്യുന്നതിനും നേരിട്ട് മേൽനോട്ടം വഹിക്കുകയായിരുന്നു,”മാധ്യമ വാർത്തകളെ ഉദ്ധരിച്ച് വിനയ് സീതാപതി എഴുതി.

ഡിപ്പാർട്മെന്റ് ഓഫ് പേഴ്സൊണൽ ആൻഡ് ട്രെയ്നിങ്ങ് മുൻ മന്ത്രിയായിരുന്ന മാർഗരറ്റ് ആൽവ 2016ൽ പ്രസിദ്ധീകരിച്ച തന്റെ ഓർമ്മക്കുറിപ്പുകളിൽ, നരസിംഹ റാവു ഹവാല കേസ് അന്വേഷണത്തിൽ സിബിഐക്ക് നേരിട്ട് നിർദ്ദേശങ്ങൾ നൽകിയിരുന്നതായി എഴുതിയിട്ടുണ്ട്. പ്രഭാകർ റാവുവിന്റെ പങ്ക് സംശയിക്കപ്പെട്ട യൂറിയ കുംഭകോണ കേസും സിബിഐ തന്നെയാണ് അന്വേഷിച്ചിരുന്നത്. നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 133 കോടി രൂപയുടെ തട്ടിപ്പ് നടന്നതിന്റെ ഗൂഢാലോചന പുറത്തുവന്നത് 1995ലാണ്. 1997ൽ യൂറിയ കേസിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്തു. പക്ഷെ, പ്രതിപ്പട്ടികയിൽ നിന്ന് പ്രഭാകർ റാവുവിനെ ഒഴിവാക്കാൻ സിബിഐ ഒരു വർഷം കൂടി ശ്രമിച്ചു. ഫ്രണ്ട് ലൈൻ ഇങ്ങനെയാണ് റിപ്പോർട്ട് ചെയ്തത് “1996 ജൂണിന്റെ ആദ്യ പകുതിയിൽ പ്രഭാകർ റാവുവിന്റെ വീട്ടുവാതിൽക്കൽ വരെ ചെന്നെത്തിക്കുന്ന തെളിവുകൾ സിബിഐയ്ക്ക് ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ കുറിപ്പുകളും കേസ് ഡയറിയും കോടതി ആവശ്യപ്പെടുകയാണെങ്കിൽ, പ്രഭാകർ റാവുവിനെ കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ തക്കവിധമുള്ള തെളിവുകൾ ഉദ്യോഗസ്ഥർ ധാരാളമായ ശേഖരിച്ചിരുന്നെന്ന് കണ്ടെത്താം. എന്തൊക്കെയോ കാരണങ്ങളാൽ ഈ സാഹചര്യങ്ങൾ ഏജൻസി ഫയൽ ചെയ്ത കുറ്റപത്രത്തിൽ പ്രതിഫലിക്കപ്പെട്ടില്ല.”

പ്രഭാകർ റാവു

കുറ്റം ചുമത്താൻ തക്കവിധമുള്ള തെളിവുകളിലെന്ന് സിബിഐ അവകാശപ്പെട്ടെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 1998 ഡിസംബറിൽ പ്രഭാകർ റാവുവിനെ അറസ്റ്റ് ചെയ്തു. ഇഡിയുടെ പക്കൽ ജാമ്യമില്ലാ വാറന്റുണ്ടായിരുന്നിട്ടും പ്രഭാകർ റാവു മൂന്ന് വർഷമായി അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ട് നടക്കുകയായിരുന്നു. പ്രഭാകർ റാവുവിനെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശേഷം തെളിവില്ലെന്ന കാരണത്താൽ കോടതി വെറുതെ വിടുകയും ചെയ്തു. അനുചിതമായ കാലതാമസം കാരണം പ്രഭാകർ റാവുവിനെ അറസ്റ്റ് ചെയ്യാതിരുന്നത്, നിർണായക തെളിവുകൾ നഷ്ടപ്പെടാൻ ഇടയാക്കിയിരിക്കാമെന്ന് കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

ഐഎസ്ആർഒ ചാരക്കേസിലെ സിബിഐ അന്വേഷണത്തേക്കുറിച്ച് ഞാൻ മാർഗരറ്റ് ആൽവയോട് ചോദിച്ചു. തനിക്ക് പ്രതികരിക്കാൻ കഴിയില്ല എന്നായിരുന്നു ആൽവയുടെ മറുപടി. “എല്ലാം കൈകാര്യം ചെയ്തത് സിബിഐയും പ്രധാനമന്ത്രിയുടെ ഓഫീസും ചേർന്നാണ്” എന്ന പ്രതികരണം മാത്രമാണ് മുൻ കേന്ദ്രമന്ത്രിയിൽ നിന്ന് ലഭിച്ചത്. ആൽവ പിന്നീട് എനിക്ക് ഇങ്ങനെയൊരു മെസ്സേജ് അയച്ചു “ശാസ്ത്ര സാങ്കേതിക മന്ത്രാലയവും പ്രധാനമന്ത്രിയുടെ കീഴിലായിരുന്നു.” ബഹിരാകാശ വകുപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുളള ഭരണത്തിൽ ആയിരുന്നതുകൊണ്ട്, സിബിഐയും ഐഎസ്ആർഒയും എങ്ങനെ ചലിക്കണമെന്ന് നിർദ്ദേശിക്കുന്നതിൽ നരസിംഹ റാവുവിനുണ്ടായിരുന്ന നിർണായക പങ്ക് സൂചിപ്പിക്കുന്നതായിരുന്നു ആൽവയുടെ പ്രതികരണം.

മാർ​ഗരറ്റ് ആൽവ

വിജയ രാമ റാവുവും എം കെ ധറും തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത് ഒരു ദിവസം കഴിഞ്ഞ്, 1994 ഡിസംബർ നാലിന്, സിബിഐ കേസ് അന്വേഷിക്കാൻ ആരംഭിച്ചു. ഈ ഘട്ടത്തിൽ, മറ്റ് ഏജൻസികളുടെ അതേ ദിശയിൽ തന്നെയാണ് സിബിഐ എന്ന തോന്നലാണ് ഉണ്ടായിരുന്നത്. “നിങ്ങൾ നല്ലൊരു പ്രവർത്തനമാണ് കാഴ്ച്ചവെച്ചതെന്ന് പറഞ്ഞുകൊണ്ട് വിജയ രാമ റാവു എന്റെ കൈ പിടിച്ച് കുലുക്കി,” എസ് വിജയൻ എന്നോട് പറഞ്ഞു. “ചർച്ചകളിലെല്ലാം, കേസിൽ ഞങ്ങൾ അതുവരെ നടത്തിയ അന്വേഷണത്തേക്കുറിച്ച് ഏറെ പ്രോത്സാഹനം നൽകുന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണങ്ങൾ,” മറ്റൊരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

ചന്ദ്രശേഖർ, ഫൗസിയ ഹസൻ, ശശികുമാരൻ എന്നിവരുടെ വീടുകളിൽ നിന്നും ശശികുമാരന്റെ ഓഫീസിൽ നിന്നുമായി കണ്ടെടുത്ത 83 രേഖകൾ പ്രത്യേക അന്വേഷണ സംഘം സിബിഐക്ക് കൈമാറി. ഈ രേഖകൾ കൈപ്പറ്റിയതായി കാണിക്കുന്ന, സിബിഐ ഉദ്യോഗസ്ഥർ ഒപ്പിട്ട മെമ്മോ ദ കാരവന്റെ പക്കലുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ പിന്തുടരേണ്ട സൂചനകളുടെ ഒരു പട്ടികയും പ്രത്യേക അന്വേഷണ സംഘം സിബിഐക്ക് നൽകി. വിദേശ ഏജന്റുകൾക്ക് കൈമാറ്റം ചെയ്യപ്പെട്ട രേഖകളുടെ സ്വഭാവം സ്ഥാപിച്ചെടുക്കൽ, പ്രതിരോധ സ്ഥാപനങ്ങളിൽ നിന്ന് “രഹസ്യ രേഖകൾ” കൈക്കലാക്കുന്നതിൽ ബാംഗ്ലൂരിൽ ലേബർ കോൺട്രാക്ടറായ ശർമ്മയുടെ പങ്ക്, നമ്പി നാരായണനും സ്വകാര്യ കോൺട്രാക്ടറായ കുര്യൻ കളത്തിലും തമ്മിലുള്ള ബന്ധം, പല ഇടപാടുകളിലേയും ശ്രീവാസ്തവയുടെ റോൾ എന്നിവ ഉൾപ്പെടെയായിരുന്നു ഈ സൂചനാപ്പട്ടിക.

“ഞങ്ങൾ എല്ലാവരുടേയും പക്കലുള്ള കൈയ്യെഴുത്തു നോട്ടുകൾ, കേസിന്റേതായ നൂറുകണക്കിന് ഓഡിയോ ടേപ്പുകൾ, വീഡിയോ ടേപ്പുകൾ, കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും തുണ്ട് പേപ്പർ- ഐബി ജോയിന്റ് ഡയറക്ടറുടെ കൈയിലുള്ള എല്ലാം – നിക്ഷേപിക്കാൻ അവർ ആവശ്യപ്പെട്ടു,” ഒരു മുൻ ഐബി ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു. “അങ്ങേയറ്റം അസാധാരണമായിരുന്നു ഇത്.” എത്രയും പെട്ടെന്ന്, കേസ് ഡയറി ഉൾപ്പെടെ എല്ലാ രേഖകളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് സിബിഐക്ക് കൈമാറാനായിരുന്നു കേരളാ പൊലീസിന് ലഭിച്ച നിർദ്ദേശം.

സിബിഐയുടെ സൂപ്പർവൈസറി ഓഫിസറായിരുന്ന പി എം നായരുമായി ഞാൻ അഭിമുഖം നടത്തി. “ഞാൻ അന്വേഷണം ഏറ്റെടുക്കുമ്പോൾ ഇന്നയിന്ന ആളുകളെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്ന ഒരു കുറിപ്പടി (കച്ചാ സ്ലിപ്) എനിക്ക് തന്നു.” ഒമ്പത് പേരുടെ ഒരു പട്ടികയായിരുന്നു അത്. ആ ലിസ്റ്റിന് അനുസരിച്ച് മുന്നോട്ടുപോകാൻ താൻ തയ്യാറായില്ലെന്നും കേസ് ഡയറി കാണണമെന്ന് നിർബന്ധം പിടിച്ചെന്നും പി എം നായർ എന്നോട് പ്രതികരിച്ചു. “അവരുടെ ഡയറി പൂർത്തിയായിരുന്നില്ല, എഴുതിത്തീർക്കാൻ അവർ രണ്ടുദിവസം കൂടിയെടുത്തു,” അദ്ദേഹം പറയുന്നു. “വെപ്രാളത്തിനിടെ അവർ കേസ് ഡയറി അപ്പാടെ താറുമാറാക്കി, ആ ഡയറി തന്നെ ഒരു തെളിവാണ്,” “പ്രൊഫഷണലിസത്തിന്റെ സമ്പൂർണ ദാരിദ്ര്യമാണ് അത് കാണിക്കുന്നത്,” പി എം നായർ ആലങ്കാരികമായി കൂട്ടിച്ചേർത്തു.

ഒരു അന്വേഷണം നടക്കുന്ന ഘട്ടത്തിൽ കേസ് എങ്ങനെയാണ് മുൻപോട്ടുപോകുന്നത് എന്നതിനേക്കുറിച്ച് പൊലീസ് ഒരു ഡയറി സൂക്ഷിക്കേണ്ടതുണ്ട്. എന്നിരിക്കലും, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ പ്രകാരം ഒരു കേസ് ഡയറി കോടതി വിചാരണ വേളയിൽ തെളിവായി അവതരിപ്പിക്കാൻ കഴിയില്ല. മിക്കപ്പോഴും, കോടതി അത് ഒരു പരിമിത സഹായമായാണ് ഉപയോഗിക്കാറ്, പക്ഷെ വസ്തുതകൾ സ്ഥിരീകരിക്കാൻ കേസ് ഡയറിയെ ആശ്രയിക്കാനാകില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറിപ്പുകളും ഐബിയുടെ ടേപ്പുകളും ഉൾപ്പെടെ തനിക്ക് കൈമാറിയ മറ്റ് വിവരങ്ങളേക്കുറിച്ച് പിഎം നായർ സംസാരിച്ചില്ല.

പിഎം നായർ പറയുന്നതനുസരിച്ച് സിബിഐയുടെ കോർ ടീമിൽ മൂന്ന്-നാല് ഉദ്യോസ്ഥരിൽ കൂടുതലുണ്ടായിരുന്നില്ല. തുമ്പുകൾ പിന്തുടർന്ന് നേരിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പകരം, അതാത് സംസ്ഥാനത്തെ സിബിഐ ഓഫീസർമാർക്ക് കേസ് അങ്ങ് ഏൽപിച്ചു കൊടുക്കുകയാണ് ഈ ചെറുസംഘം ചെയ്തിരുന്നത്. “അതാണ് സിബിഐയുടെ സൗന്ദര്യം,” പിഎം നായർ പറഞ്ഞു. “ഞങ്ങൾക്ക് രാജ്യമെമ്പാടും ടീമുകളുണ്ട്. അതുകൊണ്ട്, ഞങ്ങൾക്ക് എല്ലായിടത്തും പോകേണ്ട ആവശ്യമില്ല; അവർ അന്വേഷിച്ചു വന്ന ശേഷം അറിയിക്കും.”

നമ്പി നാരായണന്റേയും എസ് കെ ശർമ്മയുടേയും റിമാൻഡ് കാലാവധി നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഒരു അപേക്ഷ നൽകിയിരുന്നു, കുറ്റാരോപിതർ “ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും, അയൽ രാജ്യങ്ങളുമായി നിലനിൽക്കുന്ന സൗഹാർദ്ദബന്ധത്തിനും ദോഷകരമായ രീതിയിൽ പ്രവർത്തിച്ചു” എന്ന് കാണിച്ചായിരുന്നു ഇത്. വരുമാനത്തിന് ആനുപതികമല്ലാത്ത സ്വത്ത് കൈവശം വെച്ചെന്ന കുറ്റം ചുമത്തി ശശികുമാരനെതിരെ സിബിഐ മറ്റൊരു കേസ് കൂടി ഫയൽ ചെയ്തു, ഈ കേസിൽ പ്രേരണാകുറ്റം ചുമത്തി നമ്പി നാരായണനെ പ്രതി ചേർത്തിരുന്നു. “അവരെ കസ്റ്റഡിയിൽ തന്നെ സൂക്ഷിക്കാൻ ഞങ്ങൾക്ക് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യണമായിരുന്നു, അത് കേസ് അന്വേഷിക്കാൻ 90 ദിവസങ്ങൾ കൂടി ഞങ്ങൾക്ക് നൽകി.” പിഎം നായർ എന്നോട് പറഞ്ഞു.

വളരെ പെട്ടെന്ന് തന്നെ, “ഐബി ഓഫീസർമാരോട് ആശയവിനിമയം നടത്തുന്നത് സിബിഐ നിർത്തി,” ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ എന്നോട് പ്രതികരിച്ചു. “അവർ ഞങ്ങൾക്ക് ഒഴിഞ്ഞുമാറിക്കൊണ്ടുള്ള മറുപടികൾ തരാൻ തുടങ്ങി”

“ഒന്നാലോചിച്ച് നോക്കൂ, അന്വേഷണത്തിൽ ഞങ്ങൾ സിബിഐയെ പിന്തുണച്ചുകൊണ്ടിരിക്കുകയായിരുന്നു, ചോദ്യം ചെയ്യലിൽ അവരെ സഹായിക്കുകയായിരുന്നു, പക്ഷെ വിജയ രാമ റാവു വന്നതോടെ എല്ലാം മാറിമറിഞ്ഞു,” അന്വേഷണത്തിന്റെ ഭാഗമായിരുന്ന ഐബി ഉദ്യോഗസ്ഥൻ പിഎ വിശ്വംഭരൻ എന്നോട് പറഞ്ഞു. “എല്ലാം തകർക്കപ്പെടുകയാണെന്ന് പിന്നെ എനിക്ക് മനസിലായി.”

വിജയ രാമ റാവു

കുറ്റാരോപിതരെ പാർപ്പിച്ചിരുന്ന തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ഡിസംബർ എട്ടിന് വിജയ രാമ റാവു സന്ദർശിച്ചെന്ന് നമ്പി നാരായണൻ തന്റെ ആത്മകഥയായ ‘ഓർമ്മകളുടെ ഭ്രമണപഥം’ (റെഡി ടു ഫയർ) എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. വിജയ രാമ റാവു, നമ്പി നാരായണനുമൊത്ത് കുറച്ചുമണിക്കൂറുകൾ ചെലവിട്ടു. ഐഎസ്ആർഒ പ്രവർത്തിക്കുന്നത് എങ്ങനെയാണ് എന്നതിനേക്കുറിച്ച് ശാസ്ത്രജ്ഞൻ സിബിഐ മേധാവിക്ക് ഒരു ഏകദേശ വിവരണം നൽകി. റോക്കറ്റ് എഞ്ചിനുകളുടേയും മറ്റ് ഭാഗങ്ങളുടേയും രേഖാചിത്രങ്ങളിൽ രഹസ്യസ്വഭാവമുള്ള വിവരമൊന്നും ഉണ്ടായിരുന്നില്ലെന്ന് നമ്പി നാരായണൻ വാദിച്ചു, “രേഖാചിത്രങ്ങളും രേഖകളും ഏത് ശാസ്ത്രജ്ഞനും റഫർ ചെയ്യാൻ ലഭ്യമാണ്” എന്നും. ഐഎസ്ആർഒയുടെ ഓഫീസ് വളപ്പിൽ നിന്ന് ഈ രേഖകൾ പുറത്തുകൊണ്ടുപോകാൻ ഒരു തരത്തിലുള്ള വിലക്കും ഇല്ലായെന്നും, പക്ഷെ അപൂർവ്വമായി മാത്രമേ ഒരു ശാസ്ത്രജ്ഞൻ അത് വീട്ടിൽ കൊണ്ടുപോകൂയെന്നും നമ്പി നാരായണൻ റാവുവിനോട് പറഞ്ഞു. “എല്ലാറ്റിനുമൊടുവിൽ, വിജയ രാമ റാവു എന്റെ കൈകൾ രണ്ടും അദ്ദേഹത്തിന്റെ കൈയിലെടുത്തു,” നമ്പി നാരായണൻ എഴുതി. “ഇപ്പോൾ ഞങ്ങൾക്ക് വ്യക്തമായൊരു ചിത്രം ലഭിച്ചു,” റാവു നമ്പിയോട് പറഞ്ഞു. “ഈ കേസ് ഈ നിലയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് എനിക്കറിയില്ല. ഞങ്ങൾ അങ്ങേയറ്റം ക്ഷമ ചോദിക്കുന്നു.”

സിബിഐ ഓഫീസർമാർ അന്വേഷണം കൃത്യമായി ആരംഭിക്കുന്നതിന് മുന്നേ തന്നെ സിബിഐ മേധാവി ഈ “വ്യക്തമായ ചിത്രത്തിൽ” എത്തിച്ചേർന്നതായാണ് കാണുന്നത്. വിശദമായ ഒരു സെറ്റ് ചോദ്യങ്ങൾ ഞാൻ വിജയ രാമ റാവുവിന് അയച്ചുകൊടുത്തു, പക്ഷെ അദ്ദേഹം എന്റെ അന്വേഷണങ്ങളോട് പ്രതികരിച്ചില്ല.

ഏതാനും മണിക്കൂറുകൾ കൊണ്ട് നമ്പി നാരായണനോട് സൗഹൃദ സംഭാഷണം നടത്തി അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യമായ സിബിഐ ഉദ്യോഗസ്ഥൻ റാവു മാത്രമായിരുന്നില്ല. സിബിഐ അഡീഷണൽ ഡയറക്ടറായ ഡിആർ കാർത്തികേയന് ചോദ്യം ചെയ്യാനായി ഡിസംബർ 18ന് നമ്പി നാരായണനെ ചെന്നൈയിലേക്ക് അയച്ചു. (കാർത്തികേയൻ പിന്നീട് ബ്യൂറോയുടെ ഡയറക്ടറായി.)

ഡി ആർ കാർത്തികേയൻ

“ഞാൻ അദ്ദേഹത്തെ സൂക്ഷ്മമായി അപഗ്രഥിച്ചു, എന്നിട്ട് അദ്ദേഹം പൂർണമായും നിരപരാധിയാണെന്ന് കണ്ടെത്തിയെന്ന് ഞാൻ സിബിഐ ഹെഡ്ക്വാർടേഴ്സിനെ അറിയിച്ചു,” ഡിആർ കാർത്തികേയൻ 2020 ഫെബ്രുവരിയിൽ ഫോണിലൂടെ നൽകിയ അഭിമുഖത്തിനിടെ എന്നോട് പറഞ്ഞു. താൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, “കേസ് സിബിഐ ക്ലോസ് ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു. ആ സമയത്ത്, കാർത്തികേയൻ രാജീവ് ഗാന്ധി വധം അന്വേഷിക്കുകയായിരുന്നു, അതുകൊണ്ട് ഐഎസ്ആർഒ ചാരക്കേസ് ആയിരുന്നില്ല അദ്ദേഹം കൈകാര്യം ചെയ്തിരുന്ന “പ്രധാന അന്വേഷണം.” ചോദ്യംചെയ്യൽ എത്ര നേരം നീണ്ടുനിന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ കാർത്തികേയൻ ആദ്യം ഇങ്ങനെ പറഞ്ഞു, “ഒന്നോ രണ്ടോ ദിവസത്തേക്കായിരുന്നു അതെന്നാണ് എനിക്ക് തോന്നുന്നത്-അദ്ദേഹത്തിന് (നമ്പി നാരായണൻ) അതിനേക്കുറിച്ച് പറയാൻ കഴിയും”. തന്റെ പുസ്തകത്തിലെ “മീറ്റിങ്ങ് കാർത്തികേയൻ” എന്ന ഭാഗത്ത് നമ്പി നാരായണൻ എഴുതുന്നത്, തന്നെ “നാല് മണിക്കൂർ” ചോദ്യം ചെയ്തെന്നാണ്. സംഭാഷണത്തിന്റെ പകുതിയിൽ വെച്ച് കാർത്തികേയൻ പുസ്തകത്തിലെ ഈ ഭാഗമെടുത്ത് എന്നെ വായിച്ചുകേൾപ്പിക്കാൻ തുടങ്ങി. എന്നിട്ട് പറഞ്ഞു, “ഈ ഭാഗം നിങ്ങൾ വായിച്ചിരുന്നെങ്കിൽ, ഇത്രമാത്രം ചോദ്യങ്ങൾ ചോദിക്കില്ലായിരുന്നു.” ഫോൺ വെയ്ക്കുന്നതിന് മുൻപ് അദ്ദേഹം ഇങ്ങനെ ഉദ്ബോധിപ്പിച്ചു, “നമ്പി നാരായണന്റെ വേർഷൻ അന്തിമമായി കണ്ട് മുന്നോട്ടുപോകുക.”

അതേ സമയം, മലയാള മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള മുൻനിര ദിനപത്രങ്ങൾ, സിബിഐ കേസ് ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വാർത്തകൾ പ്രസിദ്ധീകരിച്ചുതുടങ്ങി. കുറ്റാരോപിതർ നൽകിയ മൊഴിയേക്കുറിച്ച് വന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, ഒരു കൂട്ടം അഭിഭാഷകരുടെ സന്നദ്ധ സംഘടനയായ നിയമവേദിയെ പ്രതിനിധീകരിച്ച് എഎക്സ് വർഗീസ് എന്ന വ്യക്തി കേരള ഹൈക്കോടതിയെ സമീപിച്ചു, ഡിസംബർ 13നായിരുന്നു ഇത്. രമൺ ശ്രീവാസ്തവയെ കേസിൽ പ്രതി ചേർക്കണമെന്നും സസ്പെൻ‌ഡ് ചെയ്യണമെന്നും നിയമവേദി ആവശ്യപ്പെട്ടു. സിബിഐ ശ്രീവാസ്തവയെ “അറസ്റ്റ് ചെയ്യാൻ മടിക്കുകയാണ്” എന്നും ശ്രീവാസ്തവ കൈയാളുന്ന “ഉന്നത ബന്ധങ്ങൾ കണക്കിലെടുത്ത് ഇയാളെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യണം” എന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

ഈ ഹർജിയിൽ മറുപടി പറയാൻ സിബിഐ കൂടുതൽ സമയം അഭ്യർത്ഥിച്ചു. ഡിസംബർ 28ന് കേസിൽ വാദം കേൾക്കുമ്പോൾ ബ്യൂറോയുടെ അഭിഭാഷകനിൽ നിന്ന് യാതൊരു മറുപടിയുമുണ്ടായില്ല. ഈ ഘട്ടത്തിൽ, ശ്രീവാസ്തവയെ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ടുകൾ സമർപ്പിക്കാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. ശ്രീവാസ്തവയെ ചോദ്യം ചെയ്ത സിബിഐ ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലങ്ങളിൽ “നിഗൂഢതയുണ്ട്” എന്ന് ജഡ്ജിമാരായ കെ ശ്രീധരനും ബിഎൻ പട്നായിക്കും പ്രസ്താവിച്ചു. കേരളാ പൊലീസിന്റെ കേസ് ഡയറി ഹൈക്കോടതി പരിശോധിച്ചു, ശേഷം സിബിഐ മേധാവി വിജയ രാമ റാവുവിനോട് “മുഴുവൻ വിവരങ്ങങ്ങളിലൂടേയും കടന്നുപോകാനും അന്വേഷണം മുന്നോട്ടുപോകുന്നത് ശരിയായ ദിശയിലാണോയെന്ന് സ്വയം ബോധ്യപ്പെടുത്താനും” നിർദ്ദേശിച്ചു.

ജനുവരി 13ന് ഹൈക്കോടതി നിയമവേദിയുടെ ഹർജി തള്ളി, കേസിൽ ഒരാളെ പ്രതി ചേർക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഉത്തരവിടാൻ ഒരു കോടതിക്കും അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. ബെഞ്ച് അവലോകനം ചെയ്ത എല്ലാ രേഖകളേയും കുറിച്ചുള്ള വിവരം ഉത്തരവിലുണ്ടായിരുന്നു, കേരള പൊലീസിന്റെ കേസ് ഡയറിയേക്കുറിച്ചും സിബിഐയുടെ കീഴിൽ അന്വേഷണം മുന്നോട്ടുപോകുന്നതിനെ കോടതി എങ്ങനെയാണ് കാണുന്നത് എന്നതെല്ലാം ഉൾപ്പെടെ. ഉത്തരവിൽ ഹൈക്കോടതി ഇങ്ങനെ പ്രസ്താവിക്കുന്നു, “സിബിഐ ലഭ്യമാക്കിയ ഫയലുകൾ പരിശോധിക്കുമ്പോൾ, മിസ്റ്റർ സിബി മാത്യു നിർദ്ദേശിച്ച വശങ്ങളിലൂടെ മുന്നോട്ടുപോയിക്കൊണ്ടുള്ള ഒരു അന്വേഷണം അവർ നടത്തിയിട്ടില്ലെന്ന് വ്യക്തമാണ്.”

രമൺ ശ്രീവാസ്തവ

1994 നവംബർ 25ന് ശശി കുമാരനെ ചോദ്യംചെയ്തതിന്റെ റിപ്പോർട്ട് പൊലീസും ഐബിയും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇടപാടുകളിൽ ശ്രീവാസ്തവ ഉൾപ്പെട്ടിട്ടുണ്ടെന്നും ശ്രീവാസ്തവ മുഖേന വലിയ അളവിൽ പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഈ റിപ്പോർട്ടിലുണ്ടായിരുന്നു. കോടതി ഉത്തരവിൽ ഇക്കാര്യവും പരാമർശിക്കപ്പെട്ടു. ചന്ദ്രശേഖറുടേയും ഫൗസിയ ഹസന്റേയും മറിയം റഷീദയുടേയും മൊഴികളിലൂടെയാണ് ഇത് ബലപ്പെട്ടിരുന്നത്, ഫോട്ടോ കണ്ടുള്ള തിരിച്ചറിയലിനേക്കുറിച്ച് സംശയങ്ങൾ അവശേഷിച്ചിരുന്നെങ്കിലും. “രമൺ ശ്രീവാസ്തവ ‘ബ്രിഗേഡിയർ’ എന്നുകൂടി അറിയപ്പെട്ടിരുന്നെന്ന് ചന്ദ്രശേഖരന്റെ മൊഴിയിൽ നിന്ന് വ്യക്തമാണ്,” കോടതി ഉത്തരവിൽ പറയുന്നു. ശശികുമാരൻ, ചന്ദ്രശേഖർ എന്നിവരെ സംബന്ധിച്ച പൊലീസ്-ഐബി രേഖകൾ പ്രകാരം, രമൺ ശ്രീവാസ്തവയെ മാനേജിങ്ങ് ഡയറക്ടറാക്കിക്കൊണ്ട് കവലിയർ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കാനായിരുന്നു പദ്ധതി, ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകൾ നിർമ്മിക്കുന്ന ഈ കമ്പനിക്ക് ഏകദേശം 70 ലക്ഷം രൂപയാണ് പ്രാരംഭ നിക്ഷേപമായി കണക്കാക്കിയിരുന്നത്.

കേരള പൊലീസിനുള്ളിലെ ആന്തരിക സംഘർഷങ്ങൾ മൂലം ശ്രീവാസ്തവയുടെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണെന്ന് സിബിഐ വാദിച്ചു. “ഇപ്പോൾ ലഭ്യമായ ഫയലുകൾ പരിശോധിച്ച് കേരള പൊലീസിൽ നിലനിൽക്കുന്നതായി ആരോപിക്കപ്പെട്ട ആന്തരിക സംഘർഷത്തേക്കുറിച്ച് കണ്ടെത്താൻ ശ്രമിച്ചു, പക്ഷെ കണ്ടെത്താനായില്ല,” ഉത്തരവിൽ കോടതി ഇങ്ങനെ പറയുന്നുണ്ട്.

“പ്രസ്തുത വരികൾ ഉൾപ്പെടുന്ന മൊഴി ബാഹ്യസമ്മർദ്ദത്തിലൂടെ നേടിയതാണെന്ന് കുറ്റാരോപിതരുടെ വാദമുണ്ട്” എന്ന് സിബിഐ റിപ്പോർട്ട് ആരോപിച്ചു. “കുറ്റാരോപിതർ നടത്തിയ മൊഴിമാറ്റത്തെ മൗലിക അടിസ്ഥാനമാക്കിയാണ് സിബിഐ ഈ നില സ്വീകരിക്കുന്നത് “എന്നാണ് കോടതി നിരീക്ഷിച്ചത്. “സിബിഐ ഉദ്യോഗസ്ഥർ സ്വീകരിച്ച ഈ സമീപനം കോടതിക്ക് അംഗീകരിക്കാനാവില്ല.”

1995 ജനുവരിയിൽ ഐബിയുടെ ചോദ്യം ചെയ്യൽ ടേപ്പുകളിൽ മൂന്നെണ്ണം കേരള ഹൈക്കോടതി മുമ്പാകെയെത്തി. ടേപ്പുകൾ പരിശോധിച്ച ജസ്റ്റിസ് ശ്രീധരനും ജസ്റ്റിസ് പട്നായിക്കും, ബലപ്രയോഗമുണ്ടായെന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞു:

“ഫൗസിയ മുസ്തഫ, ചന്ദ്രശേഖരൻ, ശശികുമാർ എന്നിവരെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുന്ന സമയത്ത് തന്നെ അത് വീഡിയോ കാസറ്റുകളിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. കോടതി മുമ്പാകെ ഐബി ഹാജരാക്കിയ മൂന്ന് വീഡിയോ കാസറ്റുകളും ഞങ്ങൾ കണ്ടു. പീഡിപ്പിക്കപ്പെടുമെന്ന ഏതെങ്കിലും ഭയത്താൽ അല്ല ഈ മൂന്ന് പ്രതികളും ഉത്തരങ്ങൾ നൽകിയതെന്ന് അതിൽ നിന്നും സുവ്യക്തമാണ്. ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ ആയാസമോ കൂടാതെ, ഏറെ സന്തോഷത്തോടെയും ശാന്തരായും ആണ് പ്രതികൾ കാണപ്പെട്ടത്. അതുകൊണ്ട്, പിന്നീടൊരു ഘട്ടത്തിൽ ഈ പ്രതികൾ സിബിഐയാൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ നൽകിയ മൊഴിയിൽ, തങ്ങൾ പൊലീസിനാൽ പീഡനത്തിന് ഇരയായി എന്ന് പറയുന്നതിൽ വസ്തുതയില്ല. അത് തള്ളിക്കളയേണ്ടത് മാത്രമാണ്.”

ചാരക്കേസിൽ ഐബിയും കേരളാ പൊലീസും നടത്തിയ പ്രാഥമികാന്വേഷണത്തിൽ ശേഖരിച്ച വിവരങ്ങൾ ഒരു കോടതി പരിശോധിക്കുന്നത് ഈ ഒരേയൊരു സന്ദർഭത്തിൽ മാത്രമാണ്. ഞാൻ ജസ്റ്റിസ് ശ്രീധരനോട് ടേപ്പുകളേക്കുറിച്ച് ചോദിച്ചു. മർദ്ദനമുണ്ടായിട്ടില്ല എന്ന് വിലയിരുത്താൻ കാരണമെന്താണെന്ന് ആരാഞ്ഞു. “മൂന്നോ നാലോ മണിക്കൂറുകൾ” എല്ലാ ടേപ്പുകളും കണ്ടുകൊണ്ടിരുന്നതും സംശയിക്കപ്പെടുന്നവരുടെ പെരുമാറ്റം നിരീക്ഷിച്ചതും അദ്ദേഹം ഓർത്തെടുത്തു. “അയാളോ അവരോ മൂന്നാം മുറയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണെങ്കിൽ, അവർ ഉത്തരങ്ങൾ നൽകും, പക്ഷെ ശരീരഭാഷയിൽ അവരുടെ മേൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ബാഹ്യബലാൽക്കാരം പ്രതിഫലിക്കും,” അദ്ദേഹം പറഞ്ഞു. “അത്തരം തെളിവുകൾ അവിടെയുണ്ടായിരുന്നില്ല.” രണ്ട് ആളുകൾ തമ്മിലുള്ള സംഭാഷണം എന്ന പോലെ ചോദ്യങ്ങൾക്ക് പ്രതികൾ “കാഷ്വൽ മറുപടികൾ” നൽകിയിരുന്നതായി അദ്ദേഹം നിരീക്ഷിച്ചു. “പീഡിപ്പിച്ചെന്നും മർദ്ദിച്ചെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സിബിഐ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഞങ്ങൾക്ക് ബോധ്യമായി.”

ശശികുമാരനോട് ഈ ടേപ്പുകളിൽ റെക്കോഡ് ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കുറ്റസമ്മതങ്ങളേക്കുറിച്ച് ഞാൻ ചോദിച്ചു. “ഇതെല്ലാം എപ്പോഴും കെട്ടിച്ചമയ്ക്കാവുന്നതാണ്,” അദ്ദേഹം എന്നോട് പറഞ്ഞു. ചാരവൃത്തിയേക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ച ശശികുമാരൻ കേസ് മുഴുവൻ കെട്ടിച്ചമച്ചതായിരുന്നെന്ന് എന്നോട് വാദിച്ചു.

തെളിവിൽ കൃത്രിമത്വം കാട്ടിയെന്ന് ആരും ഒരിക്കലും കോടതി മുമ്പാകെ വാദമുയർത്തിയില്ലെന്ന് ജസ്റ്റിസ് ശ്രീധരൻ ചൂണ്ടിക്കാട്ടി. “ടേപ്പുകളുടെ സത്യസന്ധതയും ആധികാരികതയും സംബന്ധിച്ച് അത്തരത്തിലൊരു ചോദ്യം ഉയർന്നുവന്നിരുന്നെങ്കിൽ, ഞങ്ങൾ ടേപ്പുകളിൽ കൃത്രിമം നടന്നോ ഇല്ലയോ എന്ന് കാണാനായി അവ ഫോറൻസിക്-സയൻസ് ലബോറട്ടറിയിലേക്ക് അയച്ചേനെ,” അദ്ദേഹം പറഞ്ഞു. “അങ്ങനയൊരു ചോദ്യം ഉണ്ടാകാതിരുന്നതിനാൽ, അത്തരമൊരു വാദപ്രതിവാദവുമുണ്ടായില്ല.”

ധർ തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു, സിബിഐ അന്വേഷണം ഏറ്റെടുത്തെങ്കിൽ പോലും, ഹൈക്കോടതി മുൻപാകെ
“സ്വീകാര്യവും ഏകീകൃതവുമായ തെളിവുകൾ” ഹാജരാക്കാൻ നരസിംഹ റാവു സർക്കാർ ഐബിയുടെ മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. 1995 ജനുവരി 31ന് പഥകിൽ നിന്നും ഒരു ഫോൺ കോൾ സ്വീകരിച്ച ശേഷം ധർ രാജിവെയ്ക്കാൻ നിർബന്ധിതനായി. തന്നെ പഥക് “ഐസ്ആർഒ ചാരക്കേസിൽ പ്രധാനമന്ത്രിയുടെ മകനെ കുടുക്കാനായി മനപൂർവ്വം ശ്രമിച്ച ഒരു രാജ്യദ്രോഹി,” എന്ന് വിളിച്ചതായി ധർ എഴുതിയിരിക്കുന്നു. ഐബി ഡയറക്ടർ ഈ കോൾ വിളിക്കുന്നതിന്റെ തലേ രാത്രിയിൽ “തന്റെ മുൻ റിപ്പോർട്ടുകളിലൂടെ ഇതുവരെ സർക്കാരിന് നൽകിക്കൊണ്ടിരുന്ന വിവരങ്ങളെന്താണോ, അതിനെല്ലാം വിരുദ്ധമായ” ഒരു അന്തിമ റിപ്പോർട്ട് അയച്ചുകൊടുത്തെന്ന് ധറിനോട് പിന്നിടൊരു സഹപ്രവർത്തകൻ പറഞ്ഞു. പഥകുമായി ബന്ധപ്പെടാൻ ഞാൻ പലതവണ ശ്രമിക്കുകയും വിശദമായ ഒരു ചോദ്യാവലി തയ്യാറാക്കി അയച്ചുകൊടുക്കുകയും ചെയ്തു, പക്ഷെ അദ്ദേഹം പ്രതികരിച്ചില്ല.

പൊതുജനാക്ഷേപം ഉയർന്നുവന്നെങ്കിൽ പോലും, കെ കരുണാകരന്റെ നേതൃത്വത്തിൽ സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ, ഈ ദീർഘകാലത്തിനിടെ ശ്രീവാസ്തവയ്ക്കെതിരെ യാതൊരു നടപടിയുമെടുത്തിരുന്നില്ല. ശ്രീവാസ്തവയ്ക്കെതിരെ ശക്തമായ തെളിവുണ്ടെങ്കിൽ മാത്രമേ നടപടിയെടുക്കൂ എന്നായിരുന്നു സർക്കാരിന്റെ വാദം. പക്ഷെ, കോടതി ഉത്തരവ് പുറത്തുവന്നതോടെ, ഗവർണറുടെ ഉത്തരവുപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീവാസ്തവയെ സസ്പെൻഡ് ചെയ്തു. വൈകിയെടുത്ത ഈ തീരുമാനത്തിന് കരുണാകരൻ തന്റെ രാഷ്ട്രീയ ജീവിതം കൊണ്ട് വില നൽകേണ്ടി വന്നു. 1995 മാർച്ചിൽ കരുണാകരൻ രാജിവെയ്ക്കുന്നതുവരെ പ്രതിപക്ഷവും അതൊടൊപ്പം കോൺഗ്രസിലെ എതിർചേരിയും ഈ വിഷയത്തിൽ ശക്തമായ വിമർശനമുന്നയിച്ചുകൊണ്ടിരുന്നു. ഞാൻ ശ്രീവാസ്തവയ്ക്ക് വിശദമായ ഒരു ചോദ്യാവലി തയ്യാറാക്കി അയച്ചുകൊടുത്തു, പക്ഷെ എന്റെ അന്വേഷണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല.

സിബിഐ തങ്ങളുടെ അന്വേഷണം ഒന്നര വർഷം കൂടി തുടർന്നു, പക്ഷെ, ബാഹ്യസമ്മർദ്ദത്താലാണ് കുറ്റസമ്മതം നേടിയതെന്നും ശ്രീവാസ്തവയുടെ പേര് അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നുമുള്ള നിലപാടിൽ തന്നെ സിബിഐ നിന്നു. “കേരള പൊലീസിന്റെ അന്വേഷണ സംഘവും ഐബിയും ചേർന്നുണ്ടാക്കിയ, തെളിവെന്ന് പറയപ്പെടുന്ന എല്ലാം കെട്ടിച്ചമച്ചതായിരുന്നു,” പിഎം നായർ എന്നോട് പ്രതികരിച്ചു.

പ്രാരംഭവിവരണം ലഭിക്കുകയും ശേഷം കേസ് വിട്ടുകളയാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്ത സംഘത്തിലുണ്ടായിരുന്ന ഒരു മുൻ സിബിഐ ഓഫീസർ, സിബിഐയ്ക്ക് കീഴിൽ കൃത്യമായ അന്വേഷണം നടന്നിട്ടേ ഇല്ലായെന്ന് എന്നോട് പറഞ്ഞു. തന്റെ ഡിപ്പാർട്മെന്റ് ആവശ്യപ്പെട്ട ടെലിഫോൺ റെക്കോർഡുകൾ ഒരിക്കലും തങ്ങൾക്ക് ലഭിക്കുകയുണ്ടായില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഫോൺ റെക്കോർഡുകളും സമ്പർക്കവിവരങ്ങളും “ആശയവിനിമയ ശൃംഖലകളെ തിരിച്ചറിയാൻ” അവർക്ക് സഹായകമായേനെ.

“സൂക്ഷ്മമായ ചോദ്യം ചെയ്യലിന് അത് തുണയായേനെ,” അദ്ദേഹം എന്നോട് പറഞ്ഞു. “അന്വേഷിക്കപ്പെടേണ്ടതായി ഒരുപാട് സംഗതികളുണ്ടായിരുന്നു”

തുടരും…

(പരിഭാഷ: റെയ്ക്കാഡ് അപ്പു ജോര്‍ജ്‌)

Also Read: ബഹിരാകാശ രഹസ്യങ്ങള്‍: ഇന്ത്യയിലെ ഏറ്റവും വലിയ ചാരക്കേസ് സിബിഐ ഇല്ലാതാക്കിയത് എങ്ങനെ?

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ കേരള രാഷ്ട്രീയത്തേയും മലയാള മാധ്യമരംഗത്തേയും ഐഎസ്ആര്‍ഒ ചാരക്കേസിനോളം ഇളക്കിമറിച്ച മറ്റൊരു സംഭവമുണ്ടായിട്ടില്ല. ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ മുന്‍ പൊലീസ്-ഐബി ഉദ്യോഗസ്ഥരെ സിബിഐ പ്രതിയാക്കിയതോടെ ചാരക്കേസ് ചര്‍ച്ചകളുടെ പുതിയൊരു ഘട്ടം ആരംഭിച്ചുകഴിഞ്ഞു. നിഗൂഢതകള്‍ അവശേഷിക്കുന്നതിനിടെ കാരവന്‍ ലേഖിക നിലീന എംഎസ് തയ്യാറാക്കിയ വാര്‍ത്താ റിപ്പോര്‍ട്ട് സിബിഐ എങ്ങനെയാണ് കേസ് അട്ടിമറിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നു. ചാരക്കേസിനേക്കുറിച്ച് ഇതുവരെ പുറത്തുവന്നതില്‍ ഏറ്റവും സമഗ്രമായ അന്വേഷണാത്മക വാര്‍ത്താ റിപ്പോര്‍ട്ട് ന്യൂസ്‌റപ്റ്റ് മലയാളത്തിൽ പരമ്പരയായി പ്രസിദ്ധീകരിക്കുന്നു. ആദ്യ ചാപ്റ്റർ വായിക്കാം.

Also Read: ‘ചാരക്കേസ് അന്വേഷിച്ച സിബിഐ ഡിഐജിക്കും രമൺ ശ്രീവാസ്തവയുടെ ഭാര്യക്കും നമ്പി നാരായണൻ ഭൂമി കൈമാറി’; ഹൈക്കോടതിയിൽ രേഖകളുമായി മുൻ പൊലീസ് ഉദ്യോ​ഗസ്ഥർ

Also Read: രാജ്യങ്ങള്‍ ക്രയോ സാങ്കേതികവിദ്യ ഇത്രയേറെ ആഗ്രഹിച്ചതെന്തുകൊണ്ട്?; മോഡി-നമ്പി കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെന്ത്?; കാരവന്‍-ഐഎസ്ആര്‍ഒ അന്വേഷണറിപ്പോര്‍ട്ട് മൂന്നാം ഭാഗം

Also Read: സിബിഐ അന്വേഷിക്കാതിരുന്ന ‘രഹസ്യ കൈമാറ്റങ്ങൾ’, സംശയിക്കാതെ വിട്ട നമ്പി നാരായണന്റെ 45,498 രൂപയുടെ ടെലിഫോൺ ബിൽ; കാരവൻ – ചാരക്കേസ് അന്വേഷണ റിപ്പോർട്ട് നാലാം ഭാ​ഗം