ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ മുന്‍ കാലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കെത്തിയ നേതാക്കളില്‍ പലരും തിരിച്ചുപോകുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാവ് മുകുള്‍ റോയിയെ ഫോണില്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി. മുകുള്‍ റോയിയുടെ ഭാര്യ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യപരമായ കാര്യങ്ങള്‍ ആരായാനാണ് പ്രധാനമന്ത്രി വിളിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തിരവനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് ബാനര്‍ജി ആശുപത്രി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മോഡിയുടെ ഫോണ്‍ കോള്‍ എന്നതും ശ്രദ്ധേയമാണ്.
മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്നെങ്കിലും പിന്നീട് ബിജെപി പാളയത്തിലെത്തിയ മുകുള്‍ റോയ്, പാര്‍ട്ടിയില്‍നിന്നും നേരിടുന്ന അവഗണനയില്‍ അസ്വസ്ഥനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയ വന്‍ വിജയത്തിന് പിന്നാലെ നേരത്തെ പാര്‍ട്ടിയില്‍നിന്നും ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കള്‍ മടങ്ങിവരവിന് ഒരുങ്ങുന്നെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു മുകുള്‍ റോയിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.
അവഗണനകള്‍ക്ക് പുറമെ, തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തൃണമൂലില്‍നിന്നും ബിജെപിയിലെത്തിയ സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കിയതും മുകുള്‍ റോയിയെ ചൊടിപ്പിച്ചിട്ടുണ്ട്. തൃണമൂലിലേക്ക് മടങ്ങാനുള്ള ആഗ്രഹം മുകുള്‍ റോയ് പ്രകടിപ്പിച്ചുകഴിഞ്ഞെന്നാണ് വിവരം.
ഏതാനും മിനുട്ടുകള്‍ മാത്രം നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി റോയിയുടെ ഭാര്യയുടെ ആരോഗ്യ കാര്യങ്ങള്‍ മാത്രമാണ് അന്വേഷിച്ചതെന്നും രാഷ്ട്രീയം ചര്‍ച്ചയായിട്ടില്ലെന്നുമാണ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മമത ബാനര്‍ജിയുടെ കോര്‍ ടീം അംഗമായിരുന്ന മുകുള്‍ റോയ് 2017ലാണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്. ബംഗാളില്‍ അടിത്തറ പണിയാന്‍ കഠിന പ്രയത്നത്തിലായിരുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം റോയിയുടെ വരവ് വലിയ കരുത്തായി.
രണ്ട് വര്‍ഷത്തിന് ശേഷം നടന്ന 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 42ല്‍ 18 സീറ്റുകള്‍ സ്വന്തമാക്കി തൃണമൂലിനെ ഞെട്ടിക്കുന്നതിലേക്ക് വളര്‍ന്നതിന് പിന്നിലെ മാസ്റ്റര്‍ പ്ലാന്‍ റോയിയുടെതായിരുന്നു.
എന്നാല്‍, റോയിയുടെ മകന് സുബ്രാന്‍ശു തൃണമൂലിന്റെ പടിയിറങ്ങി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റോടെ റോയിയുടെ സ്റ്റാര്‍ വാല്യു ഇടിഞ്ഞു തുടങ്ങി. ‘ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരത്തിലെത്തിച്ച ഒരു സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മുമ്പ് ആദ്യം ചെയ്യേണ്ടത് ആത്മവിമര്‍ശനമാണ്’, എന്നായിരുന്നു സുബ്രാന്ശുവിന്റെ കുറിപ്പ്.
ബിജെപിയെ ഉന്നംവെച്ച് സുബ്രാന്‍ശു നടത്തിയ ഈ ഒളിയമ്പില്‍ മുകുള്‍ റോയ് യാതൊരു പ്രതികരണത്തിനും തയ്യാറായില്ല.
ബിജെപിയുടെ എല്ലാത്തരത്തിലുമുള്ള വെല്ലുവിളികളെയും നേരിട്ട്, പാര്‍ട്ടിയില്‍നിന്നും ബിജെപിയിലേക്ക് നേതാക്കളടക്കം നടത്തിയ കൂട്ടപലായനത്തിലും പതറാതെ മൂന്നാം തവണയും അധികാരമുറപ്പിച്ച മമതാ ബാനര്‍ജിയോട് മുകുള്‍ റോയിയടക്കമുള്ളവര്ക്ക് ബഹുമാനം വര്‍ധിക്കുകയാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍ എംഎല്‍എ സൊനാലി ഗുഹ, ഫുട്ബോളില്‍നിന്നും രാഷ്ട്രീയത്തിലെത്തിയ ദിപേന്ദു ബിശ്വാസ്, സരള മുര്‍മു, അമല്‍ ആചാര്യ തുടങ്ങിയ നേതാക്കളും ഒരു ‘ഗര്‍വാപസി’ക്ക് തയ്യാറെടുക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തട്ടകം മാറ്റി പരീക്ഷിക്കാന്‍ ബിജെപിയിലെത്തിയ മുന്‍ മന്ത്രി രജിബ് ബാനര്‍ജിയും തൃണമൂലിലേക്കുള്ള മടക്കത്തിന് വണ്ടികയറുന്നവരുടെ കൂടെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് മടങ്ങിവരാനുള്ള ആഗ്രഹം പരസ്യമാക്കിയിരിക്കുന്നതെന്നും ചില വലിയ നേതാക്കളും മടങ്ങിയെത്തുമെന്നുമാണ് സൂചന.