വാക്‌സിന്‍ വേസ്റ്റേജ് ഫാക്ടറടക്കം ഉപയോഗിച്ചു, കേരളത്തിന് അഭിനന്ദനം; പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ച് മോഡി

ന്യൂഡല്‍ഹി: ലഭിച്ച വാക്‌സിന്‍ കേരളം ഉപയോഗിച്ച രീതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു അഭിന്ദനം. വാക്‌സിന്‍ ഒട്ടും പാഴാക്കെ ഉപയോഗിച്ച ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതെന്ന് മോഡി ട്വീറ്റ് ചെയ്തു.

‘വാക്‌സിന്‍ പാഴാക്കല്‍ എങ്ങനെ കുറയ്ക്കാമെന്നതിന് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും നഴ്‌സുമാരും മാതൃകയായിരിക്കുകയാണ്’, മോഡി ട്വീറ്റ് ചെയ്തു.

കേരളത്തിന് കേന്ദ്രം 73,38,806 ഡോസ് വാക്‌സിനാണ് അനുവദിച്ചിരുന്നത്. വയല്‍ വേസ്റ്റേജ് ഫാക്ടറായുള്ള ഡോസും ആളുകള്‍ക്ക് നല്‍കിയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

അതേസമയം, 500 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. 50 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനും ഓക്സിജന്‍ ടാങ്കറുകളും വെന്റിലേറ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും വരും ദിവസങ്ങളില്‍ ആവശ്യകത വര്‍ധിച്ചേക്കാമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകളും ഓക്സിജന്‍ കിടക്കകളും നിറഞ്ഞുതുടങ്ങി. സ്വകാര്യമേഖലയിലെ 85 ശതമാനം കൊവിഡ് കിടക്കകളിലും രോഗികളുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ഐസിയു നിറഞ്ഞു. നാല് വെന്റിലേറ്റര്‍ മാത്രമാണ് അവശേഷിക്കുന്നത്. 90 ശതമാനം ഓക്സിജന്‍ കിടക്കകളിലും ഇപ്പോള്‍ രോഗികളുണ്ട്.