ലഖ്ന: തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സംസ്ഥാന കര്‍ഷകരെ അണിനിരത്തുമെന്ന് ബികെയു നേതാവ് നരേഷ് ടിക്കായത്ത്. രാജ്യത്തെ കര്‍ഷക പ്രക്ഷോഭം ആറ് മാസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് നരേഷ് ടിക്കായത്തിന്റെ പ്രതികരണം.
കര്‍ഷകര്‍ ബിജെപിയെ എപ്പോഴും പിന്തുണച്ചിരുന്നു എന്നത് സത്യമാണ്. പക്ഷെ ഇനിയുണ്ടാവില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ അന്തരീക്ഷം രൂപപ്പെടുത്താന്‍ തങ്ങള്‍ ശ്രമിക്കുന്നുവെന്നും നരേഷ് ടിക്കായത്ത് പറഞ്ഞു.
ആറ് മാസങ്ങളായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ പിന്തുണയാലാണ് പ്രക്ഷോഭം നടക്കുന്നതെന്ന് ആരോപണമുയരുന്നല്ലോ എന്ന ചോദ്യത്തോടും നരേഷ് ടിക്കായത്ത് പ്രതികരിച്ചു.
സര്‍ക്കാരിനെ താഴെയിറക്കാന്‍ എപ്പോഴും പ്രതിപക്ഷം ശ്രമിച്ചു കൊണ്ടിരിക്കും എന്നായിരുന്നു നരേഷ് ടിക്കായത്തിന്റെ പ്രതികരണം.