24 മണിക്കൂറിനിടെ കേസുകൾ 90000; ആശങ്കയോടെ രാജ്യം; നിയന്ത്രണങ്ങൾ കടുക്കുന്നു

കൊവിഡ് മൂന്നാം തരംഗമെത്തിനിൽക്കുന്ന രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പുതിയ കേസുകൾ രജിസ്റ്റർ ചെയ്‌തു. 58,097 കേസുകൾ റിപ്പോർട്ട് ചെയ്‌ത കഴിഞ്ഞ ദിവസത്തേക്കാൾ 55 ശതമാനാണ് വർധനവ്. 2630 ഒമിക്രോൺ കേസുകളും രജിസ്റ്റർ ചെയ്‌തു. കേരളത്തിലും കേസുകൾ ഉയരുകയാണ്.

രണ്ട് മാസമായി പ്രതിദിന കേസുകളും പൊസിറ്റിവിറ്റി നിരക്കും കുറഞ്ഞുനിന്ന സംസ്ഥാനത്ത് രണ്ട് ദിവസം കൊണ്ട് അത് കുത്തനെ ഉയർന്നു. ബുധനാഴ്ച്ച 4801 പേർ രോഗികളായപ്പോൾ ടിപിആർ 6.75 ആണ്. ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണവും 230 ആയി. സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതൽ നിയന്ത്രണങ്ങൾ വേണോയെന്ന് ആലോചിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.43 ആണ്.  2,85,401 സജീവ കൊവിഡ് രോഗികളാണ് നിലവിലുള്ളത്. ആദ്യ ഒമിക്രോൺ മരണവും കേന്ദ്രസർക്കാർ ബുധനാഴ്ച്ച സ്ഥിരീകരിച്ചു. രാജ്യസ്ഥാനിൽ 74 വയസുള്ളയാളാണ് ഒമിക്രോൺ കാരണമായി മരിച്ചത്. 797 കേസുകളുമായി മഹാരാഷ്ട്രയാണ് ഒമിക്രോൺ കണക്കുകളിൽ മുന്നിൽ. പിന്നീട് ഡൽഹിയും രാജസ്ഥാനും കഴിഞ്ഞാൽ കേരളമാണ് രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുള്ള സംസ്ഥാനം.

രണ്ടാം തരംഗ സമയത്തെ വ്യാപന നിരക്കിനേക്കാൾ ഉയരെയാണ് നിലവിൽ രോഗം പകരുന്ന തോത്. 1.69 ആയിരുന്നു രണ്ടാം തരംഗത്തിൽ വ്യാപന നിരക്കെങ്കിൽ നിലവിൽ അത് 2.69ൽ എത്തിനിൽക്കുകയാണ്. വരും ദിവസങ്ങളിൽ കേസുകൾ വലിയ അളവിൽ ഉയരാനാണ് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് മുംബൈയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പ്രതിദിനം 15000 രോഗികൾ. ഡൽഹിയിൽ രോഗികൾ ഒറ്റ ദിവസംകൊണ്ട് ഇരട്ടിയോളം വർധിച്ച് 10000 കടന്നു. കൽക്കത്തയിലാണ് പശ്ചിമബംഗാളിലെ ആകെ കേസുകളിൽ പകുതിയും.

കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്.