‘പുനരുജ്ജീവനത്തിനുള്ള അവസാന ചാന്‍സാണ്’; സോണിയ ഗാന്ധിക്ക് നവ്‌ജോത് സിദ്ധുവിന്റെ കത്ത്, നീക്കം രാഹുലിനെ കണ്ടതിന് പിന്നാലെ

അമൃത്സര്‍: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബില്‍, കോണ്‍ഗ്രസിന്റെ തുടര്‍ഭരണവും പാര്‍ട്ടിയിലെ പ്രശ്‌നപരിഹാരവും ചൂണ്ടിക്കാട്ടി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി നവ്‌ജോത് സിങ് സിദ്ധു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ മുന്‍നിര്‍ത്തി 13 അജണ്ടകള്‍ അവതരിപ്പിക്കാനായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പഞ്ചാബ് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും വീണ്ടെടുക്കാനുമുള്ള അവസാന ചാന്‍സാണിത് എന്ന് മുന്നറിയിപ്പും കത്തിലുണ്ട്.

ഒക്ടോബര്‍ 15ന് അയച്ച കത്ത് സിദ്ധുതന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും കെ.സി വേണുഗോപാലിനെയും കാണുകയും അധ്യക്ഷ സ്ഥാനത്തുനിന്നുമുള്ള രാജിക്കത്ത് പിന്‍വലിക്കുകയും ചെയ്തതിന് ശേഷമാണ് 13 ഇന പദ്ധതികള്‍ നിരത്തിയുള്ള കത്തുമായി സിദ്ധു രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാജി പിന്‍വലിച്ചെങ്കിലും സോണിയക്കുള്ള കത്തില്‍ പദവി ചേര്‍ത്തിട്ടില്ല.

സംസ്ഥാനം നേരിടുന്ന പലചതരത്തിലുള്ള പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച വേണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സിദ്ധു ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും പ്രസക്തമാക്കാനുമുള്ള അവസാന ചാന്‍സാണിത് എന്ന മുന്നറിയിപ്പ് നല്‍കിയുള്ള കത്തില്‍, സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ‘ഒരുകാലത്ത് രാജ്യത്തെ ഏറ്റവും സമ്പന്നമായിരുന്ന പഞ്ചാബ് ഇപ്പോള്‍ ഏറ്റവുമധികം കടക്കെണിയുള്ള സംസ്ഥാനമായി’.

സെപ്തംബര്‍ 28നായിരുന്നു പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് സിദ്ദു പ്രഖ്യാപിച്ചത്. തന്റെ രാജിക്കത്ത് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ സിദ്ധു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ശേഷം എ.ഐ.സി.സി ആസ്ഥാനത്തെത്തി ഹരീഷ് റാവത്തിനെയും കെ.സി വേണുഗോപാലിനെയും കണ്ടു. സിദ്ധു ഉന്നയിച്ച പ്രതിസന്ധികള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ധു ഉടന്‍ മടങ്ങിയെത്തുമെന്നും റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധു മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ, ‘എന്തെല്ലാം ഉത്കണ്ഠകളായിരുന്നുവോ എനിക്കുണ്ടായിരുന്നത് അവയെല്ലാം ഞാന്‍ രാഹുല്‍ ജിയുമായി പങ്കുവെച്ചു. അവയെല്ലാം പരിഹരിക്കപ്പെടുകയും ചെയ്തു’. എന്നാല്‍ ആ ഘട്ടത്തിലും രാജിയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.