സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടരും; ഇന്ന് പ്രഖ്യാപനമുണ്ടാവും

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നവ്‌ജ്യോത് സിംഗ് സിദ്ദു തുടരും. വെള്ളിയാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഡല്‍ഹിയില്‍ നടക്കും. എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. സിദ്ധുവുമായി ഹൈക്കമാന്‍ഡ് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തുടരണമെന്ന തീരുമാനത്തെ താന്‍ അംഗീകരിക്കുന്നുവെന്ന് സിദ്ദു വ്യക്തമാക്കി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും സംഘടന കാര്യങ്ങള്‍ നയിക്കണമെന്നുമാണ് നിര്‍ദേശം. ഇത് സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ച നടക്കുമെന്നാണ് ഹരീഷ് റാവത്ത് പറഞ്ഞത്.

പഞ്ചാബിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ഹൈക്കമാന്‍ഡിനെ സിദ്ദു അറിയിച്ചു. സോണിയ, പ്രിയങ്ക, രാഹുല്‍ എന്നിവരില്‍ തനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും അവരെടുക്കുന്ന ഏത് തീരുമാനവും അത് കോണ്‍ഗ്രസിനും പഞ്ചാബിനും ഗുണകരമാവുന്നതാണ് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സിദ്ധു പറഞ്ഞെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

മന്ത്രിസഭ വികസനത്തിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് സിദ്ദു അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും സെപ്തംബര്‍ 28ന് രാജിവെച്ചത്. രാജി കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിരുന്നില്ല.

മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് രാജിവെച്ചതിന് പിന്നാലെ ചരന്‍ജിത്ത് സിംഗ് ചന്നിയെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയിരുന്നു. അമരീന്ദര്‍ സിംഗ് പാര്‍ട്ടിയോട് ഇടഞ്ഞ് ഇനി കോണ്‍ഗ്രസ് ബന്ധമില്ലെന്ന് വ്യക്തമാക്കി നില്‍ക്കവേയാണ് സിദ്ദുവും രാജിവെച്ചത്. ഇത് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

തുടര്‍ന്ന് നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് സിദ്ദു ഡല്‍ഹിയിലെത്തിയത്. സിദ്ദു വീണ്ടും അദ്ധ്യക്ഷ പദത്തിലെത്തുന്നതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.