ന്യൂഡല്‍ഹി: തലസ്ഥാനത്ത് നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനം രാജ്യത്താകെ കൊവിഡ് വ്യാപനത്തിന് കാരണമായി എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് ടിവി ചാനലുകള്‍ക്കെതിരെ പിഴ. ദേശീയ ചാനലായ ടൈംസ് നൗ, കന്നഡ ചാനലുകളായ ന്യൂസ് 18 കന്നഡ, സുവര്‍ണ ന്യൂസ് എന്നിവയ്ക്കാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ( എന്‍ബിഎസ്എ ) ഒരു ലക്ഷം രൂപ വീതം പിഴയിട്ടിരിക്കുന്നത്.
മുസ്ലിംങ്ങളെ ലക്ഷ്യം വെയ്ക്കുന്ന തരത്തില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനാണ് എന്‍ബിഎസ്എ പിഴ ഈടാക്കിയിരിക്കുന്നത്. 2020 മാര്‍ച്ചിലാണ് ഡല്‍ഹിയില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടന്നത്. അതേ സമയം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് വരവേയാണ് ഈ സമ്മേളനം നടന്നത്. വിദേശത്ത് നിന്നുള്ളവരടക്കം ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
കൊവിഡ് 19യുടെ ഏറ്റവും വലിയ ഹോട്സ്പോട്ടുകളിലൊന്നായി സമ്മേളനം നടന്ന നിസാമുദ്ദീന്‍ മാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കെവാഡ് വ്യാപനത്തിന് കാരണം സമ്മേളനമാണെന്ന ആക്ഷേപം ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു.
സമുദായ സംഘര്‍ഷത്തിന് വഴിവെക്കുന്ന തരത്തിലാണ് ഈ ചാനലുകളുടെ റിപ്പോര്‍ട്ടിംഗെന്ന് എന്‍ബിഎസ്എ പറയുന്നു. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു കൊണ്ടായിരുന്നു റിപ്പോര്ട്ടിംഗെന്നും പറയുന്നു.