നാര്‍ക്കോട്ടിക്‌സ് സംഘം മന്നത്തില്‍ എത്തി; ഷാരൂഖിനെയോ ഗൗരിയെയോ കാണാതെ മടങ്ങി

ഷാരൂഖ് ഖാന്റെ മുംബൈയിലുള്ള വസതിയായ മന്നത്തിലെത്തിയ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സംഘം നടനേയും ഭാര്യ ഗൗരിയേയും കാണാതെ മടങ്ങി. മയക്കുമരുന്നു കേസില്‍ ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ ഷാരൂഖ് സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് എന്‍.സി.ബി നടപടി. ഷാരൂഖിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ എന്‍സിബി തള്ളി. ‘ചില പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനാണ്’ മന്നത് സന്ദര്‍ശിച്ചതെന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ എന്‍.ഡി.ടിവിയോട് പ്രതികരിച്ചു. ഷാരൂഖുമായോ ഗൗരി ഖാനുമായോ എന്‍.സി.ബി ടീം നേരില്‍ കണ്ട് സംസാരിച്ചില്ല. വീടിന്റെ റിസപ്ഷനിലെത്തിയ സംഘം ഷാരൂഖിന്റെ മാനേജര്‍ പൂജയില്‍ നിന്ന് ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട രേഖകള്‍ കൈപ്പറ്റി. അതിന് ശേഷം മടങ്ങിപ്പോയി. എന്‍.സി.ബിയുടെ ഒരു സംഘം മന്നത്തില്‍ എത്തിയ സമയത്ത് തന്നെ മറ്റൊടും ടീം നടി അനന്യ പാണ്ഡെയുടെ വീട് റെയ്ഡ് ചെയ്തു.

മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന മകനെ ഇന്ന് രാവിലെ ഷാരൂഖ് സന്ദര്‍ശിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ആര്യനെ ഷാരൂഖ് ജയിലിലെത്തി കാണുന്നത്. ആര്‍തര്‍ റോഡ് ജയിലില്‍ 20 മിനുട്ട് സമയം ചെലവഴിച്ച ബോളിവുഡ് നടന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച്ച എസ്ആര്‍കെയും ഗൗരിയും വീഡിയോ കോളിലൂടെ 23കാരനായ മകനോട് സംസാരിച്ചിരുന്നു.

ഒക്ടോബര്‍ രണ്ടിന് മുംബൈ തീരത്തിന് സമീപത്ത് ഒരു ക്രൂയിസ് ഷിപ്പിലെ റേവ് പാര്‍ട്ടിക്കിടെ നടന്ന റെയ്ഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആര്യന്‍ കഴിഞ്ഞ 14 ദിവസമായി തടവിലാണ്. ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക കോടതി ഇന്നലെ തള്ളിയിരുന്നു. നിരോധിത മയക്കുമരുന്ന് ഇടപാടുകളിലെ ആര്യന്റെ പങ്ക് വാട്‌സാപ്പ് ചാറ്റുകളില്‍ നിന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും മയക്കുമരുന്നുകളൊന്നും കണ്ടെത്താനായില്ലെങ്കിലും തന്റെ സുഹൃത്ത് അര്‍ബ്ബാസ് മര്‍ച്ചന്റിന്റെ ഷൂസില്‍ ആറ് ഗ്രാം ചരസിരിക്കുന്ന വിവരം ആര്യന് അറിയാമായിരുന്നെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പ്രസ്താവിച്ചു. ബോംബെ ഹൈക്കോടതിയെ സമീപിച്ച ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും.

ബോളിവുഡ് സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ മയക്കുമരുന്നുകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ വാര്‍ത്തകള്‍ക്കും വിവാദത്തിനും ഇടയാക്കിയിരുന്നു. സംഭവത്തില്‍ സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, സംവിധായിക ഫറാ ഖാന്‍ എന്നിവര്‍ ഷാരൂഖിനേയും മകനേയും പിന്തുണച്ച് രംഗത്തെത്തി. കേന്ദ്ര ഏജന്‍സി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തിയ നീക്കമാണിതെന്ന ആരോപണങ്ങള്‍ക്കിടെ ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയുടെ വലിയൊരു വിഭാഗം നിശ്ശബ്ദത തുടരുകയാണ്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ എന്‍സിബി ബോളിവുഡ്-മയക്കുമരുന്ന് ബന്ധത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് നിരവധി സെലിബ്രിറ്റികളെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി.