എന്‍സികെ, ഇനി ഉണ്ടാവില്ല; പാര്‍ട്ടിയുടെ പേര് മാറ്റാന്‍ മാണി സി കാപ്പന്‍, കമ്മീഷന് മുന്നില്‍ രണ്ട് പേരുകള്‍

എന്‍സികെ എന്ന തന്റെ പാര്‍ട്ടിയുടെ പേര് മാറ്റുകയാണ് മാണി സി കാപ്പന്‍ എംഎല്‍എ. എന്‍സിപി കേരള എന്ന പേര് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കാത്തതിനാലാണ് പുതിയ പേര് തെരഞ്ഞെടുക്കുന്നത്.

രണ്ട് പേരുകള്‍ കമ്മീഷന് മുന്നില്‍ പുതുതായി സമര്‍പ്പിച്ചെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള. ഡമോക്രാറ്റിക് കോണ്‍ഗ്രസ് എന്നീ പേരുകളാണ് പുതുതായി സമര്‍പ്പിച്ചിരിക്കുന്നത്.

അതേ സമയം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയില്‍ യുഡിഎഫ് നേതൃത്വത്തോട് മാണി സി കാപ്പന്‍ അതൃപ്തിയിലാണ്. തന്റെ അതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ഇക്കാര്യത്തിലെ തന്റെ അതൃപ്തി യുഡിഎഫില്‍ അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതാണ്. അദ്ദേഹത്തെ മാറ്റിയ രീതിയോടാണ് വിയോജിപ്പ്. വിഡി സതീശന്‍ മികച്ച പ്രതിപക്ഷ നേതാവാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കെപിസിസി പ്രസിഡന്റിനെ നിശ്ചയിച്ചതു പോലെ പൊതു സമ്മത ധാരണയോടെ വിഡി സതീശനെ നിശ്ചയിക്കുന്നതില്‍ പാളിച്ച വന്നെന്നും മാണി സി കാപ്പന്‍ പറഞ്ഞു.