എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനമുപേക്ഷിച്ച് എന്‍സിപി നേതാവ് കോണ്‍ഗ്രസിലേക്ക്; എന്റെ കൂടെ കോണ്‍ഗ്രസിലേക്ക് ആയിരത്തോളം പേരുണ്ടാവും’

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനമടക്കമുള്ള പദവികള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് കെ.എം കുഞ്ഞുമോന്‍. എന്‍സിപി സംസ്ഥാനാധ്യക്ഷന്‍ പി.സി ചാക്കോയുടെ എകപക്ഷീയമായ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. ഇടതുപക്ഷത്തോടു ചേര്‍ന്നുള്ള 35 വര്‍ഷത്തെ യാത്ര താന്‍ അവസാനിപ്പിക്കുകയാണെന്ന് കുഞ്ഞുമോന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആലുവ നിയോജക മണ്ഡലം എല്‍ഡിഎഫ് കണ്‍വീനറായിരുന്നു അദ്ദേഹം.

കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്നാണ് കുഞ്ഞുമോന്‍ അറിയിച്ചിരിക്കുന്നത്. തന്നോടൊപ്പം എന്‍സിപിയിലെ ജില്ലാ ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ കോണ്‍ഗ്രസ് പ്രവേശം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരന്റേയും വി.ഡി സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കുഞ്ഞുമോന്‍ അഭിപ്രായപ്പെട്ടു. ‘ഞാന്‍ കെ.പി.സി.സി അധ്യക്ഷനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഞങ്ങളെ സ്വാഗതം ചെയ്യുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാവില്‍നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്’.

എന്‍സിപി അധ്യക്ഷന്‍ പി.സി ചാക്കോ എന്‍സിപിയില്‍ ഏകപക്ഷീയ ഭരണമാണ് നടത്തുന്നെതെന്നും കുഞ്ഞുമോന്‍ കുറ്റപ്പെടുത്തി. പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരെ ചാക്കോ നിരന്തരം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗമാണ് കുഞ്ഞുമോന്‍. എറണാകുളം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി.സി ചാക്കോ എന്‍സിപിയിലേക്ക് കളം മാറ്റി ചവിട്ടിയതിന് പിന്നാലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ എന്‍സിപിയിലെത്തിയിരുന്നു. ഇത്തരത്തില്‍ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളിലെത്തിയവരെയടക്കം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഈ ഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസില്‍ ആകൃഷ്ടരാകുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയാണ് പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്.