പെട്രോള്‍, ഡീസല്‍ വില പോലെ താങ്കളും 100 കടക്കാന്‍ ആശംസിക്കുന്നു, ഗ്യാസിന്റെ ഇരട്ടിവില പോലെ ഇരട്ടി നേട്ടങ്ങളുണ്ടാവട്ടെ; അമിത് ഷായ്ക്ക് പിറന്നാള്‍ ആശംസകളുമായി എം.പി

മുംബൈ: ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 57ാം ജന്മദിനമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ രാഷ്ട്രീയ ഭേദമന്യേ പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. അതില്‍ എന്‍സിപി എം.പി ഡോ. അമോര്‍ കോലിയുടെ ജന്മദിന ആശംസ ചര്‍ച്ചയായി. ഇന്ധന വില വര്‍ധനവിനെ ബന്ധപ്പെടുത്തിയാണ് എം.പിയുടെ ആശംസ.

‘ഈയവസരത്തില്‍, പെട്രോളിന്റെയും ഡീസലിന്റെയും വില 100 കടന്നത് പോലെ 100 കടക്കട്ടെ എന്ന് അദ്ദേഹത്തെ ആശംസിക്കുകയാണ്. ഇന്ധന വിലയുടെ ഗ്രാഫ് പോലെ താങ്കളുടെ മേധാവിത്വവും നിലനില്‍ക്കും’, അമോല്‍ കോലി ജന്മദിനാശംസ വീഡിയോയില്‍ പറഞ്ഞു.

‘കുറഞ്ഞ സമയത്തിനുള്ളില്‍ ഗ്യാസിന്റെ വില ഇരട്ടിച്ചതിന് പോലെ, അതേ സമയത്തിനുള്ളില്‍ ഇരട്ടി നേട്ടം കൈവരിക്കാന്‍ കഴിയട്ടെ. പണപ്പെരുപ്പത്തില്‍ നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കാനുള്ള ധൈര്യവും കഴിവും താങ്കള്‍ക്ക് ലഭിക്കട്ടെ എന്ന് ഞാന്‍ മാതാ ജഗദംബികയോട് പ്രാര്‍ത്ഥിക്കുന്നു. ജന്മദിനാശംസകള്‍’ എന്നും അമോല്‍ കോലി പറഞ്ഞു.

അമോല്‍ ഖോലിയുടെ ആശംസ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലായി. 500ലധികം പേരാണ് ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്.