കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ എന്‍സിപി; തൊഴിലാളി സംഘടന പിളര്‍ത്തി രാമസ്വാമിയും, ഐവി ഗോപിനാഥനുമായി ചാക്കോയുടെ ചര്‍ച്ച

പാലക്കാട്: കോണ്‍ഗ്രസില്‍നിന്നും നേതാക്കളെ അടര്‍ത്തിയെടുത്ത് പാര്‍ട്ടി ശക്തമാക്കാനുള്ള നീക്കം എന്‍സിപി സജീവമാക്കുന്നെന്ന് സൂചന. മുന്‍ കെസിപിസി നിര്‍വാഹക സമിതി അംഗവും പാലക്കാട് യുഡിഎഫ് ചെയര്‍മാനുമായിരുന്ന എ രാമസ്വാമി എന്‍സിപിയില്‍ ചേരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അനുകൂല നിര്‍മാണത്തൊഴിലാളി സംഘടനയായ ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റാണ് രാമസ്വാമി.

സംഘടന പിളര്‍ത്തി പ്രവര്‍ത്തകരെ എന്‍സിപിയിലെത്തിക്കാനാണ് നീക്കമെന്നാണ് സൂചന. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എന്‍സിപിക്ക് പിന്തുണ നല്‍കാന്‍ രാമസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫെഡറേഷന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്്. എന്‍സിപി സംസ്ഥാനാധ്യക്ഷന്‍ പിസി ചാക്കോയാണ് യോഗം ഉദ്ഘാടനം ചെയ്തത്. ആഗസ്റ്റില്‍ കോഴിക്കോട്ട് ചേരുന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് രാമസ്വാമി അറിയിച്ചു.

രാമസ്വാമി നേരത്തെ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ഇടതുമുന്നണിക്കായി പ്രചാരണത്തിനും ഇറങ്ങിയിരുന്നു.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള കലഹങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ടിറങ്ങിയ വനിതാ നേതാവും മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ ലതികാ സുഭാഷിനെയും പാളയത്തിലെത്തിച്ചിരിക്കുകയാണ് എന്‍സിപി. പിസി ചാക്കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ലതിക എന്‍സിപിയിലേക്കെന്ന തീരുമാനത്തിലെത്തിയതെന്നാണ് വിവരം.

കോണ്‍ഗ്രസുമായി പിണങ്ങിനില്‍ക്കുന്ന നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് എന്‍സിപിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പിസി ചാക്കോയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളോട് തുറന്നടിച്ചായിരുന്നു തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാക്കോ പാര്‍ട്ടിവിട്ട് എന്‍സിപി പാളയത്തിലെത്തിയത്.

തെരഞ്ഞെടുപ്പിനോടടുത്ത് പാര്‍ട്ടിയില്‍ വിമതനീക്കം നടത്തിയ പാലക്കാട്ടെ മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് അടക്കമുള്ളവരെ എന്‍സിപി നേതൃത്വം ചര്‍ച്ചക്കായി സമീപിച്ചെന്നാണ് വിവരം