‘എനിക്ക് വോട്ടുചെയ്താല്‍ സ്വരാജ് ജയിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്’; കിട്ടിയ വോട്ടുകള്‍ താന്‍ തെണ്ടിപ്പെറുക്കി ഉണ്ടാക്കിയതാണെന്ന് കെഎസ് രാധാകൃഷ്ണന്‍

കൊച്ചി: ബിജെപി വോട്ടുചോര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെഎസ് രാധാകൃഷ്ണന്‍. വോട്ടുചോര്‍ച്ചയില്‍ ഗൗരവ അന്വേഷണം വേണം. തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് യുഡിഎഫിനാണ് കിട്ടിയതെന്നും അദ്ദേഹം തുറന്നടിച്ചു.

വോട്ട് ചോര്‍ന്നെങ്കില്‍ താന്‍ അതിന് കൂട്ടുനിന്നിട്ടില്ല. കിട്ടിയ വോട്ടുകള്‍ താന്‍ തെണ്ടിപ്പെറുക്കിയുണ്ടാക്കിയതാണ്. മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അന്വേഷണം നടത്തണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ പ്രധാന ഭാരവാഹികളുള്‍പ്പെടെ തനിക്കുവേണ്ടി പ്രചരണം നടത്തിയില്ല. പലരും തനിക്ക് വോട്ട് ചെയ്തില്ലെന്നാണ് മനസിലാക്കുന്നത്. തനിക്ക് വോട്ട് ചെയ്താല്‍ സ്വരാജ് ജയിക്കുമെന്നാണ് അവര്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങള്‍ക്ക് ബന്ധപ്പെട്ടവരുടെ പേരുള്‍പ്പെടെ ഫലം വരുന്നതിന് മുമ്പേ പരാതി നല്‍കിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

‘ഞാന്‍ തെണ്ടിപ്പെറുക്കിയുണ്ടാക്കിയതാണ് എനിക്ക് കിട്ടിയ വോട്ടുകള്‍. എനിക്ക് കിട്ടേണ്ടിയിരുന്ന ബിജെപി വോട്ടുകള്‍ എവിടെപ്പോയി? എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് വോട്ടുകുറഞ്ഞിട്ടില്ല. അപ്പോള്‍ ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് ബന്ധപ്പെട്ടവര്‍ പറയണം. വര്‍ധനയ്ക്കനുസരിച്ച് ബിജെപിക്ക് മണ്ഡലത്തില്‍ 35,000 വോട്ടുണ്ട്. തൃപ്പൂണിത്തുറ നഗര സഭയില്‍ സ്വാഭാവികമായി 19000 വോട്ടുമുണ്ട്. എന്നാ്ല്‍ ഏഴായിരത്തോളം വോട്ടുകളേ എനിക്ക് ലഭിച്ചിട്ടുള്ളൂ. ബാക്കി വോട്ട് എവിടെപ്പോയി?’, അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ മുന്നൊരുക്കമുണ്ടായില്ല. നേതൃമാറ്റത്തില്‍ കേന്ദ്രനേതൃത്വം ഉചിതമായ തീരുമാനമെടുക്കും. ബിജെപി വോട്ട് തനിക്ക് കിട്ടുമെന്ന കെ ബാബുവിന്റെ പ്രസ്താവനയും വോട്ട് ചോരാന്‍ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ബിജെപി വോട്ടുകള്‍ കെ ബാബുവിന് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം. ബിജെപിയുടെ വോട്ട് തനിക്ക് ലഭിക്കുമെന്ന് കെ ബാബു പറഞ്ഞത് ഇപ്പോള്‍ ബോധ്യമായി. നാട്ടുകാര്‍ക്കും ബോധ്യമായി. ബാബുവിന് അഭിമാനിക്കാം’, അദ്ദേഹം പറഞ്ഞു.

ബിജെപിയ്ക്ക് കുറഞ്ഞ വോട്ടുകളാണ് കെ ബാബുവിന് ഇത്തവണ കൂടിയത്. ഇത് കേരളത്തില്‍ മാത്രം സംഭവിച്ച് കാര്യമല്ല. ബിജെപിക്ക് നേതാക്കള്‍ മാത്രമാണുള്ളത്. പാര്‍ട്ടിയ്ക്ക് താഴെത്തട്ടില്‍ പ്രവര്‍ത്തകരില്ല. ആര്‍എസ്എസിന്റെ മാത്രം സഹായത്താലാണ് കേരളത്തില്‍ ബിജെപി മുന്നോട്ടുപോകുന്നത്. ഈ രീതിയില്‍ ബിജെപിയ്ക്ക് ഇനിയും മുന്നോട്ടു പോകാനാകില്ലെന്നും രാധാകൃഷ്്ണന്‍ തുറന്നടിച്ചു.