രൂക്ഷമായി യെമൻ യുദ്ധം; സൗദി വ്യോമാക്രമണത്തിൽ ജയിൽ തകർന്ന് 100 മരണം

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമൻ ജയിലിൽ നടത്തിയ വ്യോമാക്രമണത്തിൽ തടവുകാർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടു. ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സഅദയിലാണ് ആക്രമണം നടന്നത്. സ്ത്രീകളും കുട്ടികളും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് വിവിധ സന്നദ്ധ സംഘടനകൾ പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കി. നിരവധിയാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ വിമതർ പുറത്തുവിട്ടിരുന്നു. 138 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ശനിയാഴ്ച്ച രാത്രി നടന്ന സൈനിക നടപടിക്ക് പിന്നാലെ സൗദി-യെമൻ സംഘർഷം കൂടുതൽ ശക്തിപ്പെടുകയാണ്. കിഴക്കൻ യെമനയിലെ ഹുദൈദ നഗരത്തിൽ ശനിയാഴ്ച്ച തന്നെ നടത്തിയ മറ്റൊരു വ്യോമാക്രമണത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടു. ഹുദൈദയിലെ തന്നെ സുപ്രധാനമായ ടെലി കമ്യൂണിക്കേഷൻ കേന്ദ്രവും സൗദി സഖ്യം തകർത്തു.

ആക്രമണങ്ങൾക്ക് പിന്നാലെ ഹൂതി വിമതരും അനുകൂലികളും സൗദി സഖ്യത്തിനെതിരെ യെമനിലെ വിവിധ ഭാഗങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.

ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി സഖ്യത്തിലുള്ള യു.എ.ഇയിൽ ദിവസങ്ങൾക്ക് മുൻപ് വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് സഖ്യസൈന്യം ആക്രമണങ്ങൾ കടുപ്പിച്ചത്. കഴിഞ്ഞ ദിവസം യെമനിലെ സനായിൽ സൗദി നടത്തിയ ആക്രമണത്തിൽ പതിനാല് പേർ കൊല്ലപ്പെട്ടിരുന്നു. വർഷങ്ങളായി തുടരുന്ന സംഘർഷം കഴിഞ്ഞ മൂന്നുമാസത്തിനിടെ 60 ശതമാനത്തിൽ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

ALSO READ: യമനി കുഞ്ഞുങ്ങളുടെ നിലവിളി ആര് കേൾക്കാൻ? സൗദിക്ക് 650 ദശലക്ഷം ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അമേരിക്ക

ഹൂതി വിമതർ 2014ൽ പ്രസിഡന്റ് അബ്ദുൽ റബ്ബ് മൻസൂർ ഹാദിയെ പുറത്താക്കി യെമൻ തലസ്ഥാനം സനായും മറ്റ് പ്രദേശങ്ങളും പിടിച്ചെടുത്ത് അധികാരം കൈക്കലാക്കിയതിന് പിന്നാലെയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യം മൻസൂർ ഹാദി ഗവണ്മെന്റിനെ തിരികെ കൊണ്ടുവരാനായി യമനിൽ സൈനിക നടപടി ആരംഭിച്ചത്. യെമൻ ഏകാധിപതിയായിരുന്ന അലി അബ്ദുള്ള സലേ വലിയ സമ്മർദത്തിനും പ്രക്ഷോഭത്തിനും ഒടുവിൽ 2011ൽ തന്റെ ഡെപ്യൂട്ടി ആയിരുന്ന മൻസൂർ ഹാദിയെ സർക്കാർ ഏൽപ്പിക്കുകയായിരുന്നു. 2015 മാർച്ചിൽ മൻസൂർ ഹാദി രാജ്യം വിട്ടു.

സൗദി വ്യോമാക്രമണങ്ങൾക്കെതിരെ ഹൂതി അനുകൂലികൾ നടത്തിയ പ്രകടനം.

ആഴ്ചകൾക്കുള്ളിൽ ഗവൺമെന്റ് പുനസ്ഥാപിക്കുമെന്ന് പറഞ്ഞാണ് സൗദി സഖ്യം സൈനിക നടപടി ആരംഭിച്ചത്. ആറുവര്ഷത്തിനിടെ 12,000 സിവിലിയൻസ്‌ ഉൾപ്പടെ 1,30,000 ആളുകൾ നേരിട്ട് കൊല്ലപ്പെട്ടു. ജീവൻ പൊലിഞ്ഞ സാധാരണക്കാരിൽ 25 ശതമാനവും കുട്ടികളാണ്. സംഘർഷ കാരണമായി നേരിട്ടല്ലാതെ മരണപ്പെട്ട പതിനായിരങ്ങളും ചേർന്ന് 2,33,000ന് മുകളിലാണ് മരണക്കണക്ക്. 40 ലക്ഷം ജനങ്ങളാണ് കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്‌തത്‌. 2.4 കോടി യെമനികളിലെ 80 ശതമാനവും തീരാദുരിതത്തിലാണ്.

സകല അന്താരാഷ്ട്ര യുദ്ധ നിയമങ്ങളും ലംഘിക്കുന്നതും യുദ്ധക്കുറ്റകൃത്യങ്ങൾ നിരന്തരം ചെയ്തുകൂട്ടുന്നതുമാണ് സൗദിയുടെ യെമൻ ഇടപെടൽ എന്നാണ് 2021 ജനുവരിയിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തിറക്കിയ റിപ്പോർട്ട് ആരോപിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലടക്കം സൗദി സഖ്യവും ഹൂതികളും റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് അക്രമണങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു.

ഇറാന്റെ നിഴൽപ്പോരാളികളാണ് ഹൂതികൾ എന്നാണ് സൗദിയുടെയും അമേരിക്കയുടെയും ആരോപണം. എന്നാൽ ഈ ആരോപണം തെഹ്‌റാൻ നിഷേധിക്കുന്നു.