ഭീതിയുടെ ദാരിയൻ ഇടനാഴി: ആയിരങ്ങൾ അലയുന്ന ലോകത്തെ ഏറ്റവും അപകടമേറിയ അഭയാർത്ഥി പാത

പനാമ: കൊളംബിയയുടെ കരീബിയൻ തീരത്തിന് സമീപമുള്ള ചെറുപട്ടണം നെകോക്ലി പിന്നിട്ട് കൊടും വനത്തിലൂടെ പുഴകളും പാറകളും മറികടന്നെത്തുന്നത് പനാമയിലേക്കാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്കുള്ള ആദ്യ ചുവട്. നിലവിൽ ദിവസേന അഞ്ഞൂറിന് മുകളിൽ ആളുകളാണ് ദാരിയൻ ഇടനാഴിയെന്നറിയപെടുന്ന ഈ കാട് താണ്ടി പുതിയ പ്രഭാതം തേടി പലായനം ചെയ്യുന്നത്. പനാമയിലെത്തിച്ചേരുന്ന അഭയാർഥികളിൽ കാൽഭാഗവും കുട്ടികളാണ്, അവയിൽ പലരും കൈക്കുഞ്ഞുങ്ങളും. യൂനിസെഫിന്റെ കണക്കുകൾ പ്രകാരം ഇക്കൊല്ലമാണ് ചരിത്രത്തിൽ ഏറ്റവുമധികം കുട്ടികൾ കാൽനടയായി ദാരിയൻ ഇടനാഴി പിന്നിട്ടത്. 19,000 കുട്ടികളാണ് ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇവിടം മുറിച്ചുകടന്നത്.

ലോകത്തിലെ ഏറ്റവും അപകടമേറിയ അഭയാർത്ഥി ഇടനാഴിയാണ് തെക്ക്-വടക്ക് അമേരിക്കകൾക്കിടയിലെ 60 കിലോമീറ്റർ ദൈർഘ്യത്തിൽ 575,000 ഹെക്റ്ററിലായി പരന്നുകിടക്കുന്ന ദാരിയൻ കാടുകൾ. പുതുജീവിതം ആഗ്രഹിച്ച് പലായനം ചെയ്യുന്നതിനിടയിൽ ഒട്ടനേകമുള്ള പുഴകളിലെ കുത്തൊഴുക്കിൽ പെട്ടുപോകാം, സായുധ ഗ്രൂപ്പുകളുടെയോ മയക്കുമരുന്ന് സംഘങ്ങളുടെയോ അവയവക്കടത്തുകാരുടെയോ കൈകളിലൊടുങ്ങാം. ബലാത്സംഗവും കൊലപാതകവും പുതുമയല്ലാതായി മാറിയിരിക്കുന്നു. ഇവയൊക്കെയും തരണം ചെയ്‌താലും വന്യമൃഗങ്ങളും വിഷജന്തുക്കളും വിഹരിക്കുന്ന ഇടതൂർന്ന മഴക്കാടുകളിൽ വഴിതെറ്റി ഒറ്റപ്പെട്ടേക്കാം. എന്നാലും ആയിരങ്ങളാണ് ദാരിയൻ ഇടനാഴിയെന്ന സാഹസത്തിന് മുതിരുന്നത്.

അഭയാർഥികളിൽ ഭൂരിഭാഗവും ചിലിയിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള ഹെയ്തിയൻ പൗരന്മാരാണ്.

ദാരിയൻ മുറിച്ചുകടക്കുന്ന കുട്ടികളുടെ എണ്ണത്തിലെ വലിയ വർദ്ധനവ് ഗൗരവമേറിയ മനുഷ്യത്വ പ്രതിസന്ധിയായി കണക്കാക്കണമെന്നാണ് യൂനിസെഫ് ലാറ്റിനമേരിക്കൻ-കരീബിയൻ ഡയറക്ടർ ജീൻ ഗോഹ് അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മൂന്നിരട്ടിയായായാണ് കുട്ടികളുടെ എണ്ണം വർധിച്ചത്. 2017ൽ 109 കുട്ടികളെയാണ് ഈ ഇടനാഴിയിൽ കാണാതായത്. രണ്ട് വർഷത്തിന് ശേഷം അത് 3956 ആയി ഉയർന്നു. 2020ൽ കൊവിഡ് പശ്‌ചാത്തലത്തിൽ എണ്ണത്തിൽ കുറവുണ്ടായെങ്കിലും 2021ൽ അഭയാർഥികളുടെ ഒഴുക്ക് വർധിച്ചതോടെ അപകടങ്ങളും കാണാതാകലും ഏറ്റവും അധികരിക്കുമെന്ന ആശങ്കയിലാണ് പ്രദേശത്തെഗവണ്മെന്റ് അധികൃതരും യൂണിസെഫും.

ഈ വർഷം ഇതുവരെ അഞ്ച് കുട്ടികളെ മരിച്ചതായി സ്ഥിരീകരിച്ചപ്പോൾ നവജാത ശിശുക്കളടക്കം 150-തിലധികം കുട്ടികളാണ് രക്ഷിതാക്കൾ ഒപ്പമില്ലാതെ പനാമയിലെത്തിപ്പെട്ടത്. 29 ലൈംഗീകാതിക്രമ പരാതികളും ജനുവരി മുതൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. സകല പ്രതിസന്ധികളെയും തരണം ചെയ്‌ത്‌ പനാമൻ തീരത്ത് എത്തുന്ന കുട്ടികൾ തന്നെ ക്ഷുദ്രജീവികളുടെ ആക്രമണം മൂലവും മലിനജലം കുടിക്കേണ്ടിവന്നതിനാലും രോഗികളായിട്ടുണ്ടാകും. പനാമയുടെ തീരത്ത് ചെറിയ തോതിൽ ആരോഗ്യ സംവിധാനങ്ങൾ ഉണ്ടെങ്കിലും കാടുകൾക്കുള്ളിൽ യാതൊരു രക്ഷാമാർഗവും നിലവിലില്ല.

ദാരിയൻ ഇടനാഴി | കടപ്പാട്: ഗൾഫ് ന്യൂസ്

കോവിഡ് മഹാമാരി സാമ്പത്തിക രംഗവും ജീവിതവും തകർത്തുകളഞ്ഞതോടെയാണ് പുതുലോകം തേടി യാത്രയാകാൻ ലാറ്റിനമേരിക്കക്കാർ നിർബന്ധിതരായത്. എഴുപതിനായിരത്തോളം വരുന്ന ഈ അഭയാർഥികളിൽ ഭൂരിഭാഗവും ചിലിയിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള ഹെയ്തിയൻ പൗരന്മാരാണ്. 2010-ലെ സർവനാശിയായ ഭൂകമ്പത്തിൽ നിന്നും രക്ഷപ്പെട്ട് ചിലിയിലും ബ്രസീലിലും എത്തിയവരാണ് ഇക്കൂട്ടർ. എന്നാൽ ഈ പ്രതിസന്ധികൾ നേരിട്ട് അമേരിക്കയിലെത്തിയ ആയിരക്കണക്കിന് ഹെയ്തിയൻ അഭയാർത്ഥികളെ ബൈഡൻ ഭരണകൂടം അടുത്തിടെ തിരികെ അയച്ചത് വലിയ വിമർശനങ്ങൾക്കു വഴിവെച്ചിരുന്നു.