നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ ആറ് പൊലീസുകാരെ പിരിച്ചുവിടും, രാജ്കുമാറിന്റെ കുടുംബത്തിന് ധനസഹായം

ഇടുക്കി: നെടുങ്കണ്ടം കസ്റ്റ്ഡി മരണക്കേസില്‍ പ്രതികളായ ആറ് പൊലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനം. ആറ് പേരെയും പ്രോസിക്യൂട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നെടുങ്കണ്ടം കോലാഹല മേട്ടിലെ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആക്ഷന്‍ ടേക്കണ്‍ സ്‌റ്റേറ്റ്‌മെന്റ് സര്‍ക്കാര്‍ സഭയില്‍ വെച്ചു.

പ്രതികളായ എസ്‌ഐ സാബു, എഎസ്‌ഐ സാബു, എഎസ്‌ഐ റോയ്. ഡ്രൈവര്‍ നിയാസ്, സിപിഓ ജിതിന്‍, റെജിമോന്‍, ഹോം ഗാര്‍ഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചു വിട്ടത്. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്കുമാറിന്റെ ബന്ധുക്കള്‍ക്കും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജുഡിഷ്യല്‍ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ചത്.