‘പ്രൈവറ്റ് സെക്രട്ടറി മാര്‍ക്സിസ്റ്റുകാരനല്ല’; അനില്‍കുമാര്‍ പിണറായി വിശ്വസ്തനെന്ന പ്രചരണം തള്ളി വി ഡി സതീശന്‍; ‘ഞാന്‍ ഈ സ്ഥാനത്തെത്തിയതിന്റെ അസ്വസ്ഥത’

തിരുവനന്തപുരം: തന്റെ പ്രൈവറ്റ് സെക്രട്ടറി മാര്‍ക്സിസ്റ്റുകാരനാണെന്ന പ്രചരണം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ കെ അനില്‍കുമാര്‍ മാര്‍ക്സിസ്റ്റുകാരനാണെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അദ്ദേഹം ഞാന്‍ ലോ അക്കാദമി കോളേജില്‍ പഠിക്കുമ്പോള്‍ സജീവ കെഎസ്യു പ്രവര്‍ത്തകനായിരുന്നു. താന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയതില്‍ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു.

‘എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ കെ അനില്‍കുമാര്‍ മാര്‍ക്സിസ്റ്റുകാരനാണ് എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. അദ്ദേഹം ഞാന്‍ ലോ അക്കാദമി ലോ കോളേജില്‍ പഠിക്കുമ്പോള്‍ എന്നോടൊപ്പം സജീവ കെഎസ്യു പ്രവര്‍ത്തകനായിരുന്നു. മാത്രമല്ല, എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അദ്ദേഹം ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്ടേറ്ററായിരുന്നു. അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തത് ജി.കാര്‍ത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നു. ഞാനീ സ്ഥാനത്ത് എത്തിയതില്‍ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നത്’, വിഡി സതീശന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കെ അനില്‍കുമാര്‍ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്. ഇതിന് പിന്നാലെ ഇദ്ദേഹം പിണറായി വിജയന്റെ വിശ്വസ്തനാണെന്നും വിഡി സതീശന്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുകയുമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

അനില്‍ കുമാറിന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനില്‍ ഭാരവാഹിത്വമില്ലെന്നും അങ്ങനെയുള്ള ഒരാള്‍ എങ്ങനെ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായെന്നുമായിരുന്ന ചോദ്യം ചില കോണ്‍ഗ്രസ് അനുകൂല കേന്ദ്രങ്ങള്‍ ഉന്നയിച്ചെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. അനില്‍കുമാറിന്റെ നിയമനം കെജിഒയു സെക്രട്ടറിയേറ്റ് ഘടകത്തിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായിരുന്നെന്നാണ് വിവരം. എന്‍ജിഒ യൂണിയന്‍ നേതാവ് വികെ രാജന്റെ സഹചാരിയാണ് അനില്‍കുമാറെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യങ്ങള്‍ നിഷേധിച്ച് വിഡി സതീശന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.