നെന്മാറയില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണമുയര്‍ത്തി എല്‍ഡിഎഫ്; ഫലത്തിന് കാതോര്‍ത്ത് മണ്ഡലം

പാലക്കാട്: എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയെന്നാണ് പാലക്കാട് ജില്ല അറിയപ്പെടുന്നത്. വളരെ കുറച്ച് സീറ്റുകളൊഴിച്ച് കൂടുതല്‍ സീറ്റുകളിലും എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു വരുന്ന സീറ്റുകളാണധികവും. അതില്‍ തന്നെ പ്രധാനപ്പെട്ട ഒരു സീറ്റാണ് നെന്മാറ.

മണ്ഡലം നെന്മാറയെന്ന പേരിലേക്ക് മാറുന്നതിന് മുമ്പ് കൊല്ലങ്കോട് മണ്ഡലമായിരുന്നു. അപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കെഎ ചന്ദ്രന്‍ രണ്ട് തവണ നേടിയ വിജയമൊഴികെ ബാക്കിയെല്ലായ്‌പ്പോഴും മണ്ഡലം ഇടതുമുന്നണിയോടൊപ്പം നിലയുറപ്പിച്ചു.

അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇതേ മേല്‍ക്കെ ഇടതുമുന്നണിക്ക് പലപ്പോഴും ലഭിക്കാറില്ല. കോണ്‍ഗ്രസും യുഡിഎഫും പലയിടത്തും വിജയം നേടാറുണ്ട്. ഈ കണക്കുകളിലാണ് യുഡിഎഫ് വിശ്വാമര്‍പ്പിക്കുന്നത്.

നെന്മാറ രൂപം കൊണ്ട ആദ്യ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാനെത്തിയത് എംവി രാഘവനായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ എംവി രാഘവന് പ്രചരണം നടത്താന്‍ കഴിയാതിരുന്ന ആ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വി ചെന്താമരാക്ഷന്‍ വിജയിച്ചു. പ്രചരണ രംഗത്ത് എംവിആര്‍ സജീവമല്ലാതിരുന്നിട്ടും 8694 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ എല്‍ഡിഎഫിന് നേടാന്‍ കഴിഞ്ഞുള്ളൂ.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി മത്സരിച്ചത് ജില്ലയിലെ ക്രൗഡ്പുള്ളര്‍ കോണ്‍ഗ്രസ് നേതാവായ എവി ഗോപിനാഥ് ആയിരുന്നു. കെ ബാബു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും. ഭൂരിപക്ഷം കുറക്കാന്‍ ഗോപിനാഥിന് സാധിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. 7408 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ ബാബു നേടിയത്.

ഇക്കുറി എല്‍ഡിഎഫ് കെ ബാബുവിനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ യുഡിഎഫ് സീറ്റ് വീണ്ടും സിഎംപിക്ക് തന്നെ നല്‍കി. എംവിആറിന്റെ ശിഷ്യനായ സിഎന്‍ വിജയകൃഷ്ണനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്.

ഏതാണ്ട് 8000 വോട്ടിന്റെ സ്ഥിരമായുള്ള വ്യത്യാസമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫുമായി യുഡിഎഫുനുള്ളത് എന്ന കണക്കുകൂട്ടലിലാണ് സിഎന്‍ വിജയകൃഷ്ണനും യുഡിഎഫും പ്രചരണമാരംഭിച്ചത്. സ്ഥിര വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫും.

പതിഞ്ഞ താളത്തിലാണ് വിജയകൃഷ്ണന്‍ ആരംഭിച്ചതെങ്കിലും പെട്ടെന്ന് തന്നെ എല്‍ഡിഎഫിനോടൊപ്പമെത്താന്‍ കഴിഞ്ഞു. കടുത്ത മത്സരമെന്ന പ്രതീതി ജനിപ്പിച്ചാണ് പ്രചരണമവസാനിച്ചത്. വോട്ടെടുപ്പിന് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു യുഡിഎഫിനെതിരെ രംഗതെത്തി.

വോട്ട് നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യാപകമായി പണം ഒഴുക്കിയെന്നാണ് ബാബു ആരോപിച്ചത്. നെന്മാറ സീറ്റ് ബിഡിജെഎസിന് നല്‍കിയതോടെ ബിജെപിയില്‍ അസംതൃപ്തിയുണ്ടായി. ബിജെപിയിലെ ഈ അസംതൃപ്തരുടെയും നിക്ഷ്പക്ഷരുടെയും വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പണം നല്‍കി വാങ്ങിയതെന്നാണ് ബാബു ആരോപിച്ചത്. ഇങ്ങനെയൊക്കെ ആണെങ്കിലും എല്‍ഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഇത്തരമൊരു ആരോപണം ഉയര്‍ന്നതിനാല്‍ തന്നെ ഫലം എന്താവുമെന്ന ആകാംക്ഷയാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും നിരീക്ഷകര്‍ക്കുമുള്ളത്. ഏതെങ്കിലും മുന്നണിക്ക് അനുകൂലമായി ഏകപക്ഷീയ വിജയമല്ല ഇക്കുറി നെന്മാറയിലുണ്ടാവുക എന്ന വിവരമാണ് അവിടെ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.