ഇന്ത്യന്‍ എന്റര്ടെയ്ന്മെന്റ് ഇന്‍ഡസ്ട്രിയില്‍ വമ്പന്‍ ചുവടുവെയ്പുമായി നെറ്റ്ഫ്ളിക്സ് ഇന്ത്യ. പൂര്‍ണ ഉടമസ്ഥതയിലുള്ള വമ്പന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധാനം മുംബൈയില്‍ ഒരുങ്ങുകയാണെന്ന് ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ലൈവ് ആക്ഷന്‍-ഫുള്‍ സര്‍വ്വീസ് സംവിധാനം അടുത്ത വര്‍ഷം ജൂണോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് നെറ്റ്ഫ്ളിക്സ് വ്യക്തമാക്കി.
എല്ലാവര്ക്കും ഇണങ്ങുന്ന സാഹചര്യത്തില്‍ ഡിസൈന്‍ ചെയ്യുന്ന 40 ഓഫ്ലൈന് എഡിറ്റിങ്ങ് റൂമുകളാണ് യൂണിറ്റിന്റെ പ്രധാന സവിശേഷത. ഷോ റണ്ണേഴ്സിനും, സംവിധായകര്‍ക്കും എഡിറ്റര്‍മാര്‍ക്കും സൗണ്ട് ഡിസൈനര്മാര്ക്കുമെല്ലാം ഏറ്റവും നല്ല ആവിഷ്കാരം നടത്താന്‍ ഇണങ്ങുന്ന അന്തരീക്ഷമായിരിക്കും ഒരുക്കുന്നതെന്നും നെറ്റ്ഫ്ളിക്സ് അറിയിച്ചു.
മനോഹരമായ ഒരു സര്‍ഗാത്മക ഇടം മുംബൈയില്‍ വരുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഇന്ത്യയിലെ എന്റര്ടെയ്ന്മെന്റ് ഇന്‍ഡസ്ട്രിയുമായുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണിത്.
നെറ്റ്ഫ്ളിക്സ്
ഗംഭീരമായ കഥകള്‍ പറയാന്‍ ഏറ്റവും മികച്ച വിഭവങ്ങളും സാഹചര്യവുമൊരുക്കി ക്രിയേറ്റര്‍മാരെ ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ ഉദ്യമം തുടരുകയാണെന്ന് നെറ്റ്ഫ്ളിക്സ് ഇന്ത്യ പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ വിജയ് വെങ്കിട്ടരാമന് പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകളിലും നൈപുണ്യ വികസനത്തിലും ശ്രദ്ധയൂന്നും. പോസ്റ്റ് പ്രൊഡക്ഷനിലും തിരക്കഥാ രചനയിലും മറ്റ് മേഖലകളിലുമെല്ലാം പരിശീലന ശില്പശാലകള് നടത്തുമെന്നും നെറ്റ്ഫ്ളിക്സ് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയില്‍ നിര്‍മ്മാണം വര്‍ധിപ്പിച്ച നെറ്റ്ഫ്ളിക്സ് മലയാളത്തില്‍ ഉള്‍പ്പെടെ ഏതാണ്ട് എല്ലാ ഭാഷകളിലും തനത് സൃഷ്ടികള്‍ ഒരുക്കുന്നുണ്ട്. സേക്രഡ് ഗെയിംസ്, ഡല്‍ഹി ക്രൈം, ഗില്‍റ്റി, ലൂഡോ, ബുള്‍ബുള്‍, പഗ്ലിയെത്, ലസ്റ്റ് സ്റ്റോറീസ്, എകെ വേഴ്സസ് എകെ, പാവ കഥൈകള്‍ എന്നിവ വിജയമായിരുന്നു. തങ്ങളുടെ പുതിയ 41 ഇന്ത്യന്‍ ടൈറ്റിലുകള്‍ നെറ്റ്ഫ്ളിക്സ് ഈയിടെ പുറത്തുവിടുകയുമുണ്ടായി.
പ്രാദേശിക കണ്ടന്റുകള്‍ക്കായി 2019-20 കാലയളവില്‍ 3,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് നെറ്റ്ഫ്ളിക്സ് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ആര്‍ടിസ്റ്റുകള്‍ക്ക് ആഗോളതലത്തില്‍ വിഎഫ്എക്സ് ജോലികള്‍ ചെയ്യാന്‍ നെറ്റ്ഫ്ളിക്സ് കഴിഞ്ഞ വര്‍ഷം ആരംഭിച്ച നെറ്റ് എഫ്എക്സ് സജീവമാണ്.