‘പനിയുണ്ടായിരുന്നു, കൊവിഡ് പോസിറ്റീവ് ആയിട്ടില്ല’; കൊറോണ ബാധിതനായി ഷൂട്ടില്‍ പങ്കെടുത്തിട്ടില്ലെന്ന് ധര്‍മ്മജന്‍

തിരുമാലി എന്ന സിനിമയുടെ നേപ്പാളിലെ ചിത്രീകരണത്തില്‍ പങ്കെടുക്കുമ്പോള്‍ താന്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നില്ലെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ധര്‍മ്മജന്റെ പ്രതികരണം. കടുത്ത യാത്രാക്ഷീണവും നേപ്പാളിലെ തണുത്ത കാലാവസ്ഥയും കാരണം പനി പിടിച്ചതാകാമെന്ന് ധര്‍മ്മജന്‍ ന്യൂസ്‌റപ്റ്റിനോട് പ്രതികരിച്ചു.

കൊറോണയെന്ന് ഞാന്‍ അബദ്ധത്തില്‍ പറഞ്ഞുപോയ ഒരു വാക്കാണ്. എനിക്ക് പനിയുണ്ടായിരുന്നു. ഞാന്‍ കൊവിഡ് പോസീറ്റീവ് ആയിട്ടില്ല.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി

പനിയും വെച്ച് എട്ട് ദിവസം അഭിനയിച്ചു എന്ന് പറയാനാണ് ഉദ്ദേശിച്ചത്. പല തവണ കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഇതുവരെ പോസിറ്റീവ് ആയിട്ടില്ലെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

ധര്‍മ്മജന്‍ പറഞ്ഞത്

“കൊറോണയെന്ന് ഞാന്‍ അബദ്ധത്തില്‍ പറഞ്ഞുപോയ ഒരു വാക്കാണ്. എനിക്ക് പനിയുണ്ടായിരുന്നു. കൊവിഡ് ആണോയെന്നൊന്നും എനിക്കറിയില്ല. പനിയും വെച്ചാണ് അഭിനയിച്ചത്. കൊറോണയെന്ന് ആ അഭിമുഖത്തില്‍ പെട്ടെന്ന് പറഞ്ഞെന്നേയുള്ളൂ. ഞാന്‍ കൊവിഡ് പോസീറ്റീവ് ആയിട്ടില്ല.

പലതവണ പരിശോധിച്ചിരുന്നു. വിദേശത്ത് നിന്ന് വന്നതുകൊണ്ട് പത്ത് ദിവസം വീട്ടില്‍ ക്വാറന്റീനില്‍ ഇരുന്നു. ആര്‍ടിപിസിആര്‍ എടുത്തപ്പോള്‍ നെഗറ്റീവായിരുന്നു. ഷൂട്ടിങ്ങിന്റെ സമയത്ത് എട്ട് ദിവസം പനിയുണ്ടായിരുന്നു. നേപ്പാളില്‍ ഷൂട്ട് നടക്കുന്ന സ്ഥലത്ത് ഭയങ്കര തണുപ്പും മറിഞ്ഞുവീഴുന്ന കാറ്റുമായിരുന്നു. പനിക്ക് ഗുളിക കഴിക്കും, വിയര്‍ത്ത് കുളിക്കും. വസ്ത്രമൊക്കെ ഊരിക്കളയും. അത്ര തണുപ്പുള്ള സ്ഥലത്ത് ഞാന്‍ ഹോട്ടലിന്റെ ജനല്‍ തുറന്നിട്ടാണ് കിടന്നുറങ്ങിയിരുന്നത്. രാവിലെ ആറ് മണിക്ക് ഷൂട്ടിങ്ങ് തുടങ്ങും.

അഭിമുഖത്തിനിടെ പറഞ്ഞത് ‘കൊറോണയുമായി ഷൂട്ടിങ്ങിന് പോയി’ എന്ന തരത്തില്‍ വൈറലാകാന്‍ സാധ്യതയുണ്ടല്ലോയെന്ന് എനിക്ക് തോന്നിയിരുന്നു. എന്തായാലും എന്നെ അറസ്റ്റ് ചെയ്യാനൊന്നും പോകുന്നില്ലല്ലോ. നേപ്പാളില്‍ അല്ലേ. കേരളത്തില്‍ അല്ലല്ലോ.”