അകുൻസാദ തലപ്പത്ത്, ദൈനംദിന ചുമതല അബ്ദുൽ ഗനി ബറാദറിന്; അഫ്‌ഗാനിൽ ഗവൺമെന്റ് പ്രഖ്യാപനം ഉടൻ

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ഗവൺമെന്റ് രൂപീകരണ ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും താലിബാൻ. വിവിധ കക്ഷികളുമായി ദിവസങ്ങളായി നടന്നുവരുന്ന ചർച്ചകൾ അഭിപ്രായ ഐക്യത്തിലെത്തിയെന്നും താലിബാന്റെ പരമോന്നത ആത്മീയ നേതാവ് ഹൈബത്തുള്ള അകുൻസാദയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ തീരുമാനമായതായും മുതിർന്ന താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കി. താലിബാൻ സഹ- സ്ഥാപകനും രാഷ്ട്രീയകാര്യ നേതാവുമായ മുല്ല അബ്ദുൽ ഗനി ബറാദറിനായിരിക്കും ഗവണ്മെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല. ഇരുപത് വർഷം നീണ്ട അമേരിക്കൻ ഇടപെടൽ ഉൾപ്പടെ 40 വർഷത്തെ സഘർഷങ്ങളും സൈനിക നടപടികളും ഞൊടിയിടയിലുള്ള നാറ്റോ പിന്മാറ്റവും ആഭ്യന്തര പ്രശ്നങ്ങളും മൂലം രാജ്യത്തെ സാമ്പത്തികരംഗം അങ്ങേയറ്റം തകർന്നിരിക്കുന്ന പശ്ചാത്തലത്തിൽ എത്രയുംവേഗം സർക്കാർ പ്രഖ്യാപനത്തിലേക്ക് കടക്കണമെന്നാണ് താലിബാൻ പദ്ധതിയിടുന്നത്.

‘ഇസ്‌ലാമിക് എമിറേറ്റ് നേതാക്കളും മുൻ സർക്കാരിന്റെ തലപ്പത്തുണ്ടായിരുന്നവരും തമ്മിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഗവൺമെന്റ് എന്ന അജണ്ടയിൽ നടന്നുവന്നിരുന്ന ചർച്ചകൾക്ക് ഔദ്യോഗിക വിരാമമായി. പൊതുസ്വീകാര്യമായ തീരുമാനത്തിലേക്ക് നേതാക്കൾ എത്തിയിട്ടുണ്ട്. സർക്കാർ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും,’ എന്ന് താലിബാൻ സാംസ്‌കാരിക കമ്മീഷൻ അംഗം ബിലാൽ കരീമി ബ്ലൂംബർഗിനോട് വിശദമാക്കി. ‘താലിബാന്റെ പരമോന്നത കമാൻഡർ ഹൈബത്തുള്ള ആകുൻസാദയായിരിക്കും ഗവേർണിംഗ് കൗൺസിലിന്റെ തലപ്പത്തുണ്ടാകുക. എന്നാൽ അദ്ദേഹം ദൈനംദിന കാര്യങ്ങളിൽ ഇടപെടുകയില്ല. ഗവണ്മെന്റ് നടത്തിപ്പ് ചുമതല ആകുൻസാദയുടെ ഡെപ്യൂട്ടി കൂടിയായ അബ്ദുൽ ഗനി ബറാദരിനായിരിക്കും,’ എന്നും അദ്ദേഹം പറഞ്ഞു. കാബൂൾ കൊട്ടാരത്തിൽ ഗവൺമെന്റ് പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്ന് അഫ്‌ഗാൻ മാധ്യമമായ ടോളോ ന്യൂസും റിപ്പോർട്ട് ചെയ്യുന്നു.

ആഗസ്റ്റ്‌ 31നായിരുന്നു അമേരിക്കൻ സേന അഫ്‌ഗാനിൽ നിന്നും പൂർണമായി പിന്മാറിയത്. അതിന് ശേഷം മാത്രമേ സർക്കാർ രൂപീകരണം ഉണ്ടാകൂ എന്ന് താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചർച്ചകൾക്കായി ദോഹയിൽ നിന്നും ബറാദർ ആഴ്ചകൾക്ക് മുമ്പ്തന്നെ കാബൂളിൽ എത്തിയിരുന്നു. എന്നാൽ അകുൻസാദ പരസ്യ പ്രസ്‌താവനകൾ നടത്തുകയോ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുയുകയോ ചെയ്‌തിട്ടില്ല. തെക്കൻ കാണ്ഡഹാറിലെ താലിബാൻ കേന്ദ്രത്തിൽ അദ്ദേഹം തമ്പടിച്ചിരിക്കുകയാണെന്നാണ് വക്താവ് സൈബുള്ള മുജാഹിദ് പറയുന്നത്. ഗവണ്മെന്റ് പ്രഖ്യാപിച്ചുകൊണ്ട് അകുൻസാദയും ബറാദറും കാബൂളിൽ ഉടൻ സംയുക്ത പ്രസ്‌താവന നടത്തുമെന്നും താലിബാൻ നേതാക്കൾ അറിയിച്ചു.

ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് ആലോചനയിലില്ലെന്നും ഇസ്‌ലാമിക നിയമമായ ശരീഅത്ത് അനുസൃതമായിരിക്കും അഫ്‌ഗാനിലെ ഭരണമെന്ന് താലിബാൻ നേതാക്കൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീസ്വാതന്ത്ര്യവും വ്യക്തിനിയമങ്ങളും പോലെയുള്ള വിഷയങ്ങളിൽ മതപണ്ഡിതരായിരിക്കും അന്തിമ തീരുമാനങ്ങളെടുക്കുക. തെരഞ്ഞെടുപ്പിലൂടെയല്ലാതെ രൂപീകൃതമായ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു 1996 മുതൽ 2001 വരെ താലിബാൻ രാജ്യം ഭരിച്ചിരുന്നത്. പുതിയ കൗൺസിലിന്റെ ഘടനയും സ്വഭാവവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ താലിബാൻ പുറത്തുവിട്ടിട്ടില്ല.

വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. വിലക്കയറ്റത്തോടൊപ്പം വിഭവങ്ങളുടെ ലഭ്യതക്കുറവുകൂടി ആയതോടെ അഫ്‌ഗാൻ ആഭ്യന്തര കലഹത്തിലേക്ക് വഴുതിവീഴുമെന്ന സാഹചര്യമാണുള്ളത്. ഭക്ഷണവില 50 ശതമാനവും ഇന്ധനവില 75 ശതമാനവുമാണ് അടുത്ത ദിവസങ്ങളിൽ വർധിച്ചത്. ദശലക്ഷക്കണക്കിനാളുകൾ നേരത്തെ തന്നെ കൊടും പട്ടിണിയാണ്. തൊട്ടടുത്ത നേരത്തെ ഭക്ഷണത്തിന് എന്തുചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് രാജ്യത്തെ പകുതിയിൽ അധികം കുട്ടികൾ. ഒരു മാസത്തിനുള്ളിൽ രാജ്യം കടുത്ത പട്ടിണിയിലേക്ക് പോകുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകുന്നത്. സർക്കാർ രൂപീകരണം പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര സഹായങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനിസ്ഥാൻ.