ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കല്‍ മാത്രമാണ് ശാശ്വത പരിഹാരമെന്ന് സുപ്രീംകോടതിയില്‍ കേരളത്തിന്റെ മറുപടി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്നുള്ള തമിഴ്നാടിന്റെ റൂള്‍കര്‍വ് പുനഃപരിശോധിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റങ്ങള്‍ ആവശ്യമില്ലെന്നും നിലവിലെ റൂള്‍കര്‍വ് പ്രകാരം ജലനിരപ്പ് ഉയര്‍ത്താമെന്നുമായിരുന്നു മേല്‍നോട്ട സമിതി കോടതിയെ അറിയിച്ചിരുന്നത്. അതിനുള്ള മറുപടി സത്യവാങ്മൂലമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
നിലവിലുള്ള റൂള്‍കര്‍വ് അംഗീകരിക്കാനാവില്ലെന്നാണ് കേരളം വാദിക്കുന്നത്. നവംബര്‍ പത്തുവരെ 139.5 അടിയും 20ന് 141 അടിയും 30-ാം തിയതിയില്‍ 142 അടിയുമാക്കി ഉയര്‍ത്താമെന്ന റൂള്‍കര്‍വാണ് തമിഴ്നാട് തയ്യാറാക്കിയത്. ഇത് മേല്‍നോട്ടസമിതി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് കേരളത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം പത്താം തിയതിവരെ ജലനിരപ്പ് 139.5 അടിയാക്കി നിജപ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. അതിന് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ത്തണോ എന്ന കാര്യം 11-ാം തിയതി കേസ് പരിഗണിക്കവെ തീരുമാനിക്കാമെന്നാണ് കോടതി അറിയിച്ചത്. ഇക്കാര്യങ്ങളിലാണ് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
തമിഴ്നാട് തയ്യാറാക്കിയ റൂള്‍കര്‍വ് പുനഃപരിശോധിക്കണമെന്നും ഇപ്രകാരം ജലനിരപ്പ് ഉയര്ത്താനാവില്ലെന്നുമാണ് കേരളം അറിയിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിലെ ശാശ്വത പരിഹാരം പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്നത് തന്നെയാണെന്നും സംസ്ഥാനം ആവര്‍ത്തിച്ചു. 1979-ല്‍ ദേശീയ ജലക്കമ്മീഷന് ചെയര്‍മാനും കേരളത്തിലെ ഉദ്യോഗസ്ഥരും അണക്കെട്ട് സന്ദര്‍ശിക്കുകയും അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ അണക്കെട്ട് നിര്‍മ്മിക്കാനോ ബലപ്പെടുത്താനോ ഉള്ള നടപടികളിലേക്ക് പിന്നീട് കടന്നില്ല. അതുകൊണ്ട് പുതിയ അണക്കെട്ട് എന്ന പരിഹാരത്തിലേക്ക് തന്നെ എത്തണമെന്നും കേരളം വിശദീകരിച്ചു.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സുപ്രീംകോടതിയില്നിന്നുണ്ടാവണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ടുവെച്ചു. ബേബിഡാം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് സംസ്ഥാനം സുപ്രീംകോടതിയില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്.