ഇന്ത്യയിലെ രണ്ടാം കൊവിഡ് തരംഗം പ്രതിദിന രോഗബാധ കൊണ്ടും ഉയരുന്ന മരണ സംഖ്യകൊണ്ടും അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളായി തുടരുകയാണ്. 24 മണിക്കൂറിനകം മൂന്ന് ലക്ഷത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയിലേക്ക് രാജ്യമെത്തി. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാക്സിനേഷനില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമ്പോള്‍ ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണ്.
ലോകത്താകമാനമുള്ള ശാസ്ത്രജ്ഞര്‍ ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദത്തേക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മുന്പത്തേക്കാള് മാരകമായി പടരുന്ന കൊവിഡ് രണ്ടാം തരംഗത്തിന്റെ കാരണം വകഭേദം വന്ന വൈറസാണോയെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടില്ല.

എന്താണ് ഇന്ത്യന്‍ കൊവിഡ് വകഭേദം അല്ലെങ്കില്‍ ഡബിള്‍ മ്യൂട്ടന്റ്?
വൈറസുകള്‍ ജനിതക വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നവയാണ്. വ്യത്യസ്തമായ പതിപ്പുകളും വകഭേദങ്ങളും ഈ ജനിതക വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കും.
ഇവയില്‍ മിക്ക വ്യതിയാനങ്ങളും നിസ്സാരമാണ്. ചില മാറ്റങ്ങള്‍ വൈറസിന്റെ അപകടതീവ്രത കുറയ്ക്കുക വരെ ചെയ്യും. എന്നാല്‍ ഏതാനും വൈറസ് വകഭേദങ്ങള്‍ വ്യാപനശേഷി കൂടിയവയും വാക്സിനേറ്റ് ചെയ്ത് ദുര്‍ബലപ്പെടുത്താന്‍ കടുപ്പമുള്ളതുമാകും. ബി.1.617 എന്ന് ഔദ്യോഗികമായി വിശേഷിക്കപ്പെടുന്ന വകഭേദം ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തുന്നത്. ഒക്ടോബര്‍ മാസത്തില്‍ മഹാരാഷ്ട്രയിലാണ് ഈ വകഭേദത്തെ തിരിച്ചറിയുന്നത്. ഈ വകഭേദം എങ്ങനെയാണ് ചികിത്സാ ഫലക്ഷമതയെ ബാധിക്കുകയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ലോകത്ത് പ്രധാനമായി പടരുന്ന വൈറസ് വകഭേദങ്ങള്‍ ഏതൊക്കെയാണ്?
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നായി വിവിധതരം കൊറോണ വൈറസ് വകഭേദങ്ങള്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.351ന് വാക്സിന് ഫലക്ഷമത കുറയ്ക്കാന്‍ ശേഷിയുണ്ടെന്നാണ് അനുമാനം. ബ്രിട്ടീഷ് വേരിയന്റായ ബി.1.117 അമ്പത് മുതല്‍ 70 ശതമാനം വര വേഗത്തില്‍ പടരുന്നതാണ്. 50ലധികം രാജ്യങ്ങളില്‍ ബിട്ടീഷ് വകഭേദമെത്തി. ബ്രസീലില്‍ കണ്ടെത്തിയ പി.1 ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ മിടുക്ക് കൂടിയവയാണ്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രേഖപ്പെടുത്തപ്പെട്ട ബി.1.427ന് 20 ശതമാനം പ്രസരണം കൂടുതലാണ്.

വകഭേദങ്ങളുടെ ഇന്ത്യയിലെ സാന്നിധ്യം കണക്കിലെടുത്താല്‍ ബ്രിട്ടീഷ് വകഭേദം മൂലമുള്ള കേസുകള്‍ 10.9 ശതമാനമാണ്. രാജ്യത്ത് കൊവിഡ് പോസിറ്റീവാകുന്ന 100ല്‍ 4.8 ശതമാനം പേരെ ബാധിക്കുന്നത് ഇന്ത്യന്‍ വേരിയന്റാണ്. 0.7 ആണ് ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ വ്യാപനനിരക്ക്. ഏപ്രില്‍ മൂന്നാം വാരത്തോടെ ഇന്ത്യ നടത്തിയ 15,000ലധികം ജീനോമിക് സീക്വന്‍സിങ്ങില്‍ നിന്നാണ് ഈ വിവരം.
കേരളത്തിലെ കൊവിഡ് വകഭേദങ്ങള്‍
രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസുകളുടെ പ്രബലമായ സാന്നിധ്യം സംസ്ഥാനത്തുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിട്ടീഷ് വകഭേദവും ദക്ഷിണാഫ്രിക്കന്‍ വകഭേദവുമാണ് കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി കണ്ടെത്തിയത്. ബ്രിട്ടീഷ് വേരിയന്റ് ഏറ്റവും കൂടുതല്‍ കാണുന്നത് വടക്കന്‍ ജില്ലകളിലാണ്. ദക്ഷിണാഫ്രിക്കന്‍ വകഭേദം പാലക്കാട് ജില്ലയിലാണ് കൂടുതല്‍. 4.38 ശതമാനം. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വേരിയന്റിന്റെ വ്യാപനശേഷി കുറവാണെന്ന് നിരീക്ഷണങ്ങളുണ്ട്. ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്ന് പേരുണ്ടെങ്കിലും അവ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരില്‍ നിന്നും പടര്‍ന്നതാകണമെന്നില്ല. നിരന്തരമായി ജനിതകമാറ്റം സംഭവിക്കുമ്പോള്‍ സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ സമാന വൈറസ് കേരളത്തിലുണ്ടാകാനും സാധ്യതയുണ്ട്.

ഈ ഇന്ത്യന്‍ ഇരട്ട വ്യതിയാന വൈറസ് എത്രത്തോളം പടര്‍ന്നു?
എത്ര വേഗത്തിലാണ് വൈറസ് വകഭേദത്തിന്റെ വ്യാപനമെന്ന് കണ്ടെത്താന്‍ പര്യാപ്തമായ തരത്തില്‍ സാംപിള്‍ ടെസ്റ്റുകള്‍ രാജ്യത്ത് നടക്കുന്നില്ല. മഹാരാഷ്ട്രയില്‍ ജനുവരിയ്ക്കും മാര്‍ച്ചിനുമിടയില്‍ ശേഖരിച്ച 361 കൊവിഡ് സാംപിളുകളില്‍ 220 എണ്ണത്തില്‍ വ്യതിയാനം വന്ന ഈ വൈറസിനെ കണ്ടെത്തിയിരുന്നു. ഈ വകഭേദത്തിന്റെ സാന്നിധ്യം 21 രാജ്യങ്ങളിലുണ്ടെന്ന് ഗ്ലോബല്‍ ഇന്‍ഫ്ളുവന്‍സ സര്‍വെയിലന്‍സ് ഡേറ്റാ ബേസ് പറയുന്നു. ഫെബ്രുവരി 22 മുതല്‍ ബ്രിട്ടനില്‍ 103 ഇന്ത്യന്‍ വേരിയന്റ് കേസുകള്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് യുകെ ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇന്ത്യന്‍ വേരിയന്റിനെ ‘അന്വേഷണത്തിന് കീഴിലുള്ള വകഭേദം’ എന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ‘ആശങ്കപ്പെടുത്തുന്ന വേരിയന്റ്’ ഗണത്തില്‍ ഇന്ത്യന്‍ വകഭേദത്തെ പെടുത്തേണ്ടെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് ഇതുവരെ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ വേരിയന്റ് കൂടുതല്‍ വ്യാപനം കൂടിയവയും വാക്സിനെ വെല്ലുവിളിക്കാന്‍ കൂടുതല്‍ ശേഷിയുള്ളതുമാണോയെന്ന് ഗവേഷകര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ വകഭേദമാണോ രാജ്യത്തെ രണ്ടാം തരംഗത്തിന് കാരണം?
ഏപ്രില്‍ 15 മുതല്‍ രണ്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിനകേസുകളുടെ എണ്ണം. ഇന്ത്യയിലെ ജനസംഖ്യയും ജനസാന്ദ്രതയുമാണ് വൈറസിന് രൂപാന്തര പരീക്ഷണങ്ങള്‍ നടത്താനുള്ള പ്രോത്സാഹനം നല്‍കുന്നതെന്ന് കേംബ്രിഡ്ജ് സര്‍വ്വകലാശാല ക്ലിനിക്കല്‍ മൈക്രോബയോളജി പ്രൊഫസര്‍ രവീന്ദ്ര ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരുന്നതും വലിയ ജനക്കൂട്ടങ്ങളുണ്ടായതുമാണ് രണ്ടാം തരംഗത്തിന് കാരണമെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു. വെല്‍കം സാങ്ങര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ജെഫ്രി ബാരറ്റ് പറയുന്നതിങ്ങനെ.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യന്‍ വേരിയന്റിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ വകഭേദമാണ് രണ്ടാം തരംഗത്തിന് കാരണമായതെങ്കില്‍ ഈ ഘട്ടത്തിലെത്താന്‍ കുറേ മാസങ്ങളെടുത്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ കെന്റ് ബി117നേക്കാള്‍ വ്യാപനശേഷി കുറവാണ് ഇന്ത്യന്‍ വേരിയന്റിനെന്ന് കരുതേണ്ടി വരും.
ഡോ. ജെഫ്രി ബാരറ്റ്

എന്താണ് ട്രിപ്പിള്‍ മ്യൂട്ടന്റ്?
കൊവിഡ് 19 പ്രോട്ടോ ടൈപ്പില്‍ നിന്ന് രൂപാന്തരമുണ്ടായി മൂന്ന് ജനിതക വ്യതിയാനങ്ങളിലൂടെ കടന്നപോയ ട്രിപ്പിള്‍ മ്യൂട്ടന്റിനെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കിയിരുന്നു. ആന്റിബോഡികളെ പ്രതിരോധിക്കാന്‍ ഈ വകഭേദത്തിന് ശേഷിയുണ്ടെന്നും നിരീക്ഷണമുണ്ട്. പശ്ചിമബംഗാളിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഈ വകഭേദത്തെ കണ്ടെത്തിയത്. ബംഗാള്‍ വേരിയന്റെന്നും ഇതിന് വിളിപ്പേരുണ്ട്.
എന്നാല്‍ അത്രയ്ക്ക് ആശങ്ക വേണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ‘ട്രിപ്പിള്‍ മ്യൂട്ടന്റ്’ വകഭേദത്തിന് എത്രത്തോളം വ്യാപനശേഷിയുണ്ട്, എത്ര മാരകമാണ് എന്നീ കാര്യങ്ങള്‍ കണ്ടെത്താന്‍ പഠനം തുടരുകയാണ്. നിലവില്‍ രാജ്യത്തെ 10 ലാബുകളാണ് കൊവിഡ് വൈറസിന്റെ ജനിതക വ്യതിയാനത്തേക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നത്. ട്രിപ്പിള്‍ മ്യൂട്ടന്റ് വൈറസിനെ ‘വേരിയന്റ് ഓഫ് കണ്‍സേണ്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. താരതമ്യേന ഗൗരവം കുറഞ്ഞ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ ഗണത്തിലാണ് നിലവില്‍ ഈ വകഭേദമുളളത്.
ട്രിപ്പിള്‍ മ്യൂട്ടന്റ് എന്ന വിശേഷണത്തെ എതിര്‍ത്തും ഒരു വിഭാഗം ഗവേഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വിശേഷമാണിതെന്ന് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി ഗവേഷകയായ ദിവ്യ പേജ് സോപതി അഭിപ്രായപ്പെടുന്നു.
ഇത് മഹാരാഷ്ട്രയിലെ സാംപിളുകളില്‍ കൂടുതലായി കാണപ്പെടുന്ന ബി1617ന്റെ ഒരു ഉപ വംശാവലിയില്‍ പെട്ടതാണ്.
ദിവ്യ പേജ് സോപതി
ഇന്ത്യന്‍, യുകെ, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ക്ക് ജനിതക വ്യതിയാനമുണ്ടാകുക സ്വാഭാവികമാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ബ്ലൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് അസിസ്റ്റന്റ് പ്രൊഫസര്‍ അമേഷ് അദാല്ജിയ പറയുന്നു. ഇന്ത്യന്‍ ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റ് അത്രയ്ക്ക് വ്യത്യസ്തമല്ല. വ്യതിയാനമായി എടുത്തുപറയേണ്ടത് മനുഷ്യശരീരത്തിലെ പ്രതിരോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിവുള്ള ഇ484കെയാണ്. ആന്റിബോഡികളെ വെല്ലുവിളിക്കാനുള്ള ശേഷിയാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയില്‍ പോസിറ്റീവ് കേസുകള്‍ കൂടുന്ന സമയത്ത് വകഭേദത്തെ കണ്ടെത്തുന്നു എന്നതുകൊണ്ട് രോഗവ്യാപനത്തിന് കാരണം ഈ വേരിയന്റാണെന്ന് പറയാന്‍ കഴിയില്ലെന്നും അദാല്ജിയ വ്യക്തമാക്കുന്നു.

വൈറസ് രൂപം മാറുന്നത് വാക്സിനേഷന്റെ ഫലം കുറയ്ക്കുമോ?
വകഭേദങ്ങള്‍ കാരണമുണ്ടാകുന്ന കൊവിഡ് രോഗം തീവ്രമാകുന്നതിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ നിലവിലുള്ള വാക്സിനുകള്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഇപ്പോഴുള്ള വാക്സിനുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ചില വേരിയന്റുകള്‍ക്ക് കഴിഞ്ഞേക്കുമെന്ന് ചൂണ്ടിക്കാട്ടി കേംബ്രിഡ്ജ് ഗവേഷകനായ രവീന്ദ്ര ഗുപ്തയടക്കമുള്ളവര്‍ ‘നേച്ചറില്‍’ പ്രസിദ്ധീകരിച്ച ലേഖനം ചര്‍ച്ചയായിരുന്നു. ബി.1.1.7 വകഭേദത്തില്‍ വരുന്ന ഇ484കെ വ്യതിയാനം ബിഎന്‍ടി162ബി2 വാക്സിന്റെ ഫലക്ഷമതയ്ക്ക് ഭീഷണിയാണെന്നായിരുന്നു ഗവേഷ സംഘത്തിന്റെ കണ്ടെത്തല്‍. ഫൈസര്‍-ബയോഎന്‍ടെക് കൊവിഡ് 19 വാക്സിന് ബിഎന്‍ടി162ബി2 അല്ലെങ്കില്‍ കൊമിര്‍നാറ്റി ശ്രേണിയിലുള്ളതാണ്. എന്നിരിക്കലും ലഭ്യമായ വാക്സിനുകള്‍ക്ക് കൊവിഡ് വ്യാപനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിയും. വകഭേദങ്ങളേക്കുറിച്ചും വാക്സിനേക്കുറിച്ചുമുള്ള വാര്‍ത്തകളില്‍ സംശയാലുക്കളായി തീരുമാനമെടുക്കാതെ നില്ക്കുന്നവരോട് ഗവേഷകനായ ഡോ. ജെറമി കാമിലിന് പറയാനുള്ളത് ഇതാണ്.
ഭൂരിഭാഗം ആളുകള്‍ക്കും ഈ വാക്സിനുകള്‍ ഫലപ്രദമാണ്. രോഗം ഇല്ലാത്തതോ തീരെക്കുറഞ്ഞതോ ആയ അവസ്ഥയും, മരണസാധ്യതയോടെ ആശുപത്രികളില്‍ അടിയുന്നതും തമ്മിലുള്ള വ്യത്യാസമാണ് വാക്സിനെടുത്തവരും വാക്സിന് സ്വീകരിക്കാത്തവരും തമ്മിലുള്ളത്. ദയവ് ചെയ്ത് നിങ്ങള്‍ക്ക് ഓഫര്‍ ചെയ്യപ്പെടുന്ന ആദ്യ വാക്സിന് സ്വീകരിക്കുക. എല്ലാം തികഞ്ഞ വാക്സിന് വേണ്ടി കാത്തിരിക്കുകയെന്ന വലിയ അബദ്ധം ചെയ്യാതിരിക്കുക.
ഡോ. ജെറമി കാമില്‍

ഇ484കെ സവിശേഷതയുള്ള, ട്രിപ്പിള്‍ മ്യൂട്ടന്റ് എന്ന് വിശേഷിക്കപ്പെടുന്ന വകഭേദം വാക്സിനുകളെ പ്രതിരോധിക്കുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. വാക്സിന് ശരീരത്തില്‍ ആന്റിബോഡികളെ മാത്രമല്ല സജീവമാക്കുന്നതെന്നും ടി സെല്‍ പ്രതിരോധത്തെ കൂടി ഉത്തേജിപ്പിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞനായ അദാല്ജിയ ചൂണ്ടിക്കാണിക്കുന്നു.