ഞായറാഴ്ച അതിരാവിലെയാണ് നിപ വൈറസ് ബാധയേറ്റ പന്ത്രണ്ടുവയസുകാരന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. മസ്തിഷ്ക ജ്വരവും മയോകാര്ഡൈറ്റിസുമുള്പ്പെടെയുള്ള രോഗലക്ഷണങ്ങളോടെയായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളില്‍ 60 ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് നിപ കൂടി പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിലോ രാജ്യത്തോ നിപ ആദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും കൊവിഡ് കാലത്തെ നിപ പ്രതിസന്ധിയുടെ ആക്കം വലുതാണ്. നിപ വൈറസ് ബാധയുണ്ടായ മുന്‍ കാലങ്ങളില്‍ അത് പ്രാദേശികമായി ഒതുങ്ങുകയും താരതമ്യേന പെട്ടന്നുതന്നെ പ്രതിരോധം സജ്ജമാക്കാന്‍ കഴിയുകയും ചെയ്തിരുന്നു.
എന്താണ് നിപ വൈറസ്?
1998ല്‍ മലേഷ്യയിലും 1999ല്‍ സിംഗപ്പൂരിലുമാണ് ലോകത്ത് ആദ്യമായി നിപ വൈറസ് മനുഷ്യരില്‍ സ്ഥിരീകരിച്ചത്. ആദ്യമായി ഒരാള്‍ക്ക് വൈറസ് ബാധയേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്ത മലേഷ്യന്‍ ഗ്രാമത്തിന്റെ പേര് വൈറസിനിട്ടു.
1998-99 വര്‍ഷങ്ങളില ആദ്യ നിപാ സ്ഥിരീകരണത്തിന് ശേഷം സൗത്തേഷ്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമായി വിവിധ രാജ്യങ്ങളില്‍ നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2001ല്‍ മാത്രം ബംഗ്ലാദേശില്‍ 10 തവണയാണ് നിപ വ്യാപനമുണ്ടായത്. ഇന്ത്യയില്‍ 2001ല്‍ പശ്ചിമ ബംഗാളിലും 2018ല്‍ കേരളത്തില്‍ നിരവധി കേസുകള്‍ സ്ഥിരീകരിക്കുകയുണ്ടായി. 2019ലും കേരളത്തില്‍ നിപ സ്ഥിരീകരിച്ചു.
എങ്ങനെയാണ് നിപയുടെ വ്യാപനം?
മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് നിപ. ഭക്ഷ്യ വസ്തുക്കളിലൂടെയാണ് ഇത്തരം പകര്‍ച്ച സാധാരണയായി സംഭവിക്കാറുള്ളത്. എന്നിരുന്നാല്‍ക്കൂടിയും മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കുള്ള വ്യാപന സാധ്യതയും തള്ളിക്കളയാനാവില്ല. വൈറസിന്റെ മൃഗങ്ങളിലൂടെയുള്ള വാഹകരില്‍ പ്രധാനികള്‍ വവ്വാലുകളാണ് (fruit bats, commonly known as flying fox). വൈറസ് വാഹകരായ വവ്വാലുകളിലൂടെ കാട്ടുപന്നികള്‍, നായ്ക്കള്‍, പൂച്ചകള്‍, ആട്, കുതിര, ചെമ്മരിയാടുകള്‍ എന്നീ മൃഗങ്ങളിലേക്കും രോഗം പടരുന്നതിന് കാരണക്കാരാവുന്നു.

ഇത്തരം മൃഗങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. വൈറസ് ബാധയേറ്റിട്ടുള്ള മൃഗങ്ങളുടെ ഉമിനീരോ മൂത്രമോ അടങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെയും മനുഷ്യരിലേക്ക് നിപയെത്താനുള്ള സാധ്യതയുണ്ട്. മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കുള്ള വ്യാപനം പൂര്‍ണമായും അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ബംഗ്ലാദേശിലും ഫിലിപ്പൈന്‍സിലും ഇന്ത്യയിലും രോഗബാധിതനായ ആളുടെ ശ്രവം മറ്റൊരാളുടെ ശരീരത്തില്‍ എത്തിയതിലൂടെ വൈറസ് പകര്ച്ചയുണ്ടായെന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ബംഗ്ലാദേശി ഗവേഷകരുടെ പഠനത്തില്‍ പറയുന്നത്. നിപ വ്യാപനുമുണ്ടായ മുന്‍ അവസരങ്ങളില്‍ രോഗിയെ ചികിത്സിക്കുകയോ അടുത്തിടപഴകുകയോ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിചരിച്ചവര്‍ക്കും രോഗം ബാധിച്ചിരുന്നു.
കൊവിഡ് പോലെ പടരുമോ നിപ?
കൊവിഡ് 19 വൈറസിനേക്കാളും താരതമ്യേന വളരെ പതുക്കെ മാത്രമാണ് നിപ വൈറസിന്റെ വ്യാപനം. എന്നാല്‍, ആളുകളുടെ ജീവനെടുക്കാനുള്ള നിപയുടെ അധിക ശേഷിയാണ് ആശങ്കയുണ്ടാക്കുന്നത്. പശ്ചിമപശ്ചിമബംഗാളിലെ സിലിഗുരിയിലെ ആദ്യ നിപാ വ്യാപനത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 66 പേരില്‍ 45 പേരും മരണത്തിന് കീഴടങ്ങേണ്ടി വന്നു. എന്നുവെച്ചാല്‍, 68 ശതമാനമായിരുന്നു മരണ നിരക്ക്. 2007ല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ബംഗാളിലെത്തന്നെ നാദിയ ജില്ലയില്‍ രോഗം ബാധിച്ച അഞ്ചുപേരും മരിച്ചു.
2018ല്‍ കേരളത്തിലുണ്ടായ വ്യാപനത്തിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. രോഗം സ്ഥിരീകരിച്ച 18ല്‍ 17 പേരും മരണപ്പെട്ടു. ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്. 2019ല്‍ കേരളത്തില്‍ വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എറണാകുളത്തായിരുന്നു ഇത്. എന്നാല്‍, ദ്രുതഗതിയിലുള്ള തീരുമാനങ്ങളും പ്രതിരോധവും ആരോഗ്യപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും മൂലം രോഗി സുഖം പ്രാപിക്കുകയും ഒരാളിലേക്കുപോലും പടരാതിരിക്കുകയും ചെയ്തു.

1999ലെ മലേഷ്യന്‍ നിപാ വ്യാപനത്തില്‍ 265 പേരായിരുന്നു രോഗബാധിതര്‍, ഇവരില്‍ 105പേരും മരിച്ചെന്നാണ് കുസാറ്റിലെ ഗവേഷകര്‍ 2020ല്‍ പ്രസിദ്ധീകരിച്ച ‘നിപ വൈറസ്: മുന്‍കാല വ്യാപനങ്ങളും ഭാവിയിലെ നിയന്ത്രണങ്ങളും’ എന്ന പഠനത്തില്‍ പറയുന്നത്.
നിപയുമായി താരതമ്യം ചെയ്താല്‍, കൊവിഡ് മൂലമുള്ള മരണ നിരക്ക് ഒരു ശതമാനമാണ്.
കഴിഞ്ഞകാല നിപാ വ്യാപനങ്ങളെ കേരളം കൈകാര്യം ചെയ്തതെങ്ങനെ?
2018ല്‍, അപകടകാരിയായ നിപയെക്കുറിച്ച് മുന്‍കാല പരിചയങ്ങളോ കേട്ടുകേള്‍വിയോ കേരളത്തിനുണ്ടായിരുന്നില്ല. സബ് സഹാറന്‍ ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത എബോള വൈറസ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ പ്രോട്ടോക്കോളായിരുന്നു കേരളം നിപയ്ക്കെതിരെ സ്വീകരിച്ചത്.

2018 ജൂണില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 3000 പേരെ ക്വാറന്റീനിലാക്കി. നിപ ബാധിതരുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും നിരീക്ഷണത്തിലാക്കി.
2019ല്‍ സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചപ്പോള്‍, ആരോഗ്യ വകുപ്പിന്റെ പക്കല്‍ എന്ത് ചെയ്യണം എന്ന കൃത്യതയോടെയുള്ള പ്രോട്ടോക്കോളുണ്ടായിരുന്നു. രോഗം ഒരേയൊരാളില്‍ ഒതുങ്ങി. 2020ല്‍ സംസ്ഥാനത്ത് നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാല്‍ക്കൂടിയും, ആ പ്രോട്ടോക്കോള്‍ പുതുക്കുകയും സംസ്ഥാനത്തുടനീളം ആരോഗ്യ മേഖലയില്‍ വിതരണം ചെയ്യുകയും ചെയ്തു.
കൊവിഡിനോടൊപ്പം കേരളം നിപയെ എങ്ങനെ കൈകാര്യം ചെയ്യും?
കോഴിക്കോട് ജില്ലയില്‍ ചെങ്ങറോത്തുനിന്നും 50 കിലോമീറ്റര്‍ അകലെ ചാത്തമംഗലത്താണ് ദിവസങ്ങള്‍ക്ക് മുമ്പ് പന്ത്രണ്ടുവയസുകാരനില് നിപ സ്ഥിരീകരിച്ചത്. കുട്ടി താമസിച്ചിരുന്ന ചാത്തമംഗലം പഞ്ചായത്തിന്റെ കീഴിലുള്ള മൂന്ന് വാര്‍ഡുകളും ഞായറാഴ്ച രാവിലെയോടെ പൂര്‍ണമായും അടച്ചു. ഏറ്റവും സൂക്ഷ്മതലത്തിലുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയത്.
ഈ മൂന്ന് വാര്‍ഡുകളില്‍നിന്നുമുള്ള എല്ലാത്തരം പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. കുട്ടി താമസിച്ചിരുന്ന ഗ്രാമത്തിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡുപയോഗിച്ച് നിയന്ത്രിക്കുന്നു.
കൊവിഡ് പ്രോട്ടോക്കോളുകള്‍ നിലനില്‍ക്കെത്തന്നെയാണ് മറ്റ് വൈറസ് ബാധകളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും എന്നതും ശ്രദ്ധേയമാണ്. പി.പി.ഇ കിറ്റുകളുടെയും ഗ്ലൗസുകളുടെയും മാസ്കുകളുടെയും ഉപയോഗം നിപ വൈറസ് വ്യാപനത്തെ കുറയ്ക്കാനുതകുന്നതുമാണ്.