കോഴിക്കോട് എട്ടുപേര്‍ക്ക്‌ നിപാ ലക്ഷണം; ഉറവിടം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം, കാട്ടുപന്നികളുടെ സാമ്പിളുകളും ശേഖരിക്കും

കോഴിക്കോട്: ജില്ലയില്‍ എട്ടുപേര്‍ക്ക്‌ നിപാ രോഗ ലക്ഷണങ്ങളെന്ന് റിപ്പോര്‍ട്ട്. വൈറസ് ബാധയേറ്റ് മരിച്ച പന്ത്രണ്ടുവയസുകാരന്റെ അമ്മയുള്‍പ്പെടെ മൂന്നുപേരില്‍ മാത്രമായിരുന്നു നേരത്തെ ലക്ഷണങ്ങളുണ്ടായിരുന്നത്. മറ്റ് അഞ്ചുപേര്‍ക്ക് കൂടിയാണ് ഇപ്പോള്‍ രോഗലക്ഷണമുള്ളത്. ഇവരിലാര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല. ഇവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.

251 പേര്‍ കൂടി സമ്പര്‍ക്കപ്പട്ടികയിലുണ്ടെന്നാണ് പുതിയ വിവരം. പട്ടികയുടെ ആദ്യഘട്ട വിപുലീകരണം നടത്തിയപ്പോഴാണ് സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആളുകളുടെ എണ്ണം 188ല്‍ നിന്ന് 251ലേക്ക് ഉയര്‍ന്നത്. ഹൈ റിസ്‌ക് പട്ടികയിലുള്ളവരുടെ എണ്ണവും 20ല്‍ നിന്ന് 32ലേക്ക് കടന്നു. ഈ 32 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ മന്ത്രിമാരുടെ അധ്യക്ഷതയില്‍ ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേര്‍ന്നിട്ടുണ്ട്. മരിച്ച കുട്ടിക്ക് രോഗബാധയുണ്ടായത് എവിടെനിന്നാണെന്നും ഉറവിടം എന്താണെന്നുമുള്ള കാര്യങ്ങളാണ് നിലവില്‍ പരിശോധിച്ചുവരുന്നത്. ഇതിനായുള്ള പരിശോധന ചാത്തമംഗലത്ത് പുരോഗമിക്കുകയാണ്.

ചാത്തമംഗലത്ത് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെ എല്ലാ വളര്‍ത്തുമൃഗങ്ങളുടെയും സാമ്പിളുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം ശേഖരിച്ചു. കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുമ്പേ ആടിന് ദഹനക്കേടുണ്ടായിരുന്നു. കുട്ടി ഈ ആടിനെ പരിചരിക്കുകയും ചെയ്തിരുന്നു. ഇത് വൈറസ് ബാധയ്ക്ക് ഏതെങ്കിലും തരത്തില്‍ കാരണമായോ എന്ന സംശയത്തെത്തുടര്‍ന്നാണ് ആടിന്റെ സ്രവം ശേഖരിക്കുന്നത്.

കൂടാതെ, കാട്ടുപന്നിയുടെ ശല്യം കൂടുതലുള്ള പ്രദേശമായതിനാല്‍, അവയുടെ സ്രവവും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആലോചന. ഇതിനായി വനംവകുപ്പിന്റെ അനുമതി തേടിയിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളെയും പിടികൂടി പരിശോധന നടത്തും.