‘ഈ കൊച്ചു കുടിലിലേക്കാണ് സംസ്ഥാന അവാര്‍ഡ് വന്നുകയറിയത്’; നിരഞ്ജന് അഭിനന്ദനവുമായി പ്രമുഖര്‍

തിരുവനന്തപുരം: എസ്. നിരഞ്ജന്‍ എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഇത്തവണ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡിന് അര്‍ഹനായത്. പുരസ്‌കാര നേട്ടത്തിന് പിന്നാലെ നാവായിക്കുളം വെട്ടിയറ ഗ്രാമത്തിലെ ഒറ്റമുറി വീട്ടിലേക്ക് അഭിനന്ദനങ്ങളെത്തുന്നത് തുടരുകയാണ്. നാവായിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ നിരഞ്ജന്‍ അടച്ചുറപ്പില്ലാത്ത കൊച്ചുവീട്ടിലാണ് താമസം. അച്ഛന്‍ എസ് സുമേഷ് കെട്ടിട നിര്‍മ്മാണ തൊഴിലാളി. അമ്മ സുജ കശുവണ്ടി ഫാക്ടറി തൊഴിലാളിയും. സഹോദരി ബിരുദ വിദ്യാര്‍ത്ഥിയാണ്. ഓണ്‍ലൈന്‍ ക്ലാസില്‍ പഠിക്കാന്‍ സ്മാര്‍ട് ഫോണ്‍ ഇല്ലാതിരുന്ന നിരഞ്ജന് വീടിന് സമീപത്തുള്ള വെട്ടിയറ ‘ചിന്ത’ ഗ്രന്ഥശാലാ പ്രവര്‍ത്തകരാണ് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത്.

‘ചിന്ത’യിലൂടെയാണ് നിരഞ്ജന്‍ അഭിനയത്തിലേക്ക് തിരിയുന്നതും. നാടകങ്ങളില്‍ സജീവമായതോടെ സിനിമയിലേക്ക് വഴി തുറന്നു. സുജിത്ത് വിഘ്‌നേശ്വര്‍ സംവിധാനം ചെയ്ത ‘രമേശന്‍ ഒരു പേരല്ല’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അനീസ് സലീമിന്റെ ‘സ്‌മോള്‍ ടൈം സീ’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ‘കാസിമിന്റെ കടലി’ലെ ബിലാല്‍ രണ്ടാമത്തെ ചലച്ചിത്ര കഥാപാത്രമായിരുന്നു. യത്തീംഖാനയില്‍ വളരുന്ന അനാഥബാലനെയാണ് നിരഞ്ജന്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച അവാര്‍ഡ് നാടിനാണ് നിരഞ്ജന്‍ സമര്‍പ്പിക്കുന്നത്.

നിരഞ്ജന്‍, (ഇടത്)

പുരസ്‌കാര വാര്‍ത്തളേത്തുടര്‍ന്ന് ജനപ്രതിനിധകള്‍ നിരഞ്ജനെ അഭിനന്ദിച്ച് രംഗത്തെത്തി. നിരഞ്ജന് എല്ലാ സഹായവും നല്‍കാനുള്ള ഇടപെടലുണ്ടാകുമെന്ന് വര്‍ക്കല എംഎല്‍എ വി ജോയി പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം കഴിഞ്ഞ ദിവസം നിരഞ്ജന്റെ വീട് സന്ദര്‍ശിച്ചു.

ഈ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ നിന്നാണ് ഇത്തവണത്തെ മികച്ച ബാലതാരം വെള്ളിത്തിരയില്‍ വരുന്നത്.

എ. എ റഹീം

ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കൊപ്പം നിരഞ്‌നേയും കുടുംബത്തേയും സന്ദര്‍ശിച്ചപ്പോള്‍ സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ പിതാവ് വികാരാധീനനായെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു. ‘അച്ഛന്‍, തന്റെ നനഞ്ഞ കണ്ണുകള്‍ ഞങ്ങളില്‍ നിന്നും മറയ്ക്കാന്‍ നന്നേ ശ്രമിക്കുന്നുണ്ടായിരുന്നു. ചിലപ്പോളൊക്കെ അദ്ദേഹം അതില്‍ പരാജയപ്പെട്ടു. കണ്ണു നനഞ്ഞു, തൊണ്ട ഇടറാതിരിക്കാന്‍ വാക്കുകള്‍ അദ്ദേഹം മറച്ചു പിടിച്ചു. സന്തോഷം കൊണ്ട് മാത്രമാണ് ആ കണ്ണുകള്‍ നനയുന്നത് എന്ന് ഞാന്‍ കരുതുന്നില്ല. തന്റെ പരാധീനതകള്‍, നൊമ്പരങ്ങള്‍, മറച്ചുപിടിക്കാന്‍ ശ്രമിച്ചിട്ടും പറ്റാതെ പോയി. തികച്ചും സാധാരണക്കാരനായ, നന്മ മാത്രം സമ്പാദ്യമായുള്ള ഒരു നല്ല മനുഷ്യന്‍. നിരഞ്ജന്‍ ഇനിയും പടവുകള്‍ കയറും. കാരണം, പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളിലാണ് ഈ കുട്ടി ജനിച്ചതും ജീവിക്കുന്നതും വളരുന്നതും. അവന്‍ ഉയരങ്ങള്‍ കീഴടക്കും. അപ്പോള്‍ അച്ഛന്റെ കണ്ണില്‍ സന്തോഷത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍ മാത്രം നിറയും. പരാധീനതകള്‍ മായും.’