‘വമ്പന്‍ റിട്ടേണ്‍സില്ല’; ‘മരക്കാര്‍’ ഒടിടി റിലീസ് ലൈഫ് ലൈനെന്ന് സഹനിര്‍മ്മാതാവ്; ‘മോഹന്‍ലാല്‍ ഇവിടെത്തന്നെയുണ്ട്’

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതിലൂടെ വലിയ ലാഭമൊന്നും കിട്ടുന്നില്ലെന്ന് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. കൊവിഡ് ഭീഷണി താരതമ്യേന കുറഞ്ഞെങ്കിലും വിപണിയിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിന്റെ ഓഫര്‍ സ്വീകരിച്ചതെന്ന് നിര്‍മ്മാതാവ് പറഞ്ഞു. നിലവിലെ സാഹചര്യം മൂലം തിയേറ്ററില്‍ നിന്നും സംഭവിക്കാവുന്ന വരുമാന നഷ്ടത്തിന്റെ ആഘാതം പരിഹരിക്കുന്ന ഒരു സേഫ്റ്റി വാല്‍വാണ് ഡയറക്ട് ഒടിടി റിലീസ്. ഒരര്‍ത്ഥത്തില്‍ ലൈഫ് ലൈന്‍ തന്നെയാണിതെന്നും നിര്‍മ്മാതാവ് പ്രതികരിച്ചു.

ഒരുപക്ഷെ കേരളത്തിലെ തിയേറ്ററുടമകള്‍ കുറച്ചുകൂടി ഉള്‍ക്കാഴ്ചയോടെ ഒരു നീക്കം നടത്തിയിരുന്നെങ്കില്‍ അതൊരു വിപ്ലവമാകുമായിരുന്നു. തിയേറ്ററുകളെ സമ്പൂര്‍ണ്ണമായി സജീവമാക്കാനുള്ള ഒന്നാന്തരം ലോഞ്ചായിരുന്നു ഈ ബ്രഹ്മാണ്ഡ ചിത്രം.

സന്തോഷ് ടി കുരുവിള

തീയറ്റര്‍ റിലീസ് എന്നത് മാത്രമായിരുന്നു 2018 മുതല്‍ ഈ ചിത്രത്തിനായ് നിക്ഷേപം നടത്തി തുടങ്ങുമ്പോള്‍ താനടക്കമുള്ള നിര്‍മ്മാതാക്കളുടെ ലക്ഷ്യം. വേറൊരു പദ്ധതിയും ചിന്തയിലുണ്ടായിരുന്നില്ല. മോഹന്‍ലാല്‍ എന്ന മഹാനടനിലൂടെ ഒരു ലോകോത്തര ചിത്രം എന്നതായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ സ്വപ്‌നം. തിയേറ്റര്‍ മാത്രം ലക്ഷ്യമാക്കിയിരുന്ന ആന്റണി ഒടിടി ഓഫര്‍ നില്‍ക്കെ തന്നെ തീയറ്റര്‍ ഉടമകളേക്കൂടി വിശ്വാസത്തിലെടുത്തും പങ്കാളിത്തവും നല്‍കി ഒരു ബദല്‍ മാര്‍ഗ്ഗമാണ് പരിഗണിച്ചിരുന്നത്.

തിയേറ്റര്‍ കളക്ഷനിലൂടെ മാത്രം ലഭിക്കേണ്ട വരുമാനത്തിന് ഉറപ്പ് തേടുക എന്നത് ഒരു നിര്‍മ്മാതാവിന്റെ സാധാരണ യുക്തിയില്‍ പെടുന്നതാണ്. അതിനു വേണ്ടി ശ്രമങ്ങള്‍ നടത്തി. റിസ്‌ക് എന്നത് നിര്‍മ്മാതാവിന്റെ മാത്രം ഉത്തരവാദത്തില്‍ പെടും എന്ന നിലയില്‍ എത്തിയപ്പോഴാണ് തിയേറ്ററുടമകളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.

മോഹന്‍ലാല്‍ മലയാളത്തില്‍ നിന്ന് ലോകത്തിന്റെ തന്നെ ഉത്തുംഗത്തിലേയ്ക്ക് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിലൂടെ എത്തുകയാണ്. മോഹന്‍ലാല്‍ എന്ന വിസ്മയം ഇവിടെ തന്നെയുണ്ട്. ഇനിയും ലോകോത്തര സിനിമകള്‍ അദ്ദേഹവുമായ് ചേര്‍ന്ന് ഒരുക്കുകയെന്നത് സാധ്യവുമാണ്. അത് സംഭവിക്കുക തന്നെ ചെയ്യും. തട്ടകങ്ങള്‍ മാറിമാറിവന്നാലും അരങ്ങ് നിറയ്ക്കാനുള്ള വിഭവങ്ങള്‍ ഇവിടെയുണ്ടാകും. മലയാള സിനിമയുടെ വിസ്തൃതിയും സ്വീകാര്യതയും കൂടുതല്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ എല്ലാ സിനിമാ പ്രേമികളും ഇനിയും ഒപ്പമുണ്ടാകണമെന്നും സന്തോഷ് ടി കുരുവിളി കൂട്ടിച്ചേര്‍ത്തു.

Also Read: ‘ദുല്‍ഖറിനെയോ ‘കുറുപ്പി’നെയോ ഉദ്ദേശിച്ച് പറഞ്ഞതല്ല’; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പ്രിയദര്‍ശന്‍