കൊവാക്‌സിന്‍ നിര്‍മ്മാണത്തിന് പശുക്കിടാവിന്റെ രക്തമെന്ന ആരോപണം; വിശദീകരണവുമായി കേന്ദ്രവും ഭാരത് ബയോടെക്കും

രാജ്യം തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ നിര്‍മ്മാണത്തിന് കിടാരികളുടെ രക്തം ഉപയോഗിക്കുന്നെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാരും ഭാരത് ബയോടെക്കും. കൊവാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഇളംകന്നുകാലികളുടെ രക്തം ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് ഗൗരവ് പാന്ധി രംഗത്തെത്തിയിരുന്നു. വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര മരുന്ന് നിലവാര നിയന്ത്രണ സ്ഥാപനം നല്‍കിയ മറുപടി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

കൊവാക്‌സിനില്‍ ഇളംകന്നുകാലി സിറമുണ്ടെന്ന കാര്യം മോഡി സര്‍ക്കാര്‍ ഒരു ആര്‍ടിഐ മറുപടിയില്‍ സമ്മതിച്ചിരിക്കുന്നു. 20ല്‍ താഴെ ദിവസം മാത്രം പ്രായമുള്ള പശുക്കിടാങ്ങളെ കശാപ്പ് ചെയ്‌തെടുക്കുന്ന രക്തത്തില്‍ നിന്നാണ് ഈ സിറമെടുക്കുന്നത്.

ഗൗരവ് പാന്ധി

ഹീനമായ കൃത്യമാണിത്. ഇത്തരമൊരു വിവരം പൊതുജനത്തില്‍ നിന്ന് മറച്ചുവെയ്ക്കരുതയായിരുന്നെന്നും പാന്ധി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ഖേര സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് രംഗത്ത് വന്നതോടെ വിഷയം വിവാദമായി. ആരോപണങ്ങള്‍ വസ്തുതകള്‍ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ഉന്നയിക്കപ്പെട്ടതാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.

വെരോ കോശങ്ങളുടെ ഉത്പാദനത്തിന് വേണ്ടി മാത്രമാണ് കാലിക്കിടാങ്ങളുടെ രക്തത്തിലെ ഘടകങ്ങള്‍ ഉപയോഗിക്കുന്നത്. വാക്‌സിന്‍ നിര്‍മാണത്തിന്റെ അന്ത്യഘട്ടത്തില്‍ കാലികളില്‍ നിന്നുള്ള രക്തത്തിന്റെ യാതൊരു അംശവുമുണ്ടാകില്ല.

ആരോഗ്യമന്ത്രാലയം

മറ്റ് കോശങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ അടിസ്ഥാനമായി ഉപയോഗിക്കുന്നവയാണ് വെരോ കോശങ്ങള്‍. വാക്‌സിന്‍ വികസിപ്പിക്കാന്‍ ആവശ്യമായ കോശങ്ങളുടെ ഉത്പാദനത്തിനും വെരോ കോശങ്ങളെയാണ് ഉപയോഗിക്കുന്നത്. പോളിയോയും പേവിഷബാധയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ വെരോ കോശങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പല മൃഗങ്ങളുടേയും രക്തം വെരോ കോശങ്ങള്‍ ഉപയോഗിക്കാന്‍ ലോകമെമ്പാടും ഉപയോഗിക്കുന്നു. വളര്‍ത്തിയെടുത്ത ശേഷം വെരോ കോശങ്ങള്‍ നന്നായി ശുദ്ധീകരിക്കും. രക്തം ഈ പ്രക്രിയയോടെ പൂര്‍ണായും നീക്കം ചെയ്യപ്പെടും. പിന്നീടാണ് വെരോ കോശങ്ങളിലേക്ക് കൊറോണ വൈറസിനെ കടത്തിവിട്ട് ഇരട്ടിപ്പിക്കല്‍ നടത്തുന്നത്. വൈറസുകളുടെ വളര്‍ച്ചയോടെ വെരോ കോശങ്ങള്‍ പൂര്‍ണമായും നശിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

വൈറസിനെ വളര്‍ത്തുന്ന സമയത്തോ അവസാനഘട്ടത്തിലോ കന്നുകാലിക്കിടാവിന്റെ രക്തം ഉപയോഗിക്കുന്നില്ലെന്ന് ഭാരത് ബയോടെക്ക് പ്രതികരിച്ചു.

കോശങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രമാണ് ഇളംകന്നുകാലിക്കിടാങ്ങളുടെ രക്തം ഉപയോഗിക്കുന്നത്. കൊവിഡ് 19 വൈറസിന്റെ വളര്‍ച്ചാഘട്ടത്തിലോ വാക്‌സിന്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലോ ന്യൂബോണ്‍ കാഫ് സിറം ഉപയോഗിക്കുന്നില്ല.

ഭാരത് ബയോടെക്

കഴിഞ്ഞ ഒമ്പത് മാസമായി വാക്‌സിന്‍ വികസിപ്പിക്കുന്നതിനേക്കുറിച്ചുള്ള വിശദാംശങ്ങള്‍ സുതാര്യമാണെന്നും മരുന്നുകമ്പനി കൂട്ടിച്ചേര്‍ത്തു.