’30 ലക്ഷം മരണമൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല’; മുല്ലപ്പെരിയാര്‍ ക്യാംപെയ്ന്‍ ശക്തമാക്കി സെലിബ്രിറ്റികള്‍

കനത്ത മഴയേത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനേത്തുടര്‍ന്ന് അണക്കെട്ട് പടിപടിയായി പ്രവര്‍ത്തനരഹിതമാക്കി, പൊളിച്ചുനീക്കണമെന്ന ആഹ്വാനം വീണ്ടും ഉയരുകയാണ്. ഡാം അപകടാവസ്ഥയിലാണെന്നും രാഷ്ട്രീയത്തിലും നിയമപോരാട്ടത്തിലും കുടുങ്ങിയ വിഷയം പരിഹരിക്കപ്പെടാന്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി നിരവധി സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡീ കമ്മീഷന്‍ ചെയ്യാന്‍ നിയമപോരാട്ടം നടത്തുന്ന സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ. റസ്സല്‍ ജോയിയുടെ പ്രതികരണങ്ങളും വൈറലാകുന്നുണ്ട്.

ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍ ഏറ്റെടുത്ത് മലയാള സിനിമാലോകത്തെ പ്രമുഖരും രംഗത്തെത്തി. വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെയായാലും 125 വര്‍ഷം കാലപ്പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നത് യാതൊരു ന്യായീകരണവും അര്‍ഹിക്കുന്നില്ലെന്ന് നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണവ്യവസ്ഥയെ വിശ്വസിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ. ഭരണകൂടം വേണ്ട നടപടിയെടുക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും നടന്‍ പ്രതികരിച്ചു.

നമ്മുടെ ആശങ്കകള്‍ രാജ്യം അറിയണമെന്നായിരുന്നു ഉണ്ണിമുകുന്ദന്റെ പ്രതികരണം. അധികൃതര്‍ വേണ്ട നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കാമെന്നും നടന്‍ പറഞ്ഞു. പുതിയ ഡാം നിര്‍മ്മിക്കണമെന്നും അതിന്റെ ചമുതല തമിഴ്‌നാടിനെ ഏല്‍പിക്കണമെന്നുമാണ് ഹരീഷ് പേരടി അഭിപ്രായപ്പെട്ടത്. കേരളം ഡാം നിര്‍മ്മിച്ചാല്‍ പാലാരിവട്ടം പാലത്തിന്റേയും കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റിന്റേയും അവസ്ഥയാകുമെന്നും നടന്‍ പരിഹസിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗ്രാഫിക് ചിത്രം

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ കേരളത്തിനുണ്ടാകുന്ന നാശനഷ്ടത്തിന്റെ ഗ്രാഫിക് ചിത്രം ഫേസ്ബുക് പ്രൊഫൈലാക്കി. ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സംവിധായകന്‍ നിര്‍ദ്ദേശിച്ചു. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ്സ് മരണ മൊഴിയായിരിക്കും അത്. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ലെന്നും ജൂഡ് ആന്റണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍തല ഇടപെടല്‍ വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നാല് വര്‍ഷമായി പ്രകൃതിക്ഷോഭങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ പ്രശ്നങ്ങളില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത് തെറ്റായ പ്രചാരണമാണ്. അനാവശ്യ ഭീതി പരത്തിയാല്‍ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി പരിഗണിക്കുകയാണ്.

142 അടിയാണ് മുല്ലപ്പെരിയാര്‍ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ ജലനിരപ്പ് 136.80 അടിയാണ്. ഇതോടെ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജലനിരപ്പ് 140 അടിയായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങുമെന്നാണ് വിവരം. തമിഴ്നാടിനോട് കൂടുതല്‍ വെള്ളം ഒഴുക്കണമെന്നും സ്പില്‍വേയിലൂടെ കുറച്ച് വെള്ളം ഒഴുക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.