കെ റെയിൽ അനുമതിയിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രം, സംസ്ഥാന സർക്കാരിനെ നിയമം ഓർമിപ്പിച്ച് ഹൈക്കോടതി

കെ റെയിൽ പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും ഡിപിആർ വിശദമായി പഠിച്ചതിന് ശേഷം മാത്രമേ വിഷയത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂ എന്നും കേന്ദ്രസർക്കാർ കോടതിയിൽ. നീതി ആയോഗ് ഉൾപ്പടെയുള്ള വിഭാഗങ്ങൾ വിശദ പദ്ധതിരേഖ പഠിച്ചതിന് ശേഷം മാത്രമേ അനുമതിയുടെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. അതേസമയം ഭൂമിയേറ്റെടുക്കലിനെതിരെ സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കുന്നതിനിടെ ജനങ്ങളെ ശത്രുസ്ഥാനത്ത് നിർത്തിക്കൊണ്ട് പദ്ധതി നടപ്പാക്കാനാവില്ലെന്ന് കോടതി സർക്കാരിനെ ഓർമിപ്പിച്ചു. ഹർജിക്കാരുടെ ഭൂമിയിൽ കെ റെയിൽ കല്ലുകൾ സ്ഥാപിക്കുന്നതും തടഞ്ഞു.

കെ റെയിലിന് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട് എന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്. അത് അടിസ്ഥാനമാക്കിയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു. എന്നാൽ നൂറു കോടിയിൽ കൂടുതൽ ചെലവുള്ള പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരം മാത്രം മതിയാവില്ല എന്നാണ് ഹരജിയിൽ ഉന്നയിക്കുന്നത്.

ഡിപിആർ തയാറാക്കിയതിലും സംസ്ഥാന സർക്കാരിനോട് നിരവധി ചോദ്യങ്ങൾ ഹൈക്കോടതി മുന്നോട്ട് വെച്ചു. എന്തൊക്കെയാണ് ഡിപിആർ തയ്യാറാക്കാനെടുത്ത നടപടികൾ, എന്ത് പഠനമാണ് നടത്തിയത് സർവേ നടത്തും മുൻപ് ഡിപിആർ തയാറാക്കിയത് എങ്ങനെ എന്നും കോടതി ചോദിച്ചു. ഏരിയൽ സർവേയാണ് ഇതിനായി ആധാരമാക്കിയത് എന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. വിശദ പദ്ധതിരേഖ തയാറാക്കിയതെങ്ങനെ എന്ന് വിശദമായി കോടതിയെ അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ആവശ്യപ്പെട്ടു. വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണം എന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

സർവ്വേ പൂർത്തിയാക്കും മുൻപേ ഡിപിആർ തയ്യാറാക്കിയത് എങ്ങനെയെന്ന് ചോദിച്ച കോടതി എല്ലാ നിയമവും പാലിച്ചു മാത്രമേ കെ റെയിൽ പോലെയൊരു പദ്ധതി നടപ്പാക്കാൻ ആകൂവെന്ന് സർക്കാരിനെ ഓർമ്മിപ്പിക്കുകയും ചെയ്‌തു. ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തി ഇത്തരം പദ്ധതി നടപ്പാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

കെ റെയിലിന്റെ സാമ്പത്തിക പ്രായോഗികതയടക്കമുള്ള ഘടകങ്ങൾ വിലയിരുത്തി മാത്രമേ അനുമതിയിൽ തീരുമാനമെടുക്കാനാകൂ എന്നാണ് കേന്ദ്രസർക്കാർ നിലപാട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റേയും പരിശോധനകൾ ഇതിനാവശ്യമാണ്. അലൈൻമെൻറ് പ്ലാൻ അടക്കം കൂടുതൽ വിശദാംശങ്ങൾ കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം എഴിലേക്ക് മാറ്റി.