‘വാക്‌സിനെടുക്കൂ, സൗജന്യമായി ബിയര്‍ കുടിക്കാം’; വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ പ്രഖ്യാപനവുമായി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടി പുതിയ പ്രഖ്യാപനവുമായി വൈറ്റ് ഹൗസ്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുന്നതാണ് പദ്ധതി.
സ്വാതന്ത്യ ദിനമായ ജൂലൈ നാലിന് മുമ്പ് ഏറ്റവും കൂടുതല്‍ ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

രാജ്യത്തെ 70 ശതമാനം ആളുകളിലേക്കും വാക്‌സിന്‍ എത്തിക്കാനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്. വാക്‌സിനേഷന്‍ പ്രോത്സാഹിക്കാന്‍ നിരവധി പദ്ധതികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വാക്‌സിനേഷന്റെ പ്രയോജനവും പ്രാധാന്യവും ജനങ്ങളിലേക്കെത്തിക്കാന്‍ സ്വകാര്യ മേഖലയുടേയും പൊതുമേഖലയുടേയും പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.

വാക്‌സിന്‍ എടുക്കാന്‍ പേടി വേണ്ടെന്നും വാക്‌സിനെടുത്ത് ബിയര്‍ കഴിച്ച് സന്തോഷത്തോടെ ജീവിക്കൂ എന്നാണ് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ബൈഡന്‍ ആഹ്വാനം ചെയ്തത്. രാജ്യത്തെ ജനങ്ങളിലെ 62.8 ശതമാനം പേര്‍ ഇതുവരെ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുള്ളവരാണ്.

133.6 ദശലക്ഷം പേര്‍ പൂര്‍ണ്ണമായി വാക്‌സിന്‍ സ്വീകരിച്ചവരാണ്. വാക്‌സിന്‍ സ്വീകരിച്ച കൊവിഡില്‍ നിന്ന് സ്വാതന്ത്ര്യം നേടാനും ഒരു വര്‍ഷത്തിലേറെയായി ജീവിതത്തില്‍ ബാധിച്ചിരിക്കുന്ന ദുരിതത്തിന്റെ പിടിയില്‍ നിന്ന് രക്ഷ നേടാനും ബൈഡന്‍ ആഹ്വാനം ചെയ്തു.