യുഡിഎഫിനെതിരെ രൂക്ഷപരിഹാസവുമായി എസ്എന്‍ഡിപി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പുതിയ പ്രതിപക്ഷ നേതാവ് വന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകാന്‍ പോകുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണിതാവായി എത്തിയ ശേഷമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
യുഡിഎഫില്‍ എനിക്കിനി യാതൊരു പ്രതീക്ഷയും ഇല്ല. പുതിയ പ്രതിപക്ഷ നേതാവ് വന്നാല്‍ എങ്ങനെയിരിക്കുമെന്ന് ചോദിച്ചാല്‍, മച്ചിപ്പശുവിനെ പിടിച്ച് തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ പ്രസവിക്കുമോ? അത്രേ ഞാന്‍ പറയുന്നുള്ളു.
വെള്ളാപ്പള്ളി നടേശന്
എല്ലാവരും പുതിയ മന്ത്രിമാരായത് വളരെ നന്നായി. വള്ളിനിക്കറിട്ട് രാഷ്ട്രീയത്തില്‍ വന്നിട്ട് രാഷ്ട്രീയത്തില്‍ നേതാവായി നില്ക്കണമെന്നുള്ള ശൈലിക്ക് മാറ്റം വരുത്തി. ആ മാറ്റം എന്നും രാഷ്ട്രീയരംഗത്ത് വരുന്നവര്‍ക്ക് ഒരു ശുഭപ്രതീക്ഷയാണ്. നാളെ ഞങ്ങള്‍ക്കും ഒരു മന്ത്രിയാവാനൊക്കെ സാധിക്കുമെന്ന പ്രതീക്ഷയാണ് അവര്‍ക്ക് നല്‍കുന്നത്. അഞ്ച് കൊല്ലം മന്ത്രിയായിക്കഴിഞ്ഞാല്‍ അവരെ മാറ്റുമെന്നത് ജനങ്ങള്‍ അംഗീകരിക്കുമെന്നത് തെളിഞ്ഞുകഴിഞ്ഞു. ഒരു മന്ത്രിക്ക് വേണ്ടി വക്കാലത്ത് പിടിച്ച് മാധ്യമങ്ങളാണ് കുഴപ്പം ഉണ്ടാക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
കെ കെ ശൈലജ ടീച്ചറിന് എന്താണ് മാഹാത്മ്യം ഉള്ളത്. അങ്ങനെയാണെങ്കില്‍ മണിയാശാന് അതിലും മാഹാത്മ്യം ഇല്ലേ.
വെള്ളാപ്പള്ളി
മണിയാശാനെ പൊക്കാനാരുമില്ലല്ലേ. ഏതു മന്ത്രിയുടെയും പുറകില്‍ ഒരു ശക്തിയുണ്ട്. അത് ത്യാഗോജ്ജ്വലമായി പ്രവര്‍ത്തിക്കുന്ന കുറച്ച് ഉദ്യോഗസ്ഥരാണ്. അവരെപ്പറ്റി ആരും പറയുന്നില്ല. ഉദ്യോഗസ്ഥവൃന്തം പറയുന്നത് കേട്ട് നന്നായി പ്രവര്‍ത്തിച്ചാല്‍ എല്ലാവരും നല്ല മന്ത്രിമാരാകും. ശൈലജ ടീച്ചര്‍ നല്ല മന്ത്രിയായിരുന്നു. പുതുമുഖങ്ങള്‍ വരട്ടെ, അപ്പോ പുതിയ ഭാവവും രൂപവും ഉണ്ടാകും. അത് രാജ്യത്തിനും ഭരണത്തിനും ഏറെ നന്മ ചെയ്യുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.