‘സ്ത്രീധനം വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ജോലിയുണ്ടാകില്ല’; തൊഴില്‍ കരാറില്‍ സമ്മതപത്രം നിര്‍ബന്ധമാക്കി സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ്

സ്ത്രീധനവിരുദ്ധ പോളിസി ഏരീസ് ഗ്രൂപ്പിന്റെ തൊഴില്‍ നയത്തിന്റെ ഭാഗമാക്കിയെന്ന് ചെയര്‍മാനും സിനിമാ സംവിധായകനുമായ സോഹന്‍ റോയി. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നവര്‍ക്ക് കമ്പനിയില്‍ നിന്ന് പിരിഞ്ഞു പോകേണ്ടി വരുമെന്നും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും സോഹന്‍ റോയി പറഞ്ഞു. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ‘ആന്റി ഡൗറി പോളിസി’ നിയപരമായി തൊഴില്‍നയത്തിന്റെ ഭാഗമായെന്ന് സോഹന്‍ റോയി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാ വനിതാ ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും, ഇതുസംബന്ധമായി നിയമപരവും ധാര്‍മ്മികവുമായ പൂര്‍ണ്ണ പിന്തുണ ഏരീസ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു.

സോഹന്‍ റോയി

ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ഈ സ്ത്രീധന വിരുദ്ധ നയം അടിയന്തര പ്രാധാന്യത്തോടെ ബാധകമാക്കിയിരിക്കുന്നതിനാല്‍ ഇതനുസരിച്ച്, ഭാവിയില്‍ സ്ത്രീധനം സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ജീവനക്കാരായി തുടരുവാന്‍ യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ല. ജീവനക്കാരുടെ ഭാര്യമാരോ അവരുടെ മാതാപിതാക്കളോ സ്ത്രീധന സംബന്ധമായ ദേഹോപദ്രവങ്ങളെ സംബന്ധിച്ച് പരാതിപ്പെട്ടാല്‍, അത് ഗുരുതരമായ നയ ലംഘനമായി കണക്കാക്കുകയും, അത്തരം ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്ഥാപനം സ്വീകരിക്കും.

കരാര്‍ ഒപ്പിടുകയോ പുതുക്കുകയോ ചെയ്യുന്ന സമയത്ത് ഈ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ‘ഏരീസ് ആന്റി ഡൗറി പോളിസി’ അംഗീകരിച്ചതായുള്ള സമ്മതപത്രം നല്‍കേണ്ടതാണ്.

ഏരീസ് മാനേജ്‌മെന്റ്

പതിനാറോളം രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്കിടയിലും സ്ത്രീധന വിരുദ്ധ ക്യാംപെയ്ന്‍ ശക്തമാക്കും. ലോകത്ത് ആദ്യമായി ഈ നയം നടപ്പിലാക്കുന്ന ഇന്ത്യന്‍ സ്ഥാപനമെന്നതില്‍ അഭിമാനമുണ്ടെന്ന് സോഹന്‍ റോയി ഫേസ്ബുക്കില്‍ കുറിച്ചു.

സ്ത്രീധനവുമായി ബന്ധപ്പെട്ട എരീസ് ജീവനക്കാരുടെ പരാതികളില്‍ തീരുമാനമെടുക്കാന്‍ സ്ത്രീ ജീവനക്കാര്‍ക്കോ ജീവനക്കാരുടെ പങ്കാളികള്‍ക്കോ ഭൂരിപക്ഷമുള്ള ഒരു ‘ആന്റി ഡൗറി സെല്‍’ രൂപീകരിക്കും. മുന്‍കാലങ്ങളില്‍ ഇതുസംബന്ധിച്ച ഏതെങ്കിലും പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അവ സ്വഭാവദൂഷ്യം ആയി പരിഗണിച്ച് കുടുംബപ്രശ്നങ്ങള്‍ ഉണ്ടായതില്‍ പശ്ചാത്തപിക്കുന്ന ജീവനക്കാര്‍ക്ക്, ശരിയായ കൗണ്‍സലിങ്ങ് നല്‍കും

സ്ത്രീധനം കൊടുക്കേണ്ടി വന്നത് മൂലം ഏതെങ്കിലും മാതാപിതാക്കള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍, ആ കടങ്ങള്‍ തീര്‍ത്തു കൊടുക്കേണ്ടത് അതിന്റെ ഗുണഭോക്താവായ ജീവനക്കാരന്റെ ധാര്‍മിക ഉത്തരവാദിത്വമാണ്. സമൂഹത്തില്‍ നിന്ന് സ്ത്രീധനം നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ പര്യാപ്തമായ എല്ലാ സ്ത്രീധനവിരുദ്ധ കാമ്പയിനുകള്‍ക്കും ഏരീസ് ഗ്രൂപ്പ് പൂര്‍ണമായ പിന്തുണ നല്‍കും. ‘ആന്റി ഡൗറി അംബാസ്സഡര്‍’ എന്ന പേരില്‍ ഒരു പുരസ്‌കാരം പ്രഖ്യാപിക്കാനും, സ്ഥാപനത്തിനുള്ളിലോ പുറത്തോ ക്രിയാത്മകവും ഫലപ്രദവുമായ പ്രവര്‍ത്തനത്തിലൂടെ സ്ത്രീധനവിരുദ്ധ പ്രചാരണം ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു വ്യക്തിക്ക് അത് നല്‍കാനും തീരുമാനിച്ചിരിക്കുന്നതായും ഏരീസ് മാനേജ്‌മെന്റിന്റെ പത്രക്കുറിപ്പിലുണ്ട്.