‘സാവകാശം, ആലോചിച്ച് മതി’; നേതൃമാറ്റ മുറവിളികള്‍ക്കിടെ തന്ത്രപരമായ നിലപാട് തുടര്‍ന്ന് കെ സുധാകരന്‍

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ മുറവിളികള്‍ ഉയരവെ സംയമനം പാലിച്ച് മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ പുറത്ത് പറയൂ എന്ന് സുധാകരന്‍ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയും ഹൈക്കമാന്‍ഡുമാണ്. തിരുത്തല്‍ നടപടി വേണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും കോണ്‍ഗ്രസ് എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.

സാവകാശം, ആലോചിച്ച് വേണ്ടുന്ന കാര്യം ബുദ്ധപൂര്‍വ്വം ചെയ്താല്‍ മതി. തിരക്കിട്ട് നീങ്ങേണ്ട കാര്യമൊന്നുമില്ല ഇപ്പോള്‍. അങ്ങനെയൊരു അത്യാവശ്യമൊന്നുമില്ലല്ലോ. ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സമയവും സാവകാശവുമുണ്ട്.

കെ സുധാകരന്‍

മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ സുധാകരനെയോ കെ മുരളീധരനെയോ കെപിസിസി അദ്ധ്യക്ഷനാക്കിയേക്കുമെന്ന നിരീക്ഷണങ്ങള്‍ക്കിടെയാണ് സുധാകരന്റെ പ്രതികരണം. കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെ സുധാകരന് അല്ലാതെ കോണ്‍ഗ്രസിനെ ചലിപ്പിക്കാനാകില്ലെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് പറഞ്ഞു. ജനപിന്തുണയും ആജ്ഞാശക്തിയും ഉള്ള നേതാവാണ് കെ സുധാകരന്‍. ഇത് എ കെ ആന്റണിയടക്കമുള്ള എഐസിസി നേതൃത്വത്തിന് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് സംഘടനാതലത്തില്‍ ആകെ അഴിച്ചുപണി അനിവാര്യമാണ്. കേരളത്തിലെ ഒട്ടുമിക്ക നേതാക്കള്‍ക്കും ഇതേ അഭിപ്രായമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കെ സുധാകരനെ വേണ്ട വിധത്തില്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അംഗീകാരം കിട്ടിയാല്‍ ആരും എതിര്‍ക്കില്ലെന്നും തിരുവഞ്ചൂര്‍ പറയുകയുണ്ടായി.

കെ സുധാകരന്‍ പറഞ്ഞത്

“അത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ പുറത്തുപറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. താല്‍പര്യമില്ലാത്തതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കാത്തത്. എന്നെ എന്റെ വഴിക്ക് വിടുക, പ്ലീസ്. ഓരോരുത്തരും അവരുടെ അഭിപ്രായം പറയുന്നുണ്ടാകും. തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ഹൈക്കമാന്‍ഡുമാണ്. തിരുത്തല്‍ നടപടി വേണമെന്ന് എനിക്ക് അഭിപ്രായമില്ല. സാവകാശം, ആലോചിച്ച് വേണ്ടുന്ന കാര്യം ബുദ്ധപൂര്‍വ്വം ചെയ്താല്‍ മതി. തിരക്കിട്ട് നീങ്ങേണ്ട കാര്യമൊന്നുമില്ല ഇപ്പോള്‍. അങ്ങനെയൊരു അത്യാവശ്യമൊന്നുമില്ലല്ലോ. ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സമയവും സാവകാശവുമുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. വെള്ളിയാഴ്ച്ച ചേരുന്ന രാഷ്ട്രീയ കാര്യ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. അതിനകത്ത് ചര്‍ച്ച നടത്തും ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കും. സാവകാശം അതിന് യുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡിന് അറിയാം. ഹൈക്കമാന്‍ഡ് തീരുമാനിക്കുമ്പോള്‍ നമ്മളത് സ്വീകരിക്കും.”