സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓക്സിജന്‍ ക്ഷാമം വലിയ തോതില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. പ്രത്യേക ആശങ്കയ്ക്ക് സാഹചര്യമില്ല. ഓക്സിജന്‍ ലഭ്യത ഉറപ്പുവരുന്നതിന് ഓക്സിജന്‍ വാര് റൂം സജ്ജമാക്കിയിട്ടുണ്ട്. എല്ലായിടത്തും ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം നല്കി. മതിയായ കരുതല്‍ ഓക്സിജന്‍ ശേഖരത്തിന് കേന്ദ്ര സഹായം ആവശ്യമാണ്. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത ഓക്സിജനില്‍ 1000 മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണം. അടിയന്തരമായി 500 മെട്രിക് ടണ്‍ ഓക്സിജന്‍ അനുവദിക്കണം. വാക്സിന് അനുവദിക്കുമ്പോള്‍ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരേയും പരിഗണിക്കണം. കേന്ദ്ര സര്‍ക്കാരുമായി യോജിച്ചുകൊണ്ട് കൊവിഡ് മഹാമാരിയെ നേടുമെന്ന ഉറപ്പും പ്രധാനമന്ത്രിക്ക് അയച്ച കത്തിലുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കും.
മുഖ്യമന്ത്രി
ഐസിയു, ഓക്സിജന്‍ കിടക്കകള്‍ നിറയുന്ന അവസ്ഥയുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ 2857 ഐസിയു കിടക്കകളുണ്ട്. ഇതില്‍ 996 കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി നീക്കിവെച്ചു. കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ വേണ്ടി വരും. ഇതിനായി ഹോസ്റ്റലുകളും ലോഡ്ജുകളും ഉപയോഗിക്കേണ്ടി വരും.
സ്വകാര്യ ആശുപത്രികളില്‍ 7085 കിടക്കകളുണ്ട്. ഇതില്‍ 1037 കിടക്കകള്‍ കൊവിഡ് ചികിത്സക്കായി നീക്കിവെച്ചു. സ്വകാര്യമേഖലയില്‍ 3231 ഓക്സിജന്‍ കിടക്കകളുണ്ട്. ഇതില്‍ 1231 കിടക്കകളില്‍ കൊവിഡ് രോഗികളാണ്. തിരുവനന്തപുരത്ത് 300 കിടക്കകളുള്ള ഒരു സെക്കന്‍ഡ് ലൈന്‍ ആശുപത്രി കൂടി ഏറ്റെടുത്തു. ആദിവാസികള്‍ക്ക് ഊരുകളില്‍ തന്നെ വാക്സിനേഷന് നടത്തും. അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ലേബര്‍ ഓഫീസില്‍ ഹെല്പ് ലൈന്‍ ആരംഭിച്ചു. കെഎസ്ഇബിയും ജല അതോറിറ്റിയും കുടിശ്ശിക പിരിവ് നിര്‍ത്തിവെയ്ക്കും. റിക്കവറി നടപടികള്‍ നിര്‍ത്തവയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. സ്വദേശത്തും വിദേശത്തുമുള്ള സന്നദ്ധ സംഘടനകള്‍ക്ക് റിലീഫ് ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. സഹായങ്ങള്‍ നേരിട്ടോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ നല്‍കാവുന്നതാണ്. വിദേശ ഏജന്‍സികളുടെ വിവരങ്ങള്‍ നോര്‍ക്ക പരിശോധിച്ച് അംഗീകാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ‘രോഗവ്യാപന വേഗത കുറയ്ക്കാന്‍ സഹകരിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ വരും’; ഡോ. അഷീല്‍
ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6466, കോഴിക്കോട് 5078, മലപ്പുറം 3932, തൃശൂര്‍ 3705, തിരുവനന്തപുരം 3267, കോട്ടയം 3174, ആലപ്പുഴ 2947, കൊല്ലം 2936, പാലക്കാട് 1048, കണ്ണൂര്‍ 1906, ഇടുക്കി 1326, പത്തനംതിട്ട 1236, കാസര്‍ഗോഡ് 1007, വയനാട് 868 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
117 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 38, കാസര്‍ഗോഡ് 16, എറണാകുളം 14, പത്തനംതിട്ട 11, പാലക്കാട് 10, തൃശൂര്‍ 9, വയനാട് 8, കൊല്ലം, ഇടുക്കി 3 വീതം, തിരുവനന്തപുരം, കോട്ടയം 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,106 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2221, കൊല്ലം 2745, പത്തനംതിട്ട 565, ആലപ്പുഴ 1456, കോട്ടയം 2053, ഇടുക്കി 326, എറണാകുളം 2732, തൃശൂര്‍ 1532, പാലക്കാട് 998, മലപ്പുറം 2711, കോഴിക്കോട് 3762, വയനാട് 300, കണ്ണൂര്‍ 1590, കാസര്‍ഗോഡ് 115 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,75,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,62,363 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,84,193 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,55,453 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,740 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3868 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 715 ഹോട്ട് സ്പോട്ടുകളാണുള്ളത്.