ജിഫ്രി തങ്ങൾ വീണ്ടും; ‘പാർട്ടികൾക്ക് ആളെയുണ്ടാക്കലല്ല ഞങ്ങളുടെ പണി, സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാവില്ല’

കമ്മ്യൂണിസത്തോട് ജാഗ്രത പുലർത്തണമെന്ന പ്രമേയമുയർത്തിയ വിവാദങ്ങൾക്ക് പിന്നാലെ സമസ്‌തയെ ആർക്കും ഹൈജാക്ക് ചെയ്യാനാവില്ലെന്ന് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ആളെ ഉണ്ടാക്കലല്ല സമസ്തയുടെ ജോലിയെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. സമസ്തയെ ലീഗ് കയ്യടക്കിയിരിക്കുകയാണെന്ന മന്ത്രി വി അബ്ദുറഹ്‌മാന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്ത് നടന്ന സമസ്ത സമ്മേളനത്തിൽ മതനിരാസം ചൂണ്ടിക്കാട്ടി കമ്മ്യൂണിസത്തോട് ജാഗ്രത പുലർത്തണമെന്ന് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല പാസാക്കിയതെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു.

“സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ ഒരിക്കലും സാധ്യമല്ല,” എന്നാണ് രാഷ്ട്രീയ വിഷയങ്ങളിലെ നിലപാടുകൾ ചൂണ്ടിക്കാട്ടി സമസ്തയെ ലീഗ് നിയന്ത്രിക്കുകയാണെന്ന ആരോപണങ്ങൾക്ക് മറുപടിയായായി അദ്ദേഹം പറഞ്ഞത്. സമസ്‌തയുടെ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്നവർ ലീഗിന് വളമാകുന്നുവെന്ന ആരോപണത്തെയും അദ്ദേഹം തള്ളി. “രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആളെയുണ്ടാക്കലല്ല സമസ്തയുടെ പണി. ഞങ്ങളുടെ സ്ഥാപനങ്ങളിലൊന്നും ഞാൻ മനസ്സിലാക്കിയിടത്തോളം രാഷ്ട്രീയം പഠിപ്പിക്കുന്നില്ല.” രാഷ്ട്രീയം എന്ന് പറയുന്നത് പഠിപ്പിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ലോകത്ത് ജീവിക്കുന്നവർക്ക് പല അഭിപ്രായങ്ങളും ഉണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കോ, ലീഗിനോ എതിരല്ല സമസ്തയെന്നും വ്യക്തമാക്കി.

എന്നാൽ കമ്മ്യൂണിസത്തിനെതിരായ പ്രമേയ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. അതേസമയം ലീഗ് സമസ്തയുടേതെന്ന എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ പ്രസ്താവനയും ജിഫ്രി തങ്ങൾ തള്ളി.

“ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാദ്ധ്യാപനം നൽകുന്ന കമ്മ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മത നിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു എന്നാണ് സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ ഒരു ഖണ്ഡിക. ഭരിക്കുന്ന സര്‍ക്കാരുമായി യോജിച്ചുപോകുന്നതാണ് സമസ്ത നിലപാടെന്ന് ജിഫ്രി തങ്ങൾ ഇതേ സമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു.

പ്രമേയത്തെ ജിഫ്രി തങ്ങള്‍ എതിർത്തതിന് പിന്നാലെ മന്ത്രി വി. അബ്ദുറഹിമാൻ സമസ്തയെ ഹൈജാക്ക് ചെയ്യാനാണ് ലീഗ് ശ്രമമെന്നും ഇതിന്റെ ഭാഗമാണ് സമസ്ത സമ്മേളനത്തിലെ പ്രമേയമെന്നും ആരോപിച്ചിരുന്നു.