‘ഇപ്പോഴും നടക്കുന്നുണ്ടല്ലോ’; സോഷ്യല്‍ മീഡിയ വ്യക്തിയധിക്ഷേപങ്ങളില്‍ തനിക്ക് കുഴപ്പമില്ലെന്ന് ചെന്നിത്തല

സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ തുടരുന്ന പരിഹാസ ട്രോളുകളോട് പ്രതികരിച്ച് രമേശ് ചെന്നിത്തല. നവമാധ്യമങ്ങളിലൂടെയുള്ള വ്യക്തി അധിക്ഷേപമൊന്നും തനിക്ക് കുഴപ്പമില്ലെന്ന് ചെന്നിത്തല പറഞ്ഞു. അത് ഇപ്പോഴും നടക്കുന്നുണ്ടല്ലോ. രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇടയില്‍ നമ്മളെ എല്ലാവരും പുകഴ്ത്തിയാല്‍ മാത്രം പോരാ. വിമര്‍ശിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

പ്രതിപക്ഷ നേതൃസ്ഥാനമൊഴിയാന്‍ താന്‍ തീരുമാനിച്ചിരുന്നെന്ന് രമേശ് ചെന്നിത്തല. ഒരു അവസരം കൂടി വേണമെന്ന് വ്യക്തിപരമായി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഞാന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതാണ്. അപ്പോള്‍ യുഡിഎഫിനെ മുന്നോട്ട് നയിക്കാന്‍ ഈ സ്ഥാനത്ത് തുടരണമെന്ന് നേതാക്കന്മാരാണ് ആവശ്യപ്പെട്ടത്. എനിക്കിപ്പോള്‍ അതില്‍ പ്രത്യേകിച്ചൊന്നുമില്ല. സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന ഒരാളല്ല ഞാന്‍. എനിക്കതിന്റെ ആവശ്യമില്ല. ഏതായാലും ഹരിപ്പാട്ടെ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടല്ലോ തനിക്ക് അത് മതിയെന്നും ചെന്നിത്തല പറഞ്ഞു. മാറ്റം ഇങ്ങനെയാണോ ഉണ്ടാകേണ്ടിയിരുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ.

ബൈഗോണ്‍ ഈസ് ബൈഗോണ്‍, കഴിഞ്ഞുപോയ കാര്യങ്ങളേക്കുറിച്ച് ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല.

രമേശ് ചെന്നിത്തല

എന്നെ മാറ്റിയതില്‍ വിഷമമുണ്ടോയെന്നതൊന്നും ഇപ്പോള്‍ ചര്‍ച്ചാ വിഷയമല്ല. കോണ്‍ഗ്രസിനും യുഡിഎഫിനും തിരിച്ചുവരവിലേക്കുള്ള പാതയൊരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെ. ഞാന്‍ ഇനി അതിനേപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല.

എനിക്ക് യാതൊരു നിരാശയുമില്ല. കാരണം ഒരു പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രതിപക്ഷത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ എനിക്ക് സന്തോഷമേയുള്ളൂ. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ ചെയ്യാനാഗ്രഹിച്ച കാര്യങ്ങള്‍ പൂര്‍ണമായും ചെയ്തിട്ടുണ്ട്. പ്രതിപക്ഷധര്‍മ്മം പൂര്‍ണമായി നിറവേറ്റിയിട്ടുണ്ട്.

സ്വാഭാവികമായും എന്റെ ഒരു പോരാട്ടമായിരുന്നു ഇടതുമുന്നണി സര്‍ക്കാരിനെതിരായി. അത് ഇന്നലെ മുഖ്യമന്ത്രിയുടെ പ്രതികരണം കേട്ടാല്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകുമല്ലോ. എനിക്കേതായാലും പിണറായി വിജയന്റെ അടുത്ത് നിന്ന് ഒരു സര്‍ട്ടിഫിക്കറ്റിന്റേയും ആവശ്യമില്ല.

രമേശ് ചെന്നിത്തല

കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവരാനുമുള്ള എന്റെ നീക്കം ഞാന്‍ നടത്തി. അതെന്റെ ധര്‍മ്മമാണ്. അതില്‍ പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം എനിക്കില്ല. ആ പോരാട്ടം ഞാന്‍ തുടരും.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നേതാവിനെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചു. ഞാന്‍ പിന്താങ്ങി. അതില്‍ കോണ്‍ഗ്രസിന്റെ ഒരു തീരുമാനമുണ്ടായിരിക്കുന്നു. അതിനെ എല്ലാവരും അംഗീകരിക്കുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടുകൂടി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നെ വിളിച്ച് തീരുമാനം ഇതാണെന്ന് പറഞ്ഞിരുന്നു.

കെപിസിസിയില്‍ എന്ത് വേണമെന്നുള്ളത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഏത് തീരുമാനമെടുത്താലും അംഗീകരിക്കും. തീര്‍ച്ചയായും പൂര്‍ണപിന്തുണ വി ഡി സതീശന് ലഭിക്കും. അതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഒരു തീരുമാനമെടുത്താല്‍ എല്ലാ കോണ്‍ഗ്രസുകാരും അത് അംഗീകരിക്കും. ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും ശക്തമായി മുന്നോട്ടുനയിക്കാന്‍ വി ഡി സതീശന് കഴിയട്ടെ. വലിയ വെല്ലുവിളി നിറഞ്ഞ ഒരു സന്ദര്‍ഭമാണ്. എല്ലാവരും യോജിച്ചു നിന്നുകൊണ്ട് പാര്‍ട്ടിയേയും യുഡിഎഫിനേയും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണ്. അതിന് വേണ്ടി കൂട്ടായ ശ്രമങ്ങളുണ്ടാകണം. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് യുഡിഎഫിന്റെ തിരിച്ചുവരവിനായുള്ള പാതയൊരുക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.